കോഴിക്കോട് - വീടില്ലാത്തവർക്ക് വീടിനായും വീടും സ്ഥലവും ഇല്ലാത്തവർക്കു വീടിനും സ്ഥലത്തിനുമായും ലൈഫ് മിഷൻ വഴി അപേക്ഷിക്കാൻ ഒരിക്കൽ കൂടി അവസരം. ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വന സ്പർശം അദാലത്തുകളിൽ 2020 സെപ്തംബർ 23 നകം അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന നിരവധി ഗുണഭോക്താക്കൾ അപേക്ഷ നൽകിയതിനെ തുടർന്നാണ് ഫെബ്രുവരി 20 വരെ അപേക്ഷിക്കാൻ അവസരം ഒരുക്കിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്ന ഹെൽപ്പ് ഡെസ്‌കുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയോടൊപ്പം റേഷൻകാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ഭൂരഹിതർ ഭൂമിയില്ല എന്ന സാക്ഷ്യപത്രം, പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾ ജാതി സർട്ടിഫിക്കറ്റ്, മുൻഗണന തെളിയിക്കാനാവശ്യമായ മറ്റു രേഖകൾ എന്നിവ സമർപ്പിക്കേണ്ടതാണ്.