റിയാദ് - സൗദിയില്‍ പത്തു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം അടച്ചു. ഈ മസ്ജിദുകളില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്ത പതിനഞ്ചു പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും വാദിദവാസിറില്‍ മുഅദ്ദിന്‍ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണിത്. ഇതോടെ മൂന്നു ദിവസത്തിനിടെ രാജ്യത്ത് അടച്ച മസ്ജിദുകളുടെ എണ്ണം 32 ആയി. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇതില്‍ 13 മസ്ജിദുകള്‍ മന്ത്രാലയം തുറന്നു.
രണ്ടു കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മക്ക പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും രണ്ടു കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അല്‍ജൗഫ് പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും ജിസാന്‍ പ്രവിശ്യയിലെ അബൂഅരീശില്‍ മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ടു മസ്ജിദുകളും ഇന്ന് അടച്ചു.
നാലു കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മദീന അല്‍ഹിജ്‌റ ഡിസ്ട്രിക്ടില്‍ ഒരു മസ്ജിദും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ അറാറില്‍ ഒരു പള്ളിയും ഒരു കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ ഒരു മസ്ജിദും രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അസീര്‍ പ്രവിശ്യയിലെ സറാത്ത് ഉബൈദയില്‍ ഒരു മസ്ജിദുമാണ് അടച്ചതെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം പറഞ്ഞു.