തിരുവനന്തപുരം- മുൻ മന്ത്രി ശശീന്ദ്രൻ പ്രതിയായ ഫോൺ കെണി വിവാദം അന്വേഷിച്ച കമ്മീഷൻ റിപോർട്ട് പുറത്ത്. മന്ത്രിയെ ഫോണിൽ കുടുക്കിയ ചാനലിന്റെ അംഗീകാരം റദ്ദാക്കണമെന്നും ചാനൽ സി.ഇ.ഒയെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് ജസ്റ്റീസ് പി.എസ് ആന്റണി സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. പൊതുഖജനാവിന് നഷ്ടമുണ്ടായെന്നും അത് ചാനലിൽനിന്ന് ഈടാക്കണമെന്നും ശുപാർശയുണ്ട്. മന്ത്രിയെ ചാനൽ കുടുക്കിയതാണെന്നും റിപ്പോർട്ടിലുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നിയന്ത്രിക്കണമെന്നും ശുപാർശ ചെയ്യുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് സാമൂഹിക താ്ൽപര്യങ്ങളാണെന്നും വാണിജ്യ താൽപര്യങ്ങളിലേക്ക് ഇത് വഴിമാറാൻ പാടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ന് രാവിലെയാണ് ജസ്റ്റീസ് പി.എസ് ആന്റണി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറിയത്. രണ്ടു വാള്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണ് കൈമാറിയത്.കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കത്തെ വ്യക്തമാക്കാനാകില്ലെന്ന് പി.എസ് ആന്റണി പറഞ്ഞു. ടേംസ് ഓഫ് റഫറൻസിലെ ഒന്നു മുതൽ നാലു വരെയുള്ള ഭാഗത്തെ പറ്റി ഒന്നും പറയുന്നില്ലെന്നും ശശീന്ദ്രൻ മന്ത്രി സ്ഥാനത്തേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനമാണ് വരേണ്ടതെന്നും ആന്റണി വ്യക്തമാക്കി.
ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശശീന്ദ്രൻ പറഞ്ഞ കാര്യങ്ങൾ കേരളം മുഴുവൻ കേട്ടതാണെന്നും അതിന് പൊതുസമൂഹം തന്നെ മറുപടി പറയുമെന്നും ചെന്നിത്തല പറഞ്ഞു.