കേരളത്തിന്റെ കൗമാരതാരങ്ങൾ കലയുടെയും കരവിരുതിന്റെയും മൽസര വേദികളിൽ അണിനിരക്കുന്ന കാലമാണിത്. സംസ്ഥാന സ്‌കൂൾ കലോൽസവവും ശാസ്ത്രമേളയും വിദ്യാലയമനസ്സുകളെ ത്രസിപ്പിക്കുന്ന നാളുകളാണ് വരുന്നത്. കലാപ്രകടനങ്ങളുടെ മഹത്തായ പാരമ്പര്യ പാതകളിലൂടെ വളർന്നു വന്ന പ്രതിഭാ വേദികളിലെ പുത്തൻ തലമുറ കേരളത്തിന്റെ സാമൂഹികമായ പുരോഗതിക്കായി എന്ത് ബാക്കി വെക്കുന്നുവെന്ന ചോദ്യം ഇത്തവണയും ഉയരുന്നു. കലയിലൂടെ സാമൂഹികമായ ഉണർവ്വുണ്ടാക്കുകയെന്ന അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വഴിമാറി നടക്കുന്ന മൽസര വേദികൾ വാശിയുടെയും പ്രയോജനവാദത്തിന്റെയും തെറ്റായ സന്ദേശങ്ങളാണ് ബാക്കി വെക്കുന്നതെന്ന ആശങ്കകൾ വീണ്ടുമുയരുന്നു. ഗ്രേസ് മാർക്കിന് വേണ്ടിയുള്ള മൽസരങ്ങൾ മാത്രമായി കലാമേളകൾ അധപ്പതിക്കുന്നു. ശാസ്ത്രമേളകളാകട്ടെ പുതിയ ആശയങ്ങൾക്കും അതു വഴി ശാസ്ത്രപുരോഗതിക്കും അവസരമൊരുക്കാതെ കെട്ടുകാഴ്ചകളാകുന്നു. വൻ സാമ്പത്തിക ബാധ്യതകളുമായി അരങ്ങേറുന്ന മൽസരങ്ങൾ സമൂഹത്തിന് നൽകുന്ന സംഭാവനകൾ ചെറുതായി ചെറുതായി വരുന്നു.
സംസ്ഥാനത്ത് സ്‌കൂൾ തല മൽസരങ്ങൾ കഴിഞ്ഞ് കലാമേളകൾ സബ്ജില്ലാ തലത്തിലേക്ക് കടന്നിരിക്കുന്നു. മേളകളിൽ എല്ലാ കാലത്തും കാണുന്ന തെറ്റായ പ്രവണതകൾ ഇത്തവണയും പ്രകടം. പണക്കൊഴുക്കിന്റെ മേളകളാണ് ഇത്തവണയുമെന്ന് താഴെ തട്ടിൽ നിന്നു തന്നെ പ്രകടമായിത്തുടങ്ങി.അഭ്യസിച്ച കല മികവോടെ പ്രകടിപ്പിക്കുന്നതിലല്ല, മറിച്ച് എങ്ങിനെയെങ്കിലും ഗ്രേസ് മാർക്ക് നേടാനുള്ള സമ്മാനമുറപ്പിക്കാലാണ് ലക്ഷ്യമെന്ന് മൽസരാർഥികളും രക്ഷിതാക്കളും കലാഅധ്യാപകരും പറയാതെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. മേളകളുടെ വ്യതിചലനങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങളെല്ലാം ഇത്തവണയും കാറ്റിൽപ്പറക്കുമെന്ന സൂചനകളാണ് സബ്ജില്ലാ തലങ്ങളിൽ നിന്നു തന്നെ ലഭിക്കുന്നത്.
മൽസരങ്ങൾ ഗ്രേസ് മാർക്കിലേക്ക് കേന്ദ്രീകൃതമാകുന്ന പ്രവണത കലാവേദികളിൽ കൂടുതൽ പ്രകടമാകുകയാണ്. പത്തോ ഇരുപതോ മാർക്കിനായി ലക്ഷങ്ങൾ പൊടിക്കാൻ മടിയില്ലാതെയാണ് കുട്ടികളും രക്ഷിതാക്കളും മുന്നേറുന്നത്. ഇതിൽ നിന്ന് സാമ്പത്തിക വരുമാനമുണ്ടാക്കാനായി കലാ അധ്യാപകർ അവരെ പരമാവധി പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. അപ്പീലുകളുടെ പ്രളയം കലോൽസവങ്ങളുടെ മൽസര ക്രമങ്ങളെ തകിടം മറിക്കുന്ന വാർത്തകൾ കേരളം ഏറെ കേട്ടതാണ്. ഇത് നിയന്ത്രിക്കാനായി കലോൽസവ മാന്വൽ പരിഷ്‌കരണവും പുതിയ ചട്ടങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് എത്തുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഇത് നടപ്പാകുന്നില്ല. മുമ്പ് വിദ്യാഭ്യാസ വകുപ്പും കോടതികളും മുഖേന മാത്രമാണ് അപ്പീലുകൾ എത്തിയിരുന്നതെങ്കിൽ കുറച്ചു കാലമായി വിവിധ സർക്കാർ ഏജൻസികളുടെ ഉത്തരവുകളുമായി മൽസരത്തിനെത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇത്തവണ തൃശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിലും ഈ പ്രവണത പ്രകടമാകുമെന്നാണ് സൂചനകൾ.
സംസ്ഥാന മൽസരത്തിലേക്ക് ഏത് വിധേനയും എത്തുകയെന്ന വാശി കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഇനിയും വിട്ടുമാറിയിട്ടില്ല.രക്ഷിതാക്കളുടെ പണക്കൊഴുപ്പും പൊങ്ങച്ചവും കാണിക്കാനുള്ള കരുക്കളായി കുട്ടികൾ ഇപ്പോഴും നിലനിൽക്കുന്നു. കലാ അധ്യാപകരാകട്ടെ മൽസരങ്ങളിൽ നിന്നുള്ള വലിയ സാമ്പത്തിക നേട്ടങ്ങൾ മുന്നിൽ കണ്ട് അപ്പീലുകളെ പ്രോൽസാഹിപ്പിക്കുന്നു.
ഓരോ തലത്തിലും മൽസരിക്കാൻ വളഞ്ഞ വഴിയിലൂടെ സൗകര്യമൊരുക്കുന്ന അധ്യാപകരെ നയിക്കുന്നത് ഈ സാമ്പത്തിക ശാസ്ത്രമാണ്. കുട്ടികളുടെ ഉള്ളിലുള്ള കലാവാസനകളെ പ്രകടിപ്പിക്കാനുള്ള വേദി എന്ന അടിസ്ഥാന ആശയത്തിൽ നിന്ന് സ്‌കൂൾ കലോൽസവ വേദികൾ ഇപ്പോഴും വഴിമാറി നടക്കുകയാണ്. നൃത്ത അധ്യാപകരാണ് ഇത്തവണയും മൽസരങ്ങൾക്ക് വാശി കൂട്ടുന്നത്.
നൃത്ത ഇനങ്ങളിൽ വേഷത്തിനും ചമയത്തിനും പരിശീലനത്തിനുമായി പതിനായിരങ്ങളാണ് അവർക്ക് ഓരോ തലത്തിലും ലഭിക്കുന്നത്. സബ് ജില്ലയിൽ മൽസരാർഥി പുറകോട്ടു പോയാൽ അപ്പീലുകളിലൂടെ ജില്ലയിൽ മൽസരിപ്പിക്കാൻ അധ്യാപകർ രക്ഷിതാക്കളെ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു. കലാമൽസരങ്ങളുടെ ധാർമികച്യുതിയെ കുറിച്ച് അവർ വേവലാതിപ്പെടുന്നില്ല. വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന വരുമാനത്തിന്റെ സ്രോതസുകളെ പരമാവധി പിഴിഞ്ഞെടുക്കുക മാത്രമാണ് അവർ ലക്ഷ്യമിടുന്നത്.
നൃത്തവേദികളിൽ നിന്ന് നാടകവേദികളിലേക്കും പണക്കൊഴുപ്പ് പടർന്നു കയറിയിരിക്കുന്നു.
തനതു നാടക പ്രസ്ഥാനങ്ങളുടെ കാലത്ത് ഉടതുണിയും ചെണ്ടയും മാത്രമായി കുറഞ്ഞ ചെലവിൽ അരങ്ങിലെത്തിയിരുന്ന നടകങ്ങളെ ഇന്ന് പടികടത്തിയിരിക്കുന്നു. പ്രൊഫഷണൽ നാടകങ്ങളെ വെല്ലുന്ന രംഗസജ്ജീകരണങ്ങളുമായി നാടകം ലക്ഷങ്ങൾ പൊടിയുന്ന മൽസരമായി മാറി. അഭിനയമല്ല നാടകമെന്നും അലങ്കാരമാണ് നാടകമെന്നും പുതിയ അർഥങ്ങൾ രചിച്ച് ചെലവു കൂട്ടുകയാണ് നാടക സംവിധായകർ. ഇതിനും ഇരകളായി മാറുന്നത് വിദ്യാർഥികളും രക്ഷിതാക്കളും. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രക്ഷിതാക്കളും മാനേജ്‌മെന്റുകളും ഈ തെറ്റായ പ്രവണതക്കൊപ്പം നീന്തുന്നവരാണ്. സർക്കാർ വിദ്യാലയങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ മാത്രമാണ് പ്രതിഭയുടെ ശക്തിയിൽ നേർവഴിയിലൂടെ വേദിയിലെത്തുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ കലാമൽസരമായ സംസ്ഥാന സ്‌കൂൾ കലോൽസവം സമൂഹത്തിന് മുന്നിൽ അവശേഷിപ്പിക്കുന്ന നല്ല മാതൃകകൾ എന്താണെന്ന ചോദ്യം ഏറെകാലമായി ഉയരുന്നുണ്ട്.കലാമികവിന്റെ മാത്രം അടിസ്ഥാനത്തിൽ സമ്മാനിതരായിരുന്നവരുടെ കാലത്തെ തുടച്ചു മാറ്റി, പണമൊഴുക്കിന്റെയും അപ്പീൽ നേട്ടങ്ങളുടെയും കുതന്ത്രങ്ങളുടെ അരങ്ങാണ് ഇന്ന് നമുക്ക് മുന്നിലുള്ളതെന്ന യാഥാർഥ്യം കൂടുതൽ തെളിഞ്ഞു വരികയാണ്.സമ്മാനങ്ങൾ പോലും പിൻവാതിലിലൂടെ ഒരുക്കികൊടുക്കുന്ന സമ്മാനമാഫിയ വാഴുന്ന വേദികൂടിയാണ് കലോൽസവ നഗരികളെന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ പോലും കേരളത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.
കലോൽസവങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർ പിന്നീട് ഏങ്ങോട്ടു പോകുന്നുവെന്ന ചോദ്യവും ഏറെ കാലമായി കേരള സമൂഹത്തിന് മുന്നിലുണ്ട്. സമ്മാനത്തിലൂടെ കിട്ടിയ ഗ്രേസ് മാർക്കിന്റെ ബലത്തിൽ മികച്ച ജോലി തേടിപോകുന്നവരെ മാത്രം സൃഷ്ടിക്കുന്ന വേദികളാണ് കലാനഗരികളെന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. നൂറുകണക്കിന് പേർ വിജയികളായി അരങ്ങൊഴിയുമ്പോൾ അവരിൽ കലാരംഗത്ത് തുടരുന്നവർ ഏറെ വിരളം.വലിയ സാമൂഹിക മാധ്യമങ്ങളായ സിനിമയിലേക്കോ സീരിയലിലേക്കോ നാടകത്തിലേക്കോ ജീവിതത്തെ വഴിതിരിച്ചു വിടുന്നവരെ കണ്ടെത്താൻ ഏറെ പാടുപെടേണ്ടി വരും.കലാമേളയുടെ അടിസ്ഥാന ലക്ഷ്യം തന്നെ പാളിപ്പോകുന്ന കാഴ്ചകളാണ് നമുക്ക് മുന്നിലുള്ളത്.
കലാമേളകൾ പോലെ തന്നെ ഉദാത്തമായ ചില ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ സ്‌കൂൾ ശാസ്ത്രമേളകൾ നടത്തുന്നത്. അടുത്ത സംസ്ഥാന മേളക്ക് കോഴിക്കോട്ട് ഒരുക്കങ്ങൾ നടന്നു വരികയാണ്. എറെ കാലമായി ശാസ്ത്രമേളകളും അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചാണ് പോകുന്നത്. നൂതനവും തനതുമായ ശാസ്ത്ര മോഡലുകളും പരീക്ഷണങ്ങളും അവതരിപ്പിക്കുയെന്നതാണ് ശാസ്ത്രമേളയുടെ അടിസ്ഥാന ലക്ഷ്യം. കുട്ടികൾ ഉറങ്ങിക്കിടക്കുന്ന കരവിരുതുകൾ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയുമാണ് മേളകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇതും ഗ്രേസ് മാർക്കിന് വേണ്ടിയുള്ള കെട്ടികാഴ്ചയായി മാറുന്നു. ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട പുതിയ ചിന്തകൾക്ക് ഈ വേദികളിൽ ഇടമുണ്ടാകുന്നില്ല. ഇന്റർനെറ്റ് പരതി ലഭിക്കുന്ന മോഡലുകൾ അവതരിപ്പിച്ച് സമ്മാനവും ഗ്രേസ് മാർക്കും നേടുകയാണ് പുതിയ പ്രവണത. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലക്കോ ശാസ്ത്രമേഖലക്കോ ഉപകാരപ്രദമായ ഒരു കണ്ടെത്തലും മേളയിൽ ഏറെ കാലമായി അവതരിപ്പിക്കപ്പെടുന്നില്ലെന്നതാണ് ദുഖകരം. ഇതിനായി അധ്യാപകരോ വിദ്യാർഥികളോ ചെറിയ ശ്രമം പോലും നടത്തുന്നില്ലെന്നതും ആശങ്കയുണ്ടാക്കുന്നതാണ്.
മൽസരാർഥികളുടെ ജയപരാജയങ്ങൾക്കപ്പുറം ഇത്തരം മേളകൾ സമൂഹത്തിന്റെ പുരോഗതിക്കായി എന്തെങ്കിലും സംഭാവനകൾ നൽകേണ്ടതുണ്ട്. പണമെറിഞ്ഞു വാങ്ങുന്ന സമ്മാനത്തിനപ്പുറം വരും തലമുറക്കായി എന്ത് സാമൂഹിക മാറ്റമാണ് ഈ മേളകൾ ഒരുക്കി വക്കുന്നതെന്ന് നാം ചിന്തിക്കണം. വ്യതിയാനങ്ങൾക്കനുസരിച്ച് മാറുന്ന ചട്ടങ്ങൾ കടലാസിലൊതുങ്ങുകയാണ്. ഈ ചട്ടങ്ങൾ പ്രാവർത്തികമാക്കുന്നവതോടൊപ്പം സമൂഹത്തോടുള്ള പ്രതിബന്ധത തിരിച്ചറിയാനുള്ള മനോഭാവം മേളകളിലെ മൽസരാർഥികളിലും അവർക്കായി അരങ്ങൊരുക്കുന്നവരിലും വളർന്നു വരേണ്ടതുണ്ട്.