ന്യൂദൽഹി- കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്കെതിരെ നേടിയ തകർപ്പൻ സെഞ്ചുറി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ റാങ്കിംഗിലും പ്രതിഫലിച്ചു. പുറത്താകാതെ നേടിയ 104 ലൂടെ 29 കാരൻ ഐ.സി.സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്കാണ് മുന്നേറിയത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാർണറെ പിന്നിലാക്കിയാണ് കോഹ്‌ലി അഞ്ചാം സ്ഥാനത്തെത്തിയത്.
കോഹ്‌ലിയുടെ അമ്പതാം അന്താരാഷ്ട്ര ശതകവുമായിരുന്നു അത്.
ഏകദിനത്തിലും ട്വന്റി20യിലും നിലവിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലിയുടെ അടുത്ത ലക്ഷ്യം ടെസ്റ്റ് റാങ്കിംഗിലും ഒന്നാം സ്ഥാനം തന്നെ. പക്ഷേ വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ശേഷം ഒരു മാസത്തെ വിശ്രമമെടുക്കുന്ന കോഹ്
ലിക്ക് ഉടനെ ആ ലക്ഷ്യം നേടാനാവില്ല. അതിനിടയിൽ ആഷസ് പരമ്പര ആരംഭിക്കുന്നതിനാൽ വാർണർ കോഹ്‌ലിയെ പിന്നിലാക്കാനും സാധ്യതയുണ്ട്.
ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഈഡനിലെ പ്രകടനത്തിലൂടെ രവീന്ദ്ര ജദേജക്ക് കഴിഞ്ഞില്ല. പെയ്‌സ് ബൗളർമാർക്ക് അനുകൂലമായ പിച്ചിൽ വെറും രണ്ടോവർ എറിയാൻ മാത്രമാണ് ഓഫ് സ്പിന്നർക്ക് അവസരം കിട്ടിയത്. എന്നാൽ ഇന്ത്യയുടെ പെയ്‌സ് ബൗളർമാർ നില മെച്ചപ്പടുത്തി. എട്ട് വിക്കറ്റുമായി ഈഡനിൽ മാൻ ഓഫ് ദി മാച്ചായ ഭുവനേശ്വർ കുമാർ എട്ട് സ്ഥാനം മുന്നേറി കരിയറിലെ ഏറ്റവും മികച്ച റാങ്കായ 29 ലെത്തി. ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഒരു സ്ഥാനം ഉയർന്ന് പതിനെട്ടാമതും.