കൊച്ചി- നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പോലീസ് ഇന്ന് അങ്കമാലി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളേയും നിലനിര്‍ത്തിക്കൊണ്ടാണ് അനുബന്ധ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയ കുറ്റപത്രത്തല്‍ രണ്ടുപേരെ മാപ്പുസാക്ഷിയാക്കുന്നു.
പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍, പോലീസുകാരനായ അനീഷ് എന്നിവരാണു മാപ്പുസാക്ഷികള്‍. പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു ദിലീപിനുള്ള കത്തെഴുതിയത് വിപിന്‍ലാലാണെന്നും കണ്ടെത്തി. കേസിലാകെ 14 പ്രതികളായി.
385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യരെ പ്രധാന സാക്ഷികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃത്യം നടത്തിയവരും ഒളിവില്‍പോകാന്‍ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവര്‍ പുതിയ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു.
എട്ടുമുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റമടക്കം 12 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കാള്‍ ഹിസ്റ്ററി ഉള്‍പ്പെടെ 400ല്‍ ഏറെ രേഖകള്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്നുണ്ട്.