കണ്ണൂർ - ഷുഹൈബിന്റെ ഘാതകരെ ജയിലിൽ അടക്കുക തന്നെ ചെയ്യുമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി. യൂത്ത്‌കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ മൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനക്ക് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.
മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തനത്തിൽ പൊതു പ്രവർത്തകർക്കാകെ മാതൃകയുമായ നേതാവ് ഷുഹൈബിന്റെ ഘാതകരെ പിണറായി ഭരണകൂടം രക്ഷിക്കാൻ ശ്രമിച്ചാലൊന്നും നീതി പരാജയപ്പെടില്ല. ക്രിമിനലുകളെ ജയിലിൽ അടക്കുക തന്നെ ചെയ്യും. ഉജ്വലനായ മനുഷ്യസ്‌നേഹിയായ ഷുഹൈബ് മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കഷ്ടതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ രാപകലില്ലാതെ ഓടി നടന്നത് ജനാധിപത്യ കേരളം ഒരിക്കലും മറക്കില്ലെന്നും ഷുഹൈബിന്റെ ഘാതകരെ രക്ഷിക്കാൻ പൊതു ഖജനാവിലെ പണം ചെലവഴിച്ച പിണറായി ഭരണത്തെ തൂത്തെറിയാൻ കേരളം കാത്തിരിക്കുകയാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.
നേതാക്കളായ എ.ഐ.സി.സി സെക്രട്ടറി പി. വി മോഹൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ: പി. എം നിയാസ്, അഡ്വ.സോണി സെബാസ്റ്റ്യൻ, കെ.പി.സി.സി സെക്രട്ടറിമാരായ പി.വി ബാബുരാജ്, ബാലകൃഷ്ണൻ കിടാവ്, യൂത്ത് കോൺഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റി, രജിത് നാറാത്ത്,ബിജുഉമ്മർ, കൂക്കിരി രാഗേഷ്,ടി. ജയകൃഷ്ണൻ,റീന കൊയ്യോൻ,കല്ലിക്കോടൻ രാഗേഷ്, ടി.കെ അജിത്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.