Sorry, you need to enable JavaScript to visit this website.

മലിന ജലം കുടിക്കുന്ന കേരളം 

കേരളം കുടിക്കുന്നത് മലിന ജലമാണെന്ന് ഔദ്യോഗിക രേഖകൾ തന്നെ വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് മാലിന്യപ്പെടാത്ത ജലസ്രോതസ്സുകൾ 27 ശതമാനം മാത്രമേയുള്ളൂവെന്നാണ്  പുതിയ കണ്ടെത്തൽ. 
സംസ്ഥാനത്ത് 3,606 ജലസ്രോതസ്സുകൾ പരിശോധിച്ചതിൽ മാലിന്യപ്പെടാത്തതായി കണ്ടെത്തിയത് 27 ശതമാനം മാത്രമെന്ന പഠന റിപ്പോർട്ട് കേരളീയരെയാകെ ഞെട്ടിക്കുന്നതാണ്. കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കിവരുന്ന പരിസ്ഥിതിസാക്ഷരത പദ്ധതിയുടെ 'ഭാഗമായി സംഘടിപ്പിച്ച ജലസ്രേതസ്സുകളുടെ സ്ഥിതിവിവര പഠനത്തിലാണ് പുതിയ കണ്ടെത്തൽ. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന പരിസ്ഥിതി സെമിനാറിൽവച്ച് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്. 
    റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 'ഭാഗികമായി മലിനപ്പെട്ടത് 46.10 ശതമാനമാണ്. പൂർണമായും മലിനപ്പെട്ടവ 26.90 ശതമാനവും. 'ഭാഗീകമായി മലിനപ്പെട്ട ജലസ്രോതസ്സുകൾ കുടിക്കാൻ ഒഴികെയുള്ള കാര്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നുണ്ട്. കുളിക്കുന്നതിനും അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷിക്കും ഉപയോഗിച്ചുവരുന്നുണ്ട്. 
എന്നാൽ വയനാട് ജില്ലയിൽ മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളും കുടിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ്  ജില്ലായിൽനിന്ന് ലഭിച്ച റിപ്പോർട്ട്. 'ഭാഗികമായി മലിനപ്പെട്ടവയെ പൂർവസ്ഥിതിയിൽ എത്തിക്കുക എളുപ്പം സാധ്യമായ കാര്യമാണ്. പൂർണമായി മലിനപ്പെട്ടതിനെ വീണ്ടെടുക്കുന്നതിനായി അടിയന്തരസ്വഭാവത്തിലുള്ള കർമപദ്ധതികൾ ആവിഷകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
    മലിനീകരണത്തിന്റെ കാരണങ്ങൾ ഇപ്രകാരമാണ്. ഖരമാലിന്യം 53%, ദ്രവമാലിന്യങ്ങൾ 16.97 %, ഗാർഹികമാലിന്യങ്ങൾ 23.24%, കൈയേറ്റം 7% എന്നിങ്ങനെയാണ്.
    മലിനജലം മൂലം മാലിന്യപ്പെട്ട ജലസ്രോതസ്സുകളുടെ കണക്ക് ഇപ്രകാരമാണ്. ഗാർഹികം 55.20%. ഇതിൽ ഹോട്ടലിൽ നിന്നുള്ള ജൈവമാലിന്യങ്ങളും ഉൾപ്പെടുന്നുണ്ട്. വ്യവസായസ്ഥാപനങ്ങളിൽ നിന്നുള്ള മലിനീകരണം 11% മാണ്. വാഹനം കഴുകുന്നതുമൂലമുള്ള മലിനീകരണം 25% വും കന്നുകാലികളെ കുളിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മലിനീകരണം 10.30%വും മറ്റുള്ളവ 3.50 ശതമാനവുമാണ.് ഖരമാലിന്യങ്ങൾ വലിയതോതിൽ ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഹോട്ടലുകളിൽനിന്നുള്ള മാലിന്യങ്ങൾ 40% ആണ്. ചപ്പുചവറുകൾകൊണ്ടുള്ള മാലിന്യങ്ങൾ 30.55%വും പ്ലാസ്റ്റിക്, കുപ്പി മുതലായവകൊണ്ടുള്ള മാലിന്യങ്ങൾ 20% വും മറ്റുള്ളവ 9% വുമാണ്.
    ജലസ്രോതസ്സുകൾ അപകടാവസ്ഥയിൽ ആയതിനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് സംരക്ഷണഭിത്തികളുടെ അഭാവമാണ്. പഠനം നടത്തിയവയിൽ 28%വും മണലൂറ്റൽ കൊണ്ട് അപകടാവസ്ഥയിലാണ്. കൈയേറ്റം കൊണ്ട് അപകടാവസ്ഥയിലായത് 7% വും മറ്റുള്ള കാരണങ്ങൾകൊണ്ട് അപകടാവസ്ഥയിലായത് 25% വുമാണ്.
    പഠനവിധേയമായ ജലസ്രോതസ്സുകളുടെ സമീപവാസികളിൽ 70% പേർക്കും ജലസ്രോതസ്സുകൾ മലിനമായതിന്റെ കാരണങ്ങളെക്കുറിച്ച് സാമാന്യധാരണയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 25% പേർ ഇക്കാര്യത്തിൽ ധാരണയില്ല എന്നാണ് അഭിപ്രായപ്പെട്ടത്. 5% പേർ അറിയില്ല എന്നും അഭിപ്രായപ്പെട്ടു. എന്നാൽ പരിസ്ഥിതി പ്രശ്‌നങ്ങളിൽ സാമാന്യധാരണയുണ്ട് എന്ന് അഭിപ്രായപ്പെട്ടവർക്കുപോലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ കഴിയുന്നില്ല എന്നാണ് ബോധ്യപ്പെട്ടത്.  ജലസ്രോതസുകളുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ 86% പേരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അത്തരം സംരംഭങ്ങൾ ഇല്ലാത്തതുമൂലം അവർക്ക് ഇതിൽ പങ്കാളികളാകാൻ കഴിയുന്നില്ല.  ജലസ്രോതസ്സുകളിൽ കാണുന്ന ജൈവവൈവിധ്യങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നും മത്സ്യസമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശികപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ ജലസ്രോതസ്സുകളുടെ കൈയേറ്റം അമിതമായ വളപ്രയോഗം, വയൽനികത്തൽ, അനിയന്ത്രിതമായ പാറപൊട്ടിക്കൽ, വനനശീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, നീരുറവകളും ചാലുകളും നികത്തൽ തുടങ്ങിയവ ജലസ്രോതസ്സുകളുടെ നാശത്തിനും മലിനീകരണത്തിനും കാരണമാവുന്നതായി റിപ്പോർട്ടിൽ പറയുന്നു.
    ജലസ്രോതസ്സുകളുടെ കാര്യത്തിൽ കേരളം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനു ബോധവൽക്കരണവും ജനകീയ ഇടപെടലുകളും ആവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനായി ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വിപുലമായ പരിസ്ഥിതി സാക്ഷരതാപരിപാടി സംഘടിപ്പിക്കണം. സർക്കാർ, സർക്കാർ ഇതര ഏജൻസികളും സാമൂഹ്യസന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒന്നാംഘട്ട സാക്ഷരതാ പ്രവർത്തനത്തിന്റെ മാതൃകയിൽ പരിസ്ഥിതി സാക്ഷരതാ പരിപാടികൾ സംഘടിപ്പിക്കണം. പരിസ്ഥിതി സാക്ഷരതാപരിപാടിയുടെ 'ഭാഗമായി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രാഥമിക പാഠങ്ങൾ ഉൾക്കൊള്ളുന്ന പാഠപുസ്തകം തയാറാക്കിവേണം പരിസ്ഥിതി സാക്ഷരതാക്ലാസുകൾ സംഘടിപ്പിക്കേണ്ടത്.
    നിലവിൽ പഠനവിധേയമായ ജലസ്രോതസ്സുകളുടെ സമീപത്തുള്ള വീടുകളെ കേന്ദ്രമാക്കി പരിസ്ഥിതി സാക്ഷരതാപരിപാടിയുടെ ആദ്യഘട്ടം ആരംഭിക്കാവുന്നതാണ്. എല്ലാ വാർഡുകളിലും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി ജനകീയഇടപെടലുകൾ സാധ്യമാക്കണം. പരിസ്ഥിതി സൗഹാർദജീവിതശൈലി ആർജിക്കുന്നതിന് ആവശ്യമായ പൗരവിദ്യാഭ്യാസം നൽകണം.
    ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ പ്രത്യേകം പ്രോജക്ട് വാർഷികപദ്ധതിയിൽ ആവിഷ്‌കരിക്കണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും കീഴിലുള്ള ജലസ്രോതസ്സുകളുടെ സമഗ്രമായ സ്ഥിതിവിവരപഠനം നടത്തുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള കർമപദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യണം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജലസ്രോതസ്സുകളുടെ നവീകരണം സാധ്യമാക്കാവുന്നതാണ്. ജലസ്രോതസ്സുകൾക്ക് സംരക്ഷണ ഭിത്തികൾ നിർമിക്കുക, ജലസ്രോതസ്സുകളുടെ ജൈവസാന്നിധ്യം വീണ്ടെടുക്കുക. ജലസ്രോതസ്സുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർക്കശമായി നടപ്പിലാക്കണം. സമ്പൂർണമായി മലിനപ്പെട്ട ജലസ്രോതസ്സുകൾ പൂർവസ്ഥിതിയിലേക്ക് വീണ്ടെടുക്കുന്നതിനും ഭാഗികമായി മലിനപ്പെട്ടതിനെ മാലിന്യ വിമുക്തമാക്കുന്നതിനുമുള്ള അടിയന്തര പദ്ധതികൾ ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കാം. മാലിന്യസംസ്‌കരണത്തിന് പ്രത്യേക ഊന്നൽ നൽകുന്ന പദ്ധതികൾ ആവിഷ്‌കരിക്കണം.
    പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിർമ്മിച്ച നിയമങ്ങൾ കർക്കശമായി നടപ്പാക്കാൻ സർക്കാർ സംവിധാനം ഉപയോഗിക്കണം. അമിത വളപ്രയോഗം, മണലൂറ്റൽ, കുന്നിടിക്കൽ, വയൽനികത്തൽ, ജലസ്രോതസ്സുകളുടെ കൈയേറ്റം, വനനശീകരണം, മാരകവിഷമുള്ള കീടനാശിനികളുടെ ഉപയോഗം, മാലിന്യനിക്ഷേപങ്ങൾ എന്നിവ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങളായി പ്രാദേശിക പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 
ഇക്കാര്യത്തിൽ നിലവിലെ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുടെ ഏകോപനം സാധ്യമാക്കുക, പരിസ്ഥിതി സൗഹാർദപരമായ വികസനപ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുക, ആദിവാസിമേഖലകൾ, പട്ടികജാതി കോളനികൾ, നഗരചേരിപ്രദേശങ്ങൾ, തീരദേശമേഖലകൾ എന്നിവടങ്ങളിൽ പ്രത്യേക പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ മാലിന്യനിർമാർജന പ്രവർത്തനം ഉൾപ്പെടുത്തിയുള്ള പാക്കേജ് ആവിഷ്‌കരിക്കുക, ഇത്തരം മേഖലകളിലെ പരിസ്ഥിതിപ്രശ്‌നങ്ങളും അതുമൂലം ജനജീവിതത്തിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും പഠിച്ച് റിപ്പോർട്ട് ചെയ്യാനായി സമിതിയെ നിയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്.
    പരിസ്ഥിതി സാക്ഷരത പദ്ധതിയുടെ 'ഭാഗമായാണ് ജലസ്രേതസ്സുകളുടെ സ്ഥിതിവിവരപഠനം നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പരിപാടി നടന്നു. ജനകീയ സംരംഭം എന്ന നിലയിലാണ് സ്ഥിതിവിവരപഠനം സംഘടിപ്പിച്ചത്. 2003 വാർഡുകളിലാണ് ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠനം നടന്നത്.  ഈ പരിപാടിയുടെ 'ഭാഗമായി 58,463 വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. എല്ലാ വാർഡുകളിലും വാർഡ് സാക്ഷരതാസമിതികളും പ്രാദേശിക പഠനസംഘങ്ങളും രൂപീകരിക്കുകയുണ്ടായി. ആകെ സർവേടീം അംഗങ്ങളായി 25,101 പേർ പങ്കെടുത്തു. 20 മുതൽ 60 വരെയുള്ള അംഗങ്ങൾ ഉൾപ്പെട്ടതായിരുന്നു സർവേടീമുകൾ. ജലസ്രോതസ്സ് പഠനയാത്രകൾ ജനകീയ സ്വഭാവത്തിലാണ് നടന്നത്. ഈ സംരംഭത്തിൽ ധാരാളം പേർ പങ്കെടുക്കുകയുണ്ടായി.
    സംസ്ഥാനത്ത് ആകെ 3606 ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠനമാണ് നടത്തിയത്.  ഇതിന്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്. കുളങ്ങൾ 1302, തോടുകൾ 941, പുഴയുടെ ഭാഗങ്ങൾ 153, പൊതുകിണറുകൾ 1107, മറ്റുള്ളവ 87 കായൽ ഭാഗങ്ങൾ 16. അതായത് 36.1% കുളങ്ങളും, 26% തോടുകളും 4.25 % പുഴകളും 30.7 % പൊതുകിണറുകളും ഉൾപ്പെടുന്നു. 2.4 % ജലസ്രോതസ്സുകൾ മറ്റുള്ളവയുടെ ഗണത്തിൽപ്പെടുന്നു. ഇടുക്കി മേഖലകളിൽ നീർച്ചാലുകൾ, ഓലികൾ എന്നിവയും കാസർഗോഡ് ജില്ലയിൽ പള്ളങ്ങളും മറ്റുള്ളവയുടെ ഗണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ കനാൽ തുടങ്ങിയവയും മറ്റള്ളുവയുടെ ഗണത്തിൽ ഉൾപ്പെടുത്തിയതായി കാണാം. 
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുളങ്ങൾ പഠനവിധേയമായത് പാലക്കാട് ജില്ലയിലാണ്. കൂടുതൽ പൊതുകിണർ പഠനവിധേയമായത് തൃശൂർ ജില്ലയും ഏറ്റവും കൂടുതൽ തോടുകൾ പഠനവിധേയമാക്കിയത് തിരുവനന്തപുരം ജില്ലയുമാണ്. നദിയുടെ ഭാഗങ്ങൾ മിക്ക ജില്ലകളിലും സ്ഥിതിവിവരപഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. അതുപോലെ കായലുകളുടെ 'ഭാഗങ്ങളും പഠനവിധേയമായിട്ടുണ്ട്. ചുരുക്കത്തിൽ കേരളത്തിലെ ഏതാണ്ട് എല്ലാ ജലസ്രോതസ്സുകളുടെയും സാമ്പിളുകൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ പഠനറിപ്പോർട്ട് അവതരിപ്പിക്കുന്ന കണ്ടെത്തലുകൾ കേരളത്തിന്റെ ആകെ ജലസ്രോതസ്സുകളെ സംബന്ധിച്ചുളള സാമ്പിൾ പഠനറിപ്പോർട്ടായി പരിഗണിക്കാൻ കഴിയുന്നതാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.
 

Latest News