കോഴിക്കോട്- ഗുരുതരാവസ്ഥയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അബ്ദുന്നാസർ മഅ്ദനിയുടെ ജീവൻ രക്ഷിക്കുവാൻ ദേശീയ രാഷ്ട്രീയ നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ അഭ്യർഥിച്ച് കേരള സിറ്റിസൺ ഫോറം ഫോർ മഅ്ദനി.
തികച്ചും മാനവിക സംസ്‌കാരത്തിന് നിരക്കാത്തതും മനുഷ്യത്വ രഹിതവുമായ വേട്ടയാടലാണ് മഅ്ദനിയുടെ കേസിൽ നടക്കുന്നത്. നിരവധി രോഗങ്ങൾക്ക് അടിമപ്പെട്ട അദ്ദേഹത്തിന്റെ ജീവൻ കടുത്ത ഭീഷണിയിലാണ്. നാല് മാസങ്ങൾക്കുള്ളിൽ വിചാരണ പൂർത്തിയാക്കാമെന്ന കർണാടക പ്രോസിക്യൂഷന്റെ സുപ്രീം കോടതിയിലെ ഉറപ്പ് 6 വർഷങ്ങൾ പിന്നിടുകയാണ്. വാദം തീർന്ന രണ്ട് കേസുകളിലെയും പൊതു സ്വഭാവം പരിഗണിച്ചാൽ മഅ്ദനി നിരപരാധിയാണെന്ന് വ്യക്തമാണ്. സാക്ഷികളും പ്രതികളും ഒരേ സ്വഭാവത്തിലുള്ള കേസെന്ന നിലയിൽ ജാമ്യവ്യവസ്ഥകൾ ഉദാരമാക്കുവാൻ സുപ്രീം കോടതിക്ക് ബാധ്യതയുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യ-പൗരാവകാശ വിരുദ്ധ വിഷയത്തിൽ ദേശീയ രാഷ്ട്രീയ മനുഷ്യാവകാശ സാംസ്‌കാരിക മാധ്യമ നേതൃത്വങ്ങൾ കൂടുതൽ ഉത്തരവാദ ബോധത്തോടെ ഉണർന്ന് പ്രവർത്തിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പട്ടു.
ഇത് സംബന്ധിച്ച് നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി.രാജ, എ.എം. ആരിഫ്, പി.എം. നടരാജൻ (സി.പി.എം), ബിനോയ് വിശ്വം (സി.പി. ഐ), എം.പി.മാരായ ഷഫീഖുൽ റഹ്മാൻ (എസ്.പി), ഫസലുൽ റഹ്മാൻ (ബി.എസ്.പി), മനോജ് ഝാ (ആർ.ജെ.ഡി), അരുന്ധതി റോയി, മുതിർന്ന മാധ്യമ പ്രവർത്തകർ എന്നിവർക്ക് സിറ്റിസൺ ഫോറം സംസ്ഥാന കോ-ഓർഡിനേറ്റർ ജലീൽ പുനലൂർ നിവേദനം നൽകി.