റിയാദ്- വ്യാപാര സ്ഥാപനങ്ങളും സൂഖുകളും തുടര്‍ച്ചയായി തുറന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ എല്ലാവരും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളും സൂഖുകളും തുടര്‍ന്നും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. വാണിജ്യ മന്ത്രിയും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രിയും സൂഖുകളുടെയും ഷോപ്പിംഗ് മാളുകളുടെയും റെസ്റ്റോന്റുകളുടെയും കോഫി ഷോപ്പുകളുടെയും ഉടമകളായ 370 ലേറെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി.
മുന്‍കരുതല്‍ നടപടികളും വ്യവസ്ഥകളും പ്രോട്ടോകോളും കര്‍ശനമായി പാലിക്കണമെന്ന് കൂടിക്കാഴ്ചക്കിടെ വ്യവസായികളോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുകയാണ്. ഓരോ മണിക്കൂറിലും ശരാശരി പത്തു നിയമ ലംഘനങ്ങള്‍ വീതം വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ കണ്ടെത്തുന്നുണ്ട്. മൂവായിരത്തിലേറെ വ്യാപാര സ്ഥാപനങ്ങള്‍ ശരീര ഊഷ്മാവ് പരിശോധിക്കാതെ ഉപയോക്താക്കള്‍ക്ക് പ്രവേശനം നല്‍കിയതായും രണ്ടായിരത്തിലേറെ സ്ഥാപനങ്ങള്‍ മാസ്‌കുകള്‍ ധരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കിയതായും 400 ലേറെ സ്ഥാപനങ്ങള്‍ അണുനശീകരണികള്‍ ലഭ്യമാക്കുന്നില്ലെന്നും വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയതായും അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.