തിരുവനന്തപുരം- പിഎസ്‌സി നിയമന വിവാദത്തില്‍ വിമര്‍ശനവുമായി സിപിഐ. വിവാദം സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വിവാദങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കും. വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച പറ്റി. വിഷയം യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിക്കുന്നെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.നിയമനവിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് പിഎസ്‌സി മുഖേന 1.55ലക്ഷം നിയമനങ്ങളുണ്ടായെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെയാണ് റാങ്ക് ലിസ്റ്റില്‍ പിഎസ്‌സി ഉള്‍പ്പെടുത്തുന്നതെന്നും അതിനാല്‍ 80 ശതമാനത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാന്‍ സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണ്. ഇത് കണക്കിലെടുത്താണ് തടസ്സങ്ങള്‍ നീക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത്.പിഎസ്‌സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന നിയമനാധികാരികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. സീനിയോറിറ്റി തര്‍ക്കം കോടതി മുമ്പാകെ നിലനില്‍ക്കുകയും കോടതി റഗുലര്‍ പ്രൊമോഷന്‍ സ്‌റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താത്ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ്അദ്ദേഹം പറഞ്ഞു.