ജിദ്ദയിൽ ചൊവ്വാഴ്ച കാലാവസ്ഥ വ്യതിയാനമുണ്ടാവുമെന്ന് അധികൃതർ നേരത്തേ പ്രവചിച്ചതാണ്. ഇന്നലെ രാവിലെ ഒമ്പത് മണി മുതൽ കനത്ത മഴയും ഇടിയും മിന്നലും അനുഭവപ്പെടുമെന്ന മുന്നറിയിപ്പ് യാഥാർഥ്യമായെന്ന് മാത്രമല്ല. വളരെ കൃത്യമായി രാവിലെ ഒമ്പത് മണി മുതലാണ് മഹാനഗരത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു തുടങ്ങിയത്. ഒരു മുൻകരുതലെന്ന നിലയിൽ ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുൾപ്പെടെയുള്ള വിദ്യാലയങ്ങൾക്ക് അവധിയും നൽകി. നല്ല കാര്യം. അവധി നൽകിയില്ലായിരുന്നുവെങ്കിൽ ഇത്രയേറെ കുട്ടികളെ സ്‌കൂളുകളിൽ നിന്ന് വീടുകളിൽ തിരിച്ചെത്തിക്കുകയെന്നത് എത്രയേറെ പ്രയാസമുള്ള കാര്യമാണ്? സ്‌കൂളുകൾക്ക് അവധിയാണെന്ന കാര്യം പ്രചരിച്ചത് തിങ്കളാഴ്ച രാത്രിയിലാണ്. മലയാളം ന്യൂസ് പത്രത്തിന്റെ വെബ് സൈറ്റിലെ ലിങ്ക് കൂടിയെടുത്താണ് അവധി വിവരം വാട്ട്‌സപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് നല്ല കാര്യം. സമകാലിക ജീവിതത്തെ ഇത്രയേറെ സ്വാധീനിക്കുന്ന സോഷ്യൽ മീഡിയ കൊണ്ടുള്ള അനുഗ്രഹമാണിത്.
എന്നാൽ ഇല്ലാത്ത അവധി പ്രഖ്യാപനം പ്രചരിപ്പിക്കാനും ഇത്തരമൊരു സൗകര്യം എളുപ്പം ദുരുപയോഗം ചെയ്യാനും സാധിക്കുമെന്നത് വേറെ കാര്യം. പത്രങ്ങളുടെ ഓഫീസിൽ വിളിച്ച് സത്യമെന്തെന്ന് ഉറപ്പ് വരുത്തുകയേ നിർവാഹമുള്ളു.
വാട്ട്‌സപ്പും ട്വിറ്ററും ഫേസ്ബുക്കും മനുഷ്യരുടെ ജീവിത രീതിയാകെ മാറ്റി മറിച്ചു. കേരളത്തിലെ ബസിലും ട്രെയിനിലും യാത്ര ചെയ്യുന്നവർ പോലും പരസ്പരം മിണ്ടില്ലെന്നായി. കല്യാണമായാലും മറ്റെന്ത് ചടങ്ങായാലും അതിഥികൾക്ക് സംസാരിക്കാൻ സമയമില്ലാതായി. ആ സമയം കൂടി ഉപയോഗപ്പെടുത്തി ലേറ്റസ്റ്റ് അപ് ഡേറ്റ് അറിയാൻ മുഖം കുനിച്ചിരിക്കുന്ന കാലഘട്ടമാണിത്. ചിലർ ദുരുപയോഗം ചെയ്യുന്നത് കൊണ്ട് മാത്രം സാമൂഹിക മാധ്യമങ്ങളെ കുറ്റപ്പെടുത്താനാവില്ല. കത്തി മുതൽ ആണവോർജം വരെ മനുഷ്യനന്മയ്ക്ക് പ്രയോജനപ്പെടുന്ന എത്രയെത്ര കണ്ടുപിടുത്തങ്ങളുണ്ടായി. ഇവ മാനവ കുലത്തിന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്തുന്നത് പോലെ നാശത്തിനായി വിനിയോഗിക്കുന്നവരുമില്ലേ? സോഷ്യൽ മീഡിയയുടെ പ്രചാരം കൂടിയത് എങ്ങിനെ സമൂഹ നന്മയ്ക്ക് ഉപയോഗപ്പെടുത്താമെന്നതാണ് ചിന്തിക്കേണ്ടത്.
കർണാടകയിലെ ഗുണ്ടിൽപേട്ടിൽ വെച്ച് അടുത്തിടെ മലയാളി യുവാക്കളുൾപ്പെടുന്ന കവർച്ച സംഘത്തെ പിടികൂടിയ വാർത്തയുണ്ടായിരുന്നു. ഇവരുടെ ചെയ്തികൾ ആഴ്ചകൾക്കപ്പുറം സമൂഹ മാധ്യമങ്ങളിൽ ആശങ്കയുടെ കൊടുങ്കാറ്റ് വീശുകയുണ്ടായി. കേരളത്തിന്റെ അതിർത്തി കടന്നാൽ നമ്മുടെ വാഹനങ്ങൾ നിരീക്ഷണത്തിലാണെന്ന മുന്നറിയിപ്പ് ഫോണുകളിൽ നിന്ന് ഫോണുകളിലേക്ക് കുതിച്ചു. വാളയാറോ, മുത്തങ്ങയോ പിന്നിടുമ്പോൾ തന്നെ വാഹനത്തിലെ യാത്രക്കാരുടെ ചിത്രം സംഘം കരസ്ഥമാക്കുന്നു. സഞ്ചരിക്കുന്ന ജ്വല്ലറി പോലെ സർവാഭരണ വിഭൂഷിതയായ വനിതകളുണ്ടെങ്കിൽ അതിവേഗം ബഹുദൂരം പിന്നിടാൻ സംഘത്തിന്റെ പക്കലുള്ള ദൃശ്യങ്ങൾക്ക് കഴിയുന്നു. തമിഴുനാട്ടിലോ, കർണാടകയിലോ ഉള്ള ഇവരുടെ സംഘത്തിലെ കണ്ണികൾ വാഹനാപകടങ്ങളുണ്ടാക്കി എല്ലാം കരസ്ഥമാക്കുന്നുവെന്നതായിരുന്നു പ്രചരിച്ച സന്ദേശത്തിന്റെ കാതൽ.
എഴുത്തുകാരന് പേനയും കടലാസും പോലും ആവശ്യമില്ല ഇന്ന്. ചിന്തകളും എഴുത്തും യാന്ത്രികമായിരിക്കുന്നു. ഇതൊക്കെത്തന്നെ ആയാലും അന്നും ഇന്നും നിലനിൽക്കുന്ന ഒന്നുണ്ട്- മനസ്. അതില്ലാതെ ഇതിനൊന്നും നീക്കുപോക്കുണ്ടാകാൻ സാധ്യമല്ല. മനസിനെ ഈ കാലഘട്ടത്തിൽ എങ്ങനെ നിയമിക്കുന്നുവെന്നതാണ് ആലോചിക്കേണ്ടത്. സോഷ്യൽ മീഡിയയിലെ വക ഭേദങ്ങൾ, ബ്ലോഗുകൾ എന്നിവ വഴി ആർക്കും രചന വായനക്കാരിലെത്തിക്കാം.
ആർക്കും എന്തും എഴുതാം എന്തും പ്രസിദ്ധപ്പെടുത്താം എന്നായി. ഇത് ഈ രംഗത്ത് അരാജകത്വം സൃഷ്ടിച്ചുവെന്നത് നേര്.
1960കളിലേയോ 80കളിലേയോ പോലെയല്ല ഇന്നു മാധ്യമരംഗം. പത്രങ്ങൾക്കും റേഡിയോയ്ക്കും അതിസമ്പന്നമായ പ്രാധാന്യമുണ്ടായിരുന്ന അരനൂറ്റാണ്ട് മുമ്പുള്ള കാലം ചരിത്രത്തിന്റെ ഭാഗമാണ്. ദൃശ്യമാധ്യമങ്ങളുടെ വേഗതയെ താങ്ങാനാവാതെ അച്ചടിമാധ്യമങ്ങൾ അമ്പരക്കുകയാണ്. എങ്കിലും പരമ്പരാഗതമായ വായന തുടരുന്നു. ദൃശ്യമാധ്യമങ്ങൾ അതിവേഗം പെയ്തിറക്കുന്ന വാർത്തകളിൽനിന്നു മറ്റൊരു തലവുമായി അച്ചടിമാധ്യമം പറക്കണമെന്ന ചിന്ത അനിവാര്യമാണ്. ഒരു ദിവസം മൊത്തത്തിൽ കോരിയെറിയുന്ന ചൂടുള്ള ദൃശ്യമാധ്യമ വാർത്തകളുടെ ആയുസ് അതോടെ കഴിയുകയാണ്. അച്ചടി മാധ്യമ വാർത്തകളുടെ സ്ഥിതി അതല്ല. അത് കാലകാലമായി സൂക്ഷിക്കാനും വീണ്ടും ആവശ്യത്തിനുയോഗിക്കാനും കഴിയുന്നതാണ്. അച്ചടിക്കപ്പെടുന്ന വരികൾക്കു വായിക്കപ്പെടുന്നവരിലൂടെ എന്നും എപ്പോഴും പുനർജനിക്കാം. അതൊരു സ്ഥിതിവിവര കണക്ക് പോലെയാണ്. ദൃശ്യമാധ്യമങ്ങൾക്കും സൂക്ഷിച്ചു വയ്ക്കലും പുനഃസംപ്രേഷണവുമൊക്കെ ആകാമെങ്കിലും അച്ചടിമാധ്യമത്തിന്റെ ഈട് അല്ലെങ്കിൽ വില ഒരിക്കലും കൈവരിക്കാനാവില്ല. കാലത്തിലേക്കു സൂക്ഷിച്ചു വെക്കുന്ന അക്ഷരങ്ങളുടെ സൗന്ദര്യം ദൃശ്യമാധ്യമങ്ങൾക്ക് സങ്കൽപ്പിക്കാനാവില്ല. കനത്ത മത്സരങ്ങളുടെ അതിസങ്കീർണതകളിൽ മാധ്യമരംഗം അതിന്റെ സമഗ്രതയിൽ വിൽക്കപ്പെടുവാനുള്ള ചേരുവകൾ ചാലിക്കാൻ നിർബന്ധിതമാവുമ്പോൾ, നഷ്ടപ്പെടുന്നത് വാർത്തകളിലെ സത്യങ്ങളാണ്.
മാധ്യമം എന്ന ആശയത്തെ തല കീഴായി മറിച്ചിരിക്കുന്നു ഇന്റർനെറ്റ് സാങ്കേതിക വിദ്യ. ജനങ്ങൾക്കായി വാർത്ത എഴുതുകയും അവലോകനം നടത്തുകയും സംഭവങ്ങളെ വ്യാഖ്യാനിക്കാനും പ്രത്യേക വൈദഗ്ധ്യം നേടിയ ഒരു വിഭാഗമെന്ന സ്ഥാനം പത്രപ്രവർത്തകർക്കുണ്ടായിരുന്നു. പത്രം/വാരിക ഓഫീസിൽ ലഭിക്കുന്ന രചനകൾ ശരിയോ തെറ്റോ വെളിച്ചം കാണിക്കാൻ കൊള്ളുന്നതാണോ എന്ന് തീരുമാനിച്ചിരുന്നത് പത്രാധിപന്മാരായിരുന്നു. പുതിയ കാലം സാക്ഷ്യം വഹിക്കുന്ന വിപ്ലവത്തിന്റെ ഫലമായി പത്രാധിപരും പത്രപ്രവർത്തകരും അപ്രസക്തരായി. പൊതു സമൂഹത്തിന് സുരക്ഷാ കവചം ഒരുക്കിക്കൊണ്ടാണ് പത്രാധിപന്മാർ വാർത്തകൾ പുറത്തേക്ക് വിടുന്നത്. ഡിജിറ്റൽ മാധ്യമങ്ങളിൽ പലയിടത്തും നിർഭാഗ്യവശാൽ പത്രാധിപരുടെ ജോലി നടക്കാറില്ല. പത്രാധിപന്മാരുടെ പ്രാധാന്യവും പ്രസക്തിയുമാണ് ഇത് വ്യക്തമാക്കുന്നത്. വാർത്തകളും സംഭവങ്ങളും വന്നു നിറയുന്ന നവലോകത്ത് അതിൽ നിന്ന് നെല്ലും പതിരും തെരഞ്ഞെടുക്കുന്നത് ശ്രമകരമാണ്. എഡിറ്റോറിയൽ അഥവാ പത്രാധിപ സംഘം ചെയ്യുന്ന പ്രധാന പണിയാണിത്. ഒപ്പം കയ്പും പുളിപ്പും എരിവും മധുരവും ഉപ്പുമൊക്കെ സമീകൃതമായി അവർ വിളമ്പുന്നു. അറിയിക്കേണ്ടവരെ അറിയേണ്ടതെല്ലാം അറിയിക്കുക എന്ന നാലാം തൂണിന്റെ ധർമവും പാലിക്കുന്നു. ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപിന് ഇത് അനിവാര്യവുമാണ്.
വിവര സാങ്കേതിക രംഗത്തെ പോലെ ഇത്രയേറെ മാറ്റത്തിന് വിധേയമായ മറ്റേതെങ്കിലും മേഖലയുണ്ടാവില്ല. വാട്ട്‌സപ്പും ഗൂഗിളുമെല്ലാം കൊച്ചുകുട്ടികൾക്ക് പോലും സുപരിചിത പദങ്ങൾ. ഇന്റർനെറ്റ് കണക്ഷനിലെ തകരാറ് കാരണം അൽപനേരം ഫേസ്ബുക്കിൽ നിന്നൊഴിഞ്ഞു പോയാലും മൊബൈൽ ഫോൺ സ്വിച്ച് ഓഫായിപ്പോയാലും എല്ലാവരിൽനിന്നും ഒറ്റപ്പെട്ട പ്രതീതി.
സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് വേഗമേറിയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പുതിയ കാലത്തിന്റെ സ്വാതന്ത്ര്യമനുഭവിക്കുന്ന ഇതിലെ എഴുത്തുകാരെല്ലാം റിപ്പോർട്ടർമാരായി മാറുന്നു. നിയന്ത്രിക്കാനാളില്ലാത്തതിന്റെ കുറവ് ഫേസ്ബുക്കിൽ പലപ്പോഴും അനുഭവപ്പെടാറുണ്ട് -പ്രത്യേകിച്ച് മലയാളികൾ വ്യാപകമായി കൈകാര്യം ചെയ്തു തുടങ്ങിയത് മുതൽ.
1984 ൽ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ത്യയുടെ പ്രധാന മന്ത്രി ഇന്ദിരാ പ്രിയദർശിനി കൊല്ലപ്പെട്ട കാര്യം ജനമറിഞ്ഞത് റേഡിയോയിലൂടെയായിരുന്നു. ബി.ബി.സി റേഡിയോയുടെ ശ്രോതാക്കൾ അൽപം ഗമയോടെ ആദ്യമറിഞ്ഞത് തങ്ങളാണെന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചപ്പോൾ ഏറെയൊന്നും വൈകാതെ ആകാശവാണിയും പ്രാദേശിക, ദേശീയ സംവിധാനങ്ങളിലൂടെ കോടിക്കണക്കിന് ശ്രോതാക്കളെ വിവരമറിയിക്കുകയുണ്ടായി. ടെലിവിഷൻ സെറ്റുകൾ വ്യാപകമാവുന്നതിനു മുമ്പ് എൺപതുകളുടെ തുടക്കത്തിൽ റേഡിയോക്കായിരുന്നു
ആധിപത്യം. വാർത്താ ഏജൻസികളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്ത ചെറുകിട സായാഹ്ന പത്രങ്ങൾ റേഡിയോ വാർത്തകൾ ശ്രവിച്ച് ന്യൂദൽഹി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽനിന്നുള്ള വാർത്തകൾ സ്വന്തം ലേഖകരുടെ ക്രെഡിറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന കാലമായിരുന്നു അത്.
റേഡിയോയുടെ സുവർണകാലം യഥാർഥത്തിൽ എഴുപതുകളിലായിരുന്നു. നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും റേഡിയോ പരിപാടികൾ കേൾക്കാൻ വ്യാപകമായ സംവിധാനങ്ങളൊരുക്കിയിരുന്നു. പഞ്ചായത്തുകളും പ്രാദേശിക ക്ലബ്ബുകളും നാട്ടുകാർക്ക് റേഡിയോ പരിപാടികൾ ശ്രവിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. ഓരോ പ്രദേശത്തെയും തലയെടുപ്പുള്ള ഹോട്ടലുകളിൽനിന്ന് പ്രഭാത ഗീതം മുതൽ നിങ്ങളാവശ്യപ്പെട്ടത് വരെയുള്ള പരിപാടികൾ ഇടപാടുകാരെ കേൾപ്പിച്ചു. അക്കാലത്ത് കാറും ടെലിഫോണും മറ്റു സൗകര്യങ്ങളുമൊക്കെയുള്ള നാട്ടുപ്രമാണിമാർക്ക് സ്റ്റാറ്റസ് സിംബൽ കൂടിയായിരുന്നു മരപ്പെട്ടിയിലെ കൂറ്റൻ റേഡിയോ സെറ്റുകൾ. കേന്ദ്ര സർക്കാരിന് പ്രതിവർഷം നിശ്ചിത തുക ലൈസൻസ് ഫീസ് നൽകി പാവപ്പെട്ടവരും ഇടത്തരക്കാരും മർഫിയുടെയും തോഷിബയുടെയും ചെറിയ സെറ്റുകൾ സ്വന്തമാക്കി. ഗൾഫുകാരുടെ ആഗമനത്തോടെ ടേപ് റെക്കോർഡറുകളും റ്റു ഇൻ വണ്ണുകളും വ്യാപകമായപ്പോൾ ചലച്ചിത്ര ഗാനങ്ങൾ കേൾക്കാൻ റേഡിയോ നിലയം കനിയണമെന്നില്ലാതായി.
ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ സംപ്രേഷണ സ്ഥാപനമായ ദൂരദർശൻ ദൽഹിയിൽനിന്നും മെട്രോ നഗരങ്ങളിൽനിന്നും സംസ്ഥാന തലസ്ഥാനങ്ങളിൽ നിന്നും സംപ്രേഷണം തുടങ്ങിയപ്പോൾ റേഡിയോയുടെ കാലം കഴിഞ്ഞുവെന്ന് കണക്കു കൂട്ടിയവരുായിരുന്നു. പ്രണായ് റോയും റിനി ഖന്നയുമൊക്കെ സ്വീകരണ മുറികളിലെ സാന്നിധ്യമായത് വളരെ പെട്ടെന്നായിരുന്നു. ഹിന്ദി ചിത്രഹാറിന്റെ ചുവടൊപ്പിച്ച് തിരുവനന്തപുരം കടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രം ആഴ്ചയിലൊരിക്കൽ പുതിയ സിനിമാ ഗാനങ്ങളുൾപ്പെടുത്തി ചിത്രഗീതം തുടങ്ങിയപ്പോൾ കുടുംബ സദസ്സുകളുടെ പ്രിയപ്പെട്ട പരിപാടിയായി അതു മാറാൻ ഏറെ കാലം വേണ്ടി വന്നില്ല. സ്വകാര്യ സംരംഭകരെ ഉപഗ്രഹ ചാനലുകൾ ആരംഭിക്കാൻ അനുവദിച്ചതോടെ മാധ്യമ രംഗത്തെ മത്സരം മുറുകി. പ്രാദേശിക ഭാഷകളിലാരംഭിച്ച ചാനലുകൾ ജനപ്രിയ പരിപാടികൾക്കൊപ്പം വാർത്തകളുടെ തത്സമയ സംപ്രേഷണവുമൊക്കെ ഉൾപ്പെടുത്തി രംഗം സജീവമാക്കി.
എഫ്.എം നിലയങ്ങളിലൂടെ പ്രക്ഷേപണമാരംഭിച്ചാണ് റേഡിയോ പുതുജീവൻ കൈവരിച്ചത്. പുതിയ രൂപത്തിൽ കൂടുതൽ പ്രദേശങ്ങളിൽ കേൾക്കാമെന്നായപ്പോൾ ഗ്രാമങ്ങളിലെ നിർധനരെയും മറ്റും റേഡിയോക്ക് ആകർഷിക്കാനായി. ഏത് കടലിലും മലമുകളിലും ചെന്നെത്താൻ കഴിയുന്ന റേഡിയോ തരംഗങ്ങളുടെ റീച്ച് മറ്റാർക്ക് അവകാശപ്പെടാനാവും? അതിവേഗ പാതയിൽ വാഹനമോടിക്കുമ്പോഴും കപ്പലിൽ യാത്ര ചെയ്യുമ്പോഴും റേഡിയോ നമുക്ക് തുണയാണ്. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ എഫ്.എം പ്രക്ഷേപണം അനുവദിച്ചത് പ്രക്ഷേപണ രംഗത്ത് വിപ്ലവത്തിന് തുടക്കം കുറിക്കുകയുണ്ടായി.
ജനങ്ങൾ എഴുതുന്നത് ശരിയോ തെറ്റോ വെളിച്ചം കാണിക്കാൻ കൊള്ളുന്നതാണോ എന്ന് തീരുമാനിച്ചിരുന്നതും എഡിറ്റർമാരായിരുന്നു. അവരാണ് പത്രത്തിന്റെ അധിപർ എന്ന് തോന്നിപ്പിക്കും വിധം പത്രാധിപർ എന്ന വിളിപ്പേര് മലയാളത്തിൽ ഉണ്ടായി. യഥാർത്ഥ അധിപരായ പത്ര ഉടമസ്ഥരേക്കാൾ ഉള്ളടക്കത്തിന്റെ കാര്യത്തിൽ അവർക്കായിരുന്നു ആധിപത്യമെന്നത് സത്യമാണ്. ഇന്റർനെറ്റ് മീഡിയയുടെ വരവോടെ ഇവരെല്ലാം അപ്രസക്തരായി. ആരെന്തൊക്കെ പറഞ്ഞാലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി അടുത്ത കാലത്തൊന്നും അവസാനിക്കില്ല. സമൂഹ മാധ്യമങ്ങൾക്ക് ഒരു തിരുത്തൽ ശക്തിയായി പത്രങ്ങളെ ആശ്രയിക്കുകയല്ലാതെ നിർവാഹമില്ല.