ചെന്നൈ-തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് സ്വകാര്യ പടക്ക നിര്‍മ്മാണ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ കൂടുക്കലര്‍ന്നാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പത്ത് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഖം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് താനെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. ദുരിതബാധിതരെ സഹായിക്കാന്‍ എല്ലാവരും ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി ഇ.കെ. പളനിസ്വാമി മൂന്ന് ലക്ഷം രുപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു.