Sorry, you need to enable JavaScript to visit this website.

ദേശീയബോധത്തിന് തീവ്രത പകരുന്ന കർഷക സമരം 


ആഴ്ചകളായി അതിശക്തമായ ഒരു കർഷക സമരം നാട്ടിൽ അരങ്ങേറിയിട്ട്. സമരത്തിന്റെ രൂപഭാവങ്ങളെ കുറിച്ചും ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ചും ധാരാളം ചർച്ച ചെയ്തു കഴിഞ്ഞു.  ഇന്നതൊരു ദേശീയ പ്രശ്‌നമാണ്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ആഗോള ചർച്ചയാണ്.  
നാട് മുഴുവൻ കർഷകർക്കൊപ്പമാണെന്ന് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞു.  ഒരു ജനകീയ മുന്നേറ്റമാണ് നടക്കുന്നത്. എല്ലാ മതവിഭാഗക്കാരും വിവിധ രാഷ്ട്രീയക്കാരും സമര വേദിയിൽ ഒത്തുകൂടി ഒരു ദേശീയ ഐക്യനിര സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ക്ഷേത്രങ്ങളും ഗുരുദ്വാരകളും മസ്ജിദുകളും ചർച്ചുകളും  ഇവരുടെ പാചകശാലകളായി മാറിയിരിക്കുന്നു. അവിടങ്ങളിലെ മൈക്കുകളും മറ്റു ഉപകരണങ്ങളും സമരക്കാരുടെ ഉപയോഗത്തിന്ന് വിട്ടുനൽകുന്നു. 


കേരളം ഉൾപ്പെടെ നാടിന്റെ നാനാഭാഗങ്ങളിലും സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പടുകൂറ്റൻ സമരപ്പന്തലുകൾ ഉയരുന്നു.  അറിഞ്ഞോ അറിയാതെയോ ഒരു ദേശീയ ഐക്യം ശക്തിപ്പെടുന്നു. കാർഷിക ബില്ല് ഒരു കരിനിയമമാണെന്നും പൂർണമായും പിൻവലിക്കണമെന്നുമാണ് പ്രധാന ആവശ്യം. മഹാ പഞ്ചായത്ത്, ചക്ക ജാമിൻ തുടങ്ങിയ സമര രീതികൾ ദേശവ്യാപകമായതോടെ രാജ്യം കർഷകർക്കൊപ്പമാണെന്ന് വ്യക്തമായി. സമരത്തിലൂടെ കർഷകർ ആവശ്യപ്പെടുന്നത് എന്താണെന്നും ലക്ഷ്യമിടുന്നത് ആരെയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർക്ക് കഴിഞ്ഞു.  മുന്നിൽ കാണുന്ന സർക്കാരിനെ അല്ല, പിന്നിലുള്ള കോർപറേറ്റുകളെയാണ് ലക്ഷ്യമിടുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചത് കർഷക സമരത്തിന്റെ വലിയ വിജയമാണെന്ന് പറയേണ്ടിയിരിക്കുന്നു. 


കോർപറേറ്റുകൾക്കെതിരെ ഇത്രയും ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ഒരു ജനകീയ സമരം നടക്കുന്നത് ഒരു പക്ഷേ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കും.  കർഷകരെ നരേന്ദ്ര മോഡി സമര ജീവികൾ എന്നു പരിഹസിച്ചത് നാം കേൾക്കുകയുണ്ടായി. കോർപറേറ്റ് ജീവി എന്ന് സംയുക്ത കിസാൻ മോർച്ച തിരിച്ചു വിളിച്ചു. കാർഷിക ബില്ല് ഈ നിലയിൽ അംഗീകരിക്കുമ്പോൾ കോർപറേറ്റുകൾക്ക് ചൂഷണത്തിനുള്ള ധാരാളം പഴുതുകൾ ഉണ്ടാകും. വില വർധിപ്പിക്കാൻ പൂഴ്ത്തിവെപ്പിനും കൃത്രിമ ക്ഷാമം സൃഷ്ടിക്കലിനും അത് വഴിവെക്കും. കോർപറേറ്റ് മുതലാളിമാരുടെ താൽപര്യം ലാഭം മാത്രമായിരിക്കും.  വിദേശത്തേക്ക് കയറ്റി അയക്കുന്നതിൽ ലാഭം കാണുമ്പോൾ നാട്ടിലെ ന്യായ വിതരണം അവഗണിച്ചുകൊണ്ട് 'എക്‌സ്‌പോർട്ട് മാർക്കറ്റിങ്' പയറ്റാനും സാധ്യത ഏറും. 1970 കളുടെ മധ്യത്തിൽ ആഗോള സിമന്റ് ക്ഷാമം ഉണ്ടായപ്പോൾ ഇന്ത്യയിൽ രണ്ട് വർഷത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ച് ഇറാനിലേക്ക് സിമന്റ് കയറ്റി അയച്ചത് ഉദാഹരണം. കർഷകരെ സമാധാനപരമായി സമരം ചെയ്യാൻ അനുവദിക്കണമെന്നും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അമേരിക്കൻ കോൺഗ്രസിലെ ഇന്ത്യയുമായി ബന്ധപ്പെട്ട സമിതി ആവശ്യപ്പെട്ടിരിക്കയാണ്. ഇന്റർനെറ്റ് ലഭ്യത അഭിപ്രായ സ്വാതന്ത്ര്യത്തിൽ പരമപ്രധാനമാണ്. സമാധാനപരമായ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. 


പ്രശ്‌നത്തിൽ ഇടപെടാനും ഇന്ത്യായാത്ര ഉപേക്ഷിക്കാനും ബ്രിട്ടീഷ് പാർലമെന്റിലെ നൂറിലേറെ അംഗങ്ങൾ പ്രധാനമന്ത്രി ബോറിക് ജോൺസനോട് അവശ്യപ്പെടുകയുണ്ടായി. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളും മോഡി സർക്കാരിന്റെ സമീപന രീതിയിൽ ആശങ്ക അറിയിക്കുകയുണ്ടായി. 
വിദേശ രാഷ്ട്രങ്ങൾ ഇടപെടുമ്പോൾ അവർക്ക് സ്വന്തം താൽപര്യങ്ങൾ ഉണ്ടാകും. ഇത് നമ്മുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇവിടെ പരിഹരിക്കാവുന്നതേയുള്ളൂ. വിദേശികൾക്ക് ഇടപെടാൻ അവസരം നൽകാതെ സമരം അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണം. വൈകുന്തോറും ബാഹ്യശക്തികൾ മുതലെടുപ്പിനു ശ്രമിച്ചുവെന്നു വരാം. 


സമരം ചെയ്യുന്ന കർഷകരെ ശത്രുക്കളായി കാണാതെ അവരെ വിശ്വാസത്തിലെടുക്കാൻ ശ്രമിക്കയാണ് വേണ്ടത്.  സമരക്കാരെ മതിൽ കെട്ടിയും മാരകമായ നിലയിൽ റോഡിൽ കൂർത്ത വൻ ആണികൾ പാകിയും നേരിടുന്നത് പാതകമാണ്. ലോക വിമർശനങ്ങൾക്ക് ഇതെല്ലാം അവസരം നൽകിയിരിക്കയാണ്. സമരം സിക്ക് സമുദായക്കാരുടെ ഒറ്റപ്പെട്ട സമരമാണെന്നാണ് ആദ്യം സർക്കാർ പറഞ്ഞത്.  ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാഗേഷ് ടിക്കായത്ത് സർദാർജി അല്ല. ഉത്തർപ്രദേശിലെ ബി.ജെ.പി പ്രമുഖൻ കൂടിയാണ്.  ചൈനയും പാക്കിസ്ഥാനുമാണ് പ്രക്ഷോഭത്തിന്ന് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു.  പഴയ ഖലിസ്ഥാൻ സമരത്തിന്റെ പുതിയ രൂപമെന്നും പ്രചാരണമുണ്ടായി. ഇത്രയും ദേശീയ പിന്തുണ കിട്ടിക്കഴിഞ്ഞ ഒരു വൻ സമരത്തെ ഈ നിലയിൽ ചെറുതാക്കിക്കാണരുത്. ഒരു സമരം പൊളിക്കാൻ ഇത്തരം ആരോപണങ്ങൾ സാധാരണമാണ്. 


റിപ്പബ്ലിക് ദിനത്തിൽ നടന്ന ആക്രമണത്തിന്റെ മറവിൽ ഭീകര മുദ്ര കുത്തി സമരക്കാരെ ഓടിക്കാമെന്നും തമ്പുകൾ പൊളിച്ചു നീക്കാമെന്നുമുള്ള സർക്കാർ കണക്കുകൾ ഫലിച്ചില്ല.  സമരക്കാർ ചെങ്കോട്ടയിലേക്ക് വരുമെന്ന് ആദ്യമേ സൂചന ഉണ്ടായിരുന്നു.  അത് തടയാൻ സാധിച്ചില്ലെങ്കിൽ അത് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സുരക്ഷാ ഘടകത്തിന്റെയും പരാജയമാണ്. അവിടെ ഖലിസ്ഥാൻ പതാക ഉയർത്തി എന്നാണ് ആക്ഷേപം. ഇന്ദിരാഗാന്ധി ജീവരക്തം ഒഴിച്ചു കെടുത്തിയ ഖലിസ്ഥാൻ പ്രസ്ഥാനം ഇന്നില്ല. അവിടെ ഉയർത്തിയത് ഗുരുദ്വാരയുടെ ചിഹ്നമുള്ള പതാകയാണ്. അതും തെറ്റാണ്. ദേശീയ പതാക പാറുന്ന കെട്ടിടത്തിൽ മറ്റൊന്ന് പാറിക്കുന്നത്, അത് ആരുടേതായാലും തെറ്റാണ്. ശിക്ഷാർഹമാണ്. 
ഗുരുദ്വാര ചിഹ്നമുള്ള തലപ്പാവ് ധരിച്ച നരേന്ദ്ര മോഡിയുടെ പഴയ ചിത്രം കാണുകയുണ്ടായി. അപ്പോൾ അത് ഖലിസ്ഥാൻ പതാക അല്ലെന്ന് ഉറപ്പിക്കാം. സമരത്തിൽ നുഴഞ്ഞു കയറിയ സർക്കാരിന്റെ സ്വന്തക്കാരാണ് അത്രയും സുരക്ഷയുള്ള ചെങ്കോട്ടയിൽ അതിക്രമം കാണിച്ചതെന്ന് ആരോപണമുണ്ട്. നേതൃത്വം നൽകിയ ദീപ് സിന്ധു എന്ന ആൾ കേന്ദ്ര സർക്കാരിന്റെ സ്വന്തക്കാരൻ ആണെന്ന് ഇതിനകം വെളിപ്പെട്ടിട്ടുണ്ട്. ഇരുപതു ദിവസത്തിനു ശേഷമാണ് അയാളെ അറസ്റ്റ് ചെയ്തത്.   ഇതുപോലെയുള്ള സമരം പൊളിക്കലും  നേതാക്കളെ കള്ളക്കേസിൽ കുടുക്കലും എല്ലാ കാലത്തും ഉണ്ടാകാറുണ്ട്.


1974 ലെ റെയിൽവേ സമരം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. സമരം അടിച്ചമർത്തി പൊളിച്ചുവെങ്കിലും അസംതൃപ്തരായ തൊഴിലാളി വർഗത്തിന്റെ രോഷവും വികാരാഗ്‌നിയും ശമിപ്പിക്കുവാൻ ഭരണകൂട ഭീകരതക്ക് സാധിച്ചില്ല. 1975 ജൂണിൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിൽ ഒന്ന് ഈ പരാജയപ്പെട്ട റെയിൽവേ സമരമായിരുന്നു. സമര നേതാവ് ജോർജ് ഫെർണാണ്ടസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചു. സമരത്തിന് ചൈനയുടെ സഹായം തേടി, ഇന്ത്യയിലുടനീളം റെയിൽ പാളങ്ങൾ ബോംബ് വെച്ച് തകർക്കാൻ ഗൂഢാലോചന നടത്തിയെന്നൊക്കെയായിരുന്നു കുറ്റം.  ബറോഡ ഡയനാമിറ്റ് കേസ് അതായിരുന്നു.  കൊടുംഭീകരനെ പോലും കൈകാര്യം ചെയ്യാത്ത രീതിയിൽ കൈകാലുകൾ ഭാരമുള്ള ഇരുമ്പ് ചങ്ങലയിൽ ബന്ധിച്ച് റോഡിലൂടെ നടത്തിയായിരുന്നു ഫെർണാണ്ടസിനെ കോടതിയിൽ ഹാജരാക്കിയത്.  ജയിലിൽ നിന്ന് ഫെർണാണ്ടസ് ഇറങ്ങി നടന്നത് കേന്ദ്ര മന്ത്രിസഭയിലേക്കായിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യയുടെ രാജ്യരക്ഷാ മന്ത്രിയായത് ചരിത്രം. അടിയന്തരാവസ്ഥാ ചരിത്രത്തിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ കാണുന്നത്. 

 

Latest News