മലപ്പുറം- മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ട കുട്ടികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്തെ മമ്പാടാണ് തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളാണ് ആറും മൂന്നും വയസ്സുള്ള കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടത്.
തമിഴ്‌നാട് വിരുധാചലം സ്വദേശി തങ്കരാജും ഭാര്യ മാരിയമ്മയുമാണ് കുട്ടികളോട് ക്രൂരത കാണിച്ചത്. മാരിയമ്മ കുട്ടികളുടെ രണ്ടാനമ്മയാണ്. തങ്കരാജിന്റെ ഭാര്യ മഹേശ്വരി നേരത്തെ മരിച്ചിരുന്നു. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയാണ് കുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന വിവരം പുറംലോകത്ത് അറിയിച്ചത്.
തുടര്‍ന്ന് നാട്ടുകാര്‍ വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. അധികൃതര്‍ എത്തി പൂട്ടു പൊളിച്ച് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് എല്ലും തോലുമായ കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്. ദിവസങ്ങളായി ഭക്ഷണം കിട്ടാതെ അവശരായ നിലയിലായിരുന്നു കുട്ടികള്‍. നില്‍ക്കാനോ നടക്കാനോ പോലും കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകളുണ്ട്.