തിരുവനന്തപുരം- കമ്മിഷൻ പണം പാർട്ടിക്കും ഉദ്യോഗസ്ഥർക്കുമായി വീതിക്കുമെന്നും സി.പി.എമ്മിനെ പേടിപ്പിച്ചാണു പിൻവാതിൽ നിയമനം നടത്തുന്നതെന്നും ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പു കേസിൽ പ്രതിയായ സരിത എസ്. നായർ പറയുന്ന പുതിയ ശബ്ദരേഖ പുറത്തു വന്നു.
പൊതുമേഖല സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനത്തിനായി വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ സരിത എസ്.നായർക്കെതിരെ കൂടുതൽ തെളിവുകൾ പരാതിക്കാർ പുറത്തുവിട്ടു. പാർട്ടിക്ക് തന്നെ പേടിയാണെന്നും അവസരം പിഴിഞ്ഞെടുക്കുകയാണ് ലക്ഷ്യമെന്നും തൊഴിൽ തട്ടിപ്പിന് ഇരയായ അരുണിനോട് സരിത വ്യക്തമാക്കുന്നു. അതേസമയം, ശബ്ദരേഖ തന്റേതല്ലെന്നു സരിത പറഞ്ഞു. ഇതേത്തുടർന്ന് പണം ഇടപാടിന്റെയും വാട്‌സാപ് ചാറ്റിന്റെയും തെളിവുകൾ അരുൺ പുറത്തുവിട്ടു. തന്റെ കയ്യിൽ നിന്നു 11 ലക്ഷം രൂപ വാങ്ങി. ആദ്യ തുക രതീഷിന്റെ കയ്യിൽ കൊടുക്കാൻ പറഞ്ഞു. തുക കൊടുത്ത ശേഷം വാട്‌സാപ്പിൽ സന്ദേശം അയയ്ക്കും. അപ്പോൾ സരിത ഓക്കെ പറയുമെന്നുമാണ് അരുൺ വ്യക്തമാക്കുന്നത്.
അതേസമയം, സരിതയുടെ ഫോൺ സംഭാഷണങ്ങൾ തട്ടിപ്പിനിരയായവർ വെളിപ്പെടുത്തിയിട്ടും സരിതയെയും കൂട്ടാളികളെയും തൊടാതെ നെയ്യാറ്റിൻകര പോലീസ്. തട്ടിപ്പിനിരയായവരുമായി സരിത നടത്തിയ വാട്‌സ് ആപ് ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പണം നിക്ഷേപിക്കാൻ അക്കൗണ്ട് നമ്പർ നൽകിയതിന്റെയും പണം നിക്ഷേപിച്ചതിന്റെയും രേഖകൾ വാട്‌സ് ആപ് ചാറ്റിലുണ്ട്. ഫോൺ രേഖകളും വാട്‌സ് ആപ് ചാറ്റുകളും പുറത്തു വന്നിട്ടും ഒരു നടപടിയും എടുക്കാതെ നെയ്യാറ്റിൻകര പോലീസ് ഒളിച്ചു കളിക്കുകയാണെന്നും പരാതിക്കാരൻ ആരോപിച്ചു.
കഴിഞ്ഞ നാലു മാസക്കാലമായി തട്ടിപ്പിനിരയായവർ പരാതിയുമായി കയറിയിറങ്ങിയിട്ടും പ്രതികൾ സമൂഹത്തിൽ സൈ്വര വിഹാരം നടത്തുന്നതിനു പിന്നിൽ ഉന്നതരുടെ പിന്തുണയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. ബെവ്‌കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം ഉറപ്പ് നൽകിയപ്പോൾ മന്ത്രിമാരുടെ പേര് ഉൾപ്പെടെ പറഞ്ഞിരുന്നെന്നും തൊഴിൽ തട്ടിപ്പിന് ഇരയായ അരുൺ വെളിപ്പെടുത്തി. സി.പി.എം അനുമതിയോടെയാണ് അനധികൃത നിയമനമെന്നും സോളാർ തട്ടിപ്പിൽ എൽ.ഡി.എഫിന് സഹായകമായ നിലപാട് സ്വീകരിച്ചതിനാലാണിതെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചെന്നും നെയ്യാറ്റിൻകര സ്വദേശി എസ്.എസ്. അരുൺ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സി.പി.എമ്മിന് തന്നെ പേടിയാണെന്നും ശബ്ദരേഖയിൽ സരിത പറയുന്നുണ്ട്. ശബ്ദരേഖ നെയ്യാറ്റിൻകര പോലീസിന്റെ കൈവശം ഉണ്ടെങ്കിലും ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതക്കെതിരെ നൽകിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കെ.ടി.ഡി.സിയിലും ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര സ്വദേശികളായ രണ്ട് യുവാക്കളിൽ നിന്ന് 14 ലക്ഷത്തോളം രൂപ സരിതയും കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഇടത് വാർഡ് മെമ്പർ രതീഷ്, കൂട്ടാളി ഷാജു പാലിയോട് എന്നിവർ തട്ടിച്ചെന്നാണ് പരാതി. വ്യാജ നിയമന ഉത്തരവ് തയാറാക്കി നൽകിയതിലും പരാതിക്കാരനെ രണ്ടാം പ്രതി ഭീഷണിപ്പെടുത്തിയതിലും കേസെടുത്തിട്ടുണ്ട്. രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും അറസ്റ്റുണ്ടായില്ല. ഇതിനിടെ ഇടതു പഞ്ചായത്തംഗം മാരായമുട്ടം പോലീസുമായി നേർക്കുനേർ വെല്ലുവിളി നടത്തിയ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇയാൾ ഒളിവിലെന്നാണ് ഇപ്പോഴും പോലീസ് പറയുന്നത്.
സെക്രട്ടറിേയറ്റ് ജീവനക്കാരിയെന്ന പേരിൽ തന്നെ വിളിച്ചു തുടങ്ങിയ സരിത മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചത് 317 തവണയെന്ന് പരാതിക്കാരൻ വെളിപ്പെടുത്തി. മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം സരിത പറഞ്ഞു. ഇത് അന്വേഷണത്തിൽ ശരിയെന്നും ബോധ്യമായി. നിയമനം എങ്ങനെ നടപ്പാകുമെന്ന ഉദ്യോഗാർഥികളുടെ സംശയത്തിനും സരിതക്ക് ഉത്തരമുണ്ടായിരുന്നു. സോളർ കേസിൽ സി.പി.എമ്മിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായി നിയമനം നടത്താനുള്ള അധികാരം നൽകിയിട്ടുണ്ടത്രേ. ആരോഗ്യ കേരളത്തിലെ നാല് പേർക്ക് പുറമെ നാല് വർഷം കൊണ്ട് നൂറോളം പേർക്ക് ജോലി നൽകിയെന്നും സരിത പറയുന്നു.
സർക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്കു താൻ വഴി പിൻവാതിൽ നിയമനം നൽകിയെന്നു സോളർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ അവകാശപ്പെടുന്ന ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണ തനിക്കുണ്ടെന്നും പിൻവാതിൽ നിയമനം കിട്ടുന്നവർ പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് ധാരണയെന്നും ഇതിൽ നിന്ന് പാർട്ടിക്ക് ഫണ്ട് നൽകാറുണ്ടെന്നും സരിതയുടെ ഫോൺ സംഭാഷണത്തിൽ പറയുന്നു. ഇതിനിടെ ശബ്ദരേഖ തന്റേതല്ലെന്നും പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്നും ആരോപിച്ച് സരിത നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി.