കൊച്ചി- പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നൽകിയ പോലീസുകാർക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. കൺട്രോൾ റൂം എ.എസ്.ഐ ഷിബു ചെറിയാൻ, ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ എ.എസ്.ഐമാരായ ജോസ് ആന്റണി, ബിജു, കൂടാതെ സിവിൽ പോലീസ് ഓഫീസർമാരായ സിൽജൻ, ദിലീപ്, സദാനന്ദൻ തുടങ്ങിയവർക്കെതിരെയാണ് നടപടി. എറണാകുളം ജില്ലയിലെ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെ പോലീസ് സംഘടന നേതാക്കന്മാരാണ് ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യം ചെയ്യാനെത്തിയത്. എന്നിവർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവർ ചെന്നിത്തലയെ സ്വീകരിക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പോലീസിന് ഉള്ളിലെ കോൺഗ്രസുകാരിൽ രമേശ് ചെന്നിത്തല ഗ്രൂപ്പിലെ നേതാക്കളായാണ് ഈ ആറു പേരും അറിയപ്പെട്ടിരുന്നത്. കോൺഗ്രസ് ചായ്വുള്ള പോലീസുകാരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഫോട്ടോ എ ഗ്രൂപ്പുകാർ ചോർത്തി മാധ്യമങ്ങൾക്ക് നൽകിയെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് സംസ്ഥാന ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.