ദോഹ-ഇൻകാസ് ഖത്തർ (ഒ.ഐ.സി. സി) വിഭാഗീയത മറനീക്കി പുറത്ത്. ഇന്ദിരാജി ജന്മശതാബ്ദി ആഘോഷം ഇരു വിഭാഗവും വേറിട്ട് ആഘോഷിച്ചു. സെൻട്രൽ കമ്മിറ്റിയെ വെല്ലുവിളിച്ചും തെറ്റായ തീരുമാനമെടുത്ത കെ.പി.സി.സിയെ ശക്തി ബോധ്യപ്പെടുത്താനുമായി വിമത വിഭാഗവും, ഔദ്യോഗിക വിഭാഗമായ സെൻട്രൽ കമ്മിറ്റിയും ഇന്ത്യൻ എംബസിക്ക് കീഴിലെ സാംസ്‌കാരിക വിഭാഗമായ ഐ.സി.സിയിൽ രണ്ടിടങ്ങളിലായാണ് ഇന്ദിരാജി ജന്മശതാബ്ദി ആഘോഷം സംഘടിപ്പിച്ചത്. അശോക ഹാളിൽ വൻ ജന പങ്കാളിത്തത്തോടെ ഇൻകാസ് ജില്ലാ കമ്മിറ്റികളുടെ കൂട്ടായ്മ എന്ന പേരിലാണ് സെൻട്രൽ കമ്മിറ്റിയെ വെല്ലുവിളിച്ച് ഒരു വിഭാഗം പരിപാടി നടത്തിയത്. സെൻട്രൽ കമ്മിറ്റിയുടെ പരിപാടി ഇതേ കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ മുംബൈ ഹാളിലും നടന്നു. തിങ്ങിനിറഞ്ഞ സദസ്സിൽ നടന്ന പരിപാടിയിൽ കെ.പി.സി.സി അംഗം ഐ.മൂസ മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജോൺ ഗിൽബർട്ടിൻെറ അധ്യക്ഷതയിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി കെ.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നഈം മുല്ലങ്ങൽ, ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് തോമസ് കണ്ണങ്കര, ഇൻകാസ് ജനറൽ സെക്രട്ടറി സിദ്ദീഖ് പുറായിൽ, നിയാസ് കണ്ണൂർ, കരീം നടക്കൽ തുടങ്ങിയവർ സംസാരിച്ചു.
ജില്ല കമ്മിറ്റികളുടെ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി കോട്ടയം ഡി.സി.സി മുൻ പ്രസിഡന്റ് അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഡേവീസ് എടശ്ശേരി അധ്യക്ഷത വഹിച്ചു. പാലക്കാട് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫിറോസ് ബാബു, ഇൻകാസ് ജനറൽ സെക്രട്ടറി നാരായണൻ കരിയാട്, ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഇൻകാസ് ട്രഷറർ ഹാൻസ രാജ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കൂട്ടായ്മകളുടെ പരിപാടിയിലും പങ്കെടുത്ത് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് തോമസ് കണ്ണങ്കര ഐക്യത്തിൻെറ മാതൃകയായി.
ഒ.ഐ.സി.സിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യന്റെ നിലപാടില്ലായ്മയാണ് ഖത്തറിൽ പ്രശ്‌നം വളഷളാക്കിയതെന്ന് ജില്ലാ കമ്മിറ്റികളുടെ കൂട്ടായ്മ പരിപാടിയുടെ മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തിൻെറ തെറ്റായ തീരുമാനങ്ങൾക്കെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളിലെ ഒ.ഐ.സി.സി ഭാരവാഹികളും അദ്ദേഹത്തെ കുറിച്ച് ഇതേ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. നിലവിലുളള ട്രഷറർ ഹൻസ രാജിനെ മാറ്റി ബിജു മുഹമ്മദിനെ ട്രഷററാക്കിയ കെ.പി.സി.സി നടപടി അംഗീകരിക്കില്ല. താൽക്കാലിക പ്രസിഡന്റായി കെ.പി.സി.സി നിയമിച്ച ജോൺ ഗിൽബർട്ടിനെയും അംഗീകരിക്കില്ല. ഇൻകാസിൽ രണ്ട് വിഭാഗങ്ങളുണ്ടെന്നും തർക്കം നിലനിൽക്കുന്നതിനാൽ സെൻട്രൽ കമ്മിറ്റി ഒരു പരിപാടിയും സംഘടിപ്പിക്കരുതെന്ന് ഭൂരിപക്ഷം നേതാക്കളും ഒപ്പിട്ട നിവേദനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് പുറായിലിന് നൽകിയിരുന്നു. എന്നാൽ തങ്ങളുടെ നിവേദനം മുഖവിലക്കെടുക്കാതെയാണ് ഇന്ന് സെൻട്രൽ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. ഇത്തരം സാഹചര്യത്തിൽ ഇൻകാസ് പ്രവർത്തകർ എവിടെ നിൽക്കുന്നുവെന്ന് കെ.പി.സി.സിയെ ബോധ്യപ്പെടുത്താനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി.എച്ച് നാരായണൻ പറഞ്ഞു. രണ്ട് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പോടെയാണ് ഇൻകാസിൽ അഭിപ്രായ ഭിന്നത ശക്തമായത്. പ്രശ്‌ന പരിഹാരത്തിന് ഏറെ വിട്ടുവീഴ്ച ചെയ്തതായും ഇനി മുട്ട് മടക്കാൻ സാധ്യമല്ലെന്നും ഇൻകാസ് മുൻ ജനറൽ സെക്രട്ടറിയും നിലവിലെ ഉപദേശക സമിതി ചെയർമാനുമായ മുഹമ്മദലി പൊന്നാനി പറഞ്ഞു.