കോട്ടയം - കോട്ടയം വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനാണെന്നു കോടതി. ഇയാൾക്ക് 24 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ കേസുകളിലായി 24 വർഷം കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് 10 വർഷം അനുഭവിച്ചാൽ മതി. കോട്ടയം പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോണാണ് ശിക്ഷ വിധിച്ചത്. തനിക്ക് ഭാര്യയും മൈനറായ മകളുമുണ്ടെന്നും ഇവർ അനാഥരാകുമെന്നും ശിക്ഷ സംബന്ധിച്ച വാദത്തിൽ സുരേഷ് പറഞ്ഞു. തമിഴ്‌നാട്ടിൽ താമ്പരം എന്ന സ്ഥലത്ത് കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തെ സാമ്പത്തികമായി സഹായിക്കുന്നെന്നും ശിക്ഷ ഇളവു നൽകണമെന്നും പ്രതി അഭ്യർഥിച്ചു.
കോളിളക്കം സൃഷ്ടിച്ച വിതുര പെൺവാണിഭക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലം കടയ്ക്കൽ സ്വദേശിയായ സുരേഷ്. 1996ൽ സംഭവം നടന്നതിന് ശേഷം ഒളിവിലായിരുന്ന ഇയാൾ കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ പതിനെട്ട് വർഷത്തിന് ശേഷം 2014ൽ കീഴടങ്ങിയിരുന്നു. ഒരു വർഷം ജയിൽവാസം അനുഭവിച്ച സുരേഷ് ജാമ്യത്തിലിറങ്ങി. എന്നാൽ കേസിന്റെ വിചാരണ വേളയിൽ ഇയാളെ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് വീണ്ടും ഒളിവിൽ പോകുകയായിരുന്നു.
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദിൽ നിന്നാണ് 2019 ജൂണിൽ ക്രൈംബ്രാഞ്ച് പിടികൂടിയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരെയുള്ള കേസ്. വിതുര സ്വദേശിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലെത്തിച്ച് പീഡിപ്പിച്ചത്. വിതുര കേസുമായി ബന്ധപ്പെട്ട ഇരുപ്പത്തിയൊന്ന് കേസുകളിൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഈ കേസിലെ മറ്റു പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
സുരേഷിനെതിരെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, തടവിൽ പാർപ്പിച്ചു അനാശാസ്യം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. 24 കേസുകളിലും ഒന്നാം പ്രതിയാണ് കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു, ബലാത്സംഗത്തിന് പ്രേരിപ്പിച്ചു, അനാശാസ്യ കേന്ദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് സുരേഷിനെതിരെ ഈ കേസിൽ ചുമത്തിയിരുന്നത്. ബലാത്സംഗത്തിനു പ്രേരിപ്പിച്ചതൊഴികെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി.
അന്വേഷണ വേളയിൽ സുരേഷിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടങ്ങളിലും വിചാരണ നടന്നത്. സുരേഷ് പ്രതിയായ ബലാത്സംഗ കേസുകളിൽ വിചാരണ തുടരും.
അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 1995 നവംബർ 21നു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിനു കൈമാറുകയും 1996 ജൂലൈ വരെ 9 മാസം കേരളത്തിനകത്തും പുറത്തും പലർക്കായി കൈമാറി പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണു കേസ്. അജിത ബീഗം അന്വേഷണഘട്ടത്തിൽ വാഹനാപകടത്തിൽ മരിച്ചു.