ജിദ്ദ- സംസ്ഥാനത്ത് ഇരു മുന്നണികളും പാർട്ടികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നത് സംഘ്പരിവാറിനെ പ്രീണിപ്പിച്ചു നിയമസഭയിലേക്ക് എഴുന്നള്ളിക്കാനുള്ള വൃത്തികെട്ട കളികളാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള സ്റ്റേറ്റ് കോഓർഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രത്യക്ഷ പ്രസ്താവനകൾ നടത്തി പുകമറ സൃഷ്ടിക്കുകയും തിരശ്ശീലക്കു പിന്നിൽ സംഘി താൽപര്യം നടത്തുകയുമാണ് കപട മതേതര മുഖംമൂടിയണിഞ്ഞ മുഖ്യധാരക്കാർ. ബാബരി മസ്ജിദ് തകർത്ത് വിചിത്ര വിധിന്യായത്തിലൂടെ ഭൂമി തങ്ങളുടേതാക്കി ക്ഷേത്രം പണിയുന്ന ഫാസിസ്റ്റുകൾക്ക് കയ്യയഞ്ഞു സഹായം ചെയ്യാൻ കോൺഗ്രസിലും സി.പി.എമ്മിലുമുള്ളവർ മത്സരിക്കുകയാണ്. ഭരണമില്ലെങ്കിലും ആഭ്യന്തര വകുപ്പ് ബി.ജെ.പിയുടെ കൈകകളിലാണെന്നതിന് സമീപകാല പോലീസ് നടപടികൾ വിശകലനം ചെയ്താൽ മതിയാകും.
സംസ്ഥാനത്തെ ഗവൺമെന്റ് ജോലിക്കായി ഉന്നത വിദ്യാഭ്യാസം നേടി പരീക്ഷയെഴുതി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവസമൂഹത്തെ വഞ്ചിക്കുകയും പെരുവഴിയിലാക്കുകയും ചെയ്യുന്ന നടപടിയാണ് ഇഷ്ടക്കാരെയും പാർട്ടി നേതാക്കളുടെ സ്വന്തക്കാരെയും കുടിയിരുത്തുന്നതിലൂടെ പിണറായി സർക്കാർ ചെയ്യുന്നത്. യൂനിവേഴ്‌സിറ്റികളിലെ നിയമനം പി.എസ്.സിക്ക് വിടാതെ രാഷ്ട്രീയക്കാരുടെ വേദിയായ സിണ്ടിക്കേറ്റ് വഴി ഇഷ്ടക്കാരെ നിയമിക്കുകയാണ് നാളിതുവരെയും. എന്നാൽ ഒരു പരിധി വരെ അർഹരെ കണ്ടെത്താൻ സഹായിക്കുന്ന പി.എസ്.സി.യെ പോലും പാർട്ടിക്കാരുടെ തട്ടകമാക്കിവെക്കുകയും സംവരണതത്ത്വം പോലും അട്ടിമറിക്കുകയാണ്. ഓരോ സർക്കാർ വരുമ്പോഴും സ്വന്തക്കാരെ ഉദ്യോഗങ്ങളിൽ വാഴിക്കാൻ താൽക്കാലിക, പിൻവാതിൽ നിയമനങ്ങൾ നടത്തിയാണ് സർക്കാർ സ്ഥാപനങ്ങൾ സ്വന്തക്കാരുടെയും പാർട്ടിക്കാരുടെയും വിഹാരകേന്ദ്രങ്ങളാക്കുന്നത്.
ഫാസിസ്റ്റ് പീഡനങ്ങളും, പ്രളയം തുടങ്ങിയ ദുരന്തങ്ങളും ദുരിതാശ്വാസ ഫണ്ടുകൾ വിഴുങ്ങാനുള്ള അവസരമാക്കുകയാണ് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ചിലർ.
അതേ സമയം രാജ്യത്തെ വിറ്റു തുലക്കുകയും കുത്തക മുതലാളിമാർക്ക് സർവാധിപത്യം നൽകുകയും ചെയ്യുന്ന ഹിന്ദുത്വ സർക്കാരിനെതിരെ ശബ്ദിക്കാൻ ഉത്തരവാദപ്പെട്ട പാർട്ടികൾ സന്നദ്ധമാകാതിരിക്കുന്നത് കൗതുകമുളവാക്കുന്നതാണ്. ലക്ഷക്കണക്കായ കർഷകർ നിലനിൽപ്പിനായി സമരം ചെയ്യുമ്പോൾ വ്യവസ്ഥാപിതമായി പിന്തുണ നൽകാനോ സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ പ്രതികരിക്കാനോ ജനപ്രതിനിധികൾ തയാറാവാത്തത് എന്താണെന്നു വ്യക്തമാക്കണം.
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആജ്ഞക്കനുസരിച്ചു ചലിക്കുകയാണ് ചില ന്യായാധിപന്മാർ. മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നിഷേധിക്കുകയും രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ നടത്തിയ അർണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിക്കുകയും ചെയ്ത ഇരട്ട നീതി വെളിവാക്കുന്നത് അതാണെന്നും സോഷ്യൽ ഫോറം സൗദി കേരള കോഓർഡിനേറ്റർ ബഷീർ കാരന്തൂർ, ഭാരവാഹികളായ നൂറുദ്ദീൻ തിരൂർ (റിയാദ്), മൻസൂർ എടക്കാട്, മുബാറക് പൊയിൽതൊടി (ദമാം), ഹനീഫ കടുങ്ങല്ലൂർ, ബീരാൻകുട്ടി കോയിസ്സൻ (ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ), മീഡിയ കോഓർഡിനേറ്റർ നമീർ ചെറുവാടി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.