ജിദ്ദ- പ്രവാസി സമൂഹം കടുത്ത തൊഴിൽ പ്രതിസന്ധിയും സാമ്പത്തിക പ്രയാസവും നേരിടുന്ന സാഹചര്യത്തിൽ പ്രീമിയം തുക വർധിപ്പിക്കാതെ കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യം വർധിപ്പിച്ചു. ഇത് പ്രകാരം കെ.എം.സി.സിയുടെ വിവിധ കുടുംബ സുരക്ഷാ പദ്ധതികളിൽ അംഗങ്ങളാവുന്ന ജിദ്ദയിലെ പ്രവാസികളുടെ കുടുംബങ്ങൾക്ക് 2018 വർഷം മുതൽ മരണാനന്തര പദ്ധതി വിഹിതമായി 12 ലക്ഷം രൂപ ലഭിക്കും.
സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി വഴി 6 ലക്ഷം രൂപയും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി 'കാരുണ്യഹസ്തം' കുടുംബ സുരക്ഷാ പദ്ധതിയിൽ നിന്ന് 4 ലക്ഷം രൂപയും ജിദ്ദയിലെ വിവിധ ജില്ലാ കമ്മിറ്റികൾ നടത്തുന്ന സുരക്ഷാ പദ്ധതികളിൽ നിന്ന് 2 ലക്ഷം രൂപയും ഉൾപ്പെടെ മൂന്ന് പദ്ധതികളിലും ഒന്നിച്ച് അംഗത്വമെടുക്കുന്നവരുടെ കുടുംബങ്ങൾക്കാണ് 12 ലക്ഷം രൂപ മരണാനന്തര സഹായം ലഭിക്കുക.
അംഗങ്ങൾക്കുള്ള ചികിത്സാ സഹായവും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കാൻസർ, കിഡ്‌നി രോഗം, കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ, ഹൃദയ ശസ്ത്രക്രിയ, സ്‌ട്രോക്ക് തുടങ്ങി റോഡ് അപകടങ്ങളിലും, ജോലി സ്ഥലത്ത് നിന്നുണ്ടാവുന്ന അപകടങ്ങളിലും ഗുരുതരമായ പരിക്ക് പറ്റുന്നവർക്കും ചികിത്സാ സഹായമായി ജിദ്ദ സെൻട്രൽ കമ്മിറ്റി പദ്ധതി അംഗങ്ങൾക്ക് ഇനി മുതൽ 40,000 രൂപ ലഭിക്കും.
കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 50,000 രൂപ നൽകും, നാഷണൽ കമ്മിറ്റി സുരക്ഷയിലും സമാനമായ ആനുകൂല്യങ്ങൾ നൽകും. നടപ്പുവർഷം ജിദ്ദയിൽ മാത്രം മൂന്ന് പദ്ധതികളിലായി ഇരുപതിനായിരത്തോളം അംഗങ്ങളുണ്ട്. ജിദ്ദ സെൻട്രൽ കമ്മിറ്റി ഒന്നര കോടി രൂപയും സൗദി നാഷണൽ കമ്മിറ്റി 7 കോടിയോളം രൂപയും ഇതിനകം വിതരണം ചെയ്തു. ഇതിന് പുറമെ ജില്ലാ കമ്മിറ്റികളുടെ സഹായധനം വേറെയുമുണ്ട്. ആത്മഹത്യ ചെയ്യുന്നവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ടാവില്ല.
അപേക്ഷാ ഫോമിലെ നിബന്ധനകൾക്ക് വിധേയമായി ജാതി, മത, കക്ഷി രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവാസി മലയാളികൾക്ക് കെ.എം.സി.സി സുരക്ഷാ പദ്ധതിയിൽ അംഗത്വമെടുക്കാം. സൗദി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിൻ ഇപ്പോൾ ഒരുമിച്ച് നടന്നു കൊണ്ടിരിക്കുകയാണ്. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.പി ഉംറ നിർവഹിക്കാനെത്തിയപ്പോഴാണ് രണ്ട് പദ്ധതികളുടെയും കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചത്.
കഴിഞ്ഞ ദിവസം ഷറഫിയ ലക്കി ദർബാറിൽ നടന്ന ജിദ്ദയിലെ ജില്ല, ഏരിയ, മണ്ഡലം പഞ്ചായത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി തന്റെ അംഗത്വ ഫോറം ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ടിന് കൈമാറി സുരക്ഷ അപേക്ഷാ ഫോമുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പി.എം.എ ജലീൽ പദ്ധതി വിശദീകരിച്ചു. നിസാം മമ്പാട്, മജീദ് പുകയൂർ, ഇസ്മായിൽ മുണ്ടക്കുളം, വി.പി മുസ്തഫ, കെ.വി കോയ, ഷംസുദ്ധീൻ പായേത്ത്, ശിഹാബ് താമരക്കുളം, അസീസ് കോട്ടോപ്പാടം, മജീദ് ഷൊർണൂർ, പി.ടി മൂസ സംസാരിച്ചു.
ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും സെക്രട്ടറി സി.കെ ഷാക്കിർ നന്ദിയും പറഞ്ഞു.