തിരുവനന്തപുരം- കായല്‍ കയ്യേറ്റ വിവാദത്തില്‍ സ്ഥാനമൊഴിഞ്ഞ തോമസ് ചാണ്ടിക്ക് പകരം എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനാകുമെന്ന് എന്‍.സി.പിക്ക് ശുഭപ്രതീക്ഷ. ഫോണ്‍ വിളി വിവാദത്തില്‍ കുറ്റവിമുക്തനായാല്‍ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
എന്‍സിപി പ്രസിഡന്റ് ശരദ് പവാറുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. പാര്‍ട്ടി കേന്ദ്ര നേൃത്വത്തിന് എതിര്‍പ്പില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.ഹൈക്കോടതിയിലുള്ള കേസ് ഒത്തുതീര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം മന്ത്രിയാകുമെന്നും ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
മന്ത്രിയായിരിക്കെ, എ.കെ. ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഫോണ്‍ കെണി കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് കിട്ടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ശശീന്ദ്രനെ കുറ്റപ്പെടുത്തുന്നില്ല എന്നാണ് സൂചന.
എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും മാത്രമാണ് എന്‍സിപിക്ക് എം.എല്‍.എമാരായുള്ളത്. തോമസ് ചാണ്ടി സ്ഥാനം ഒഴിഞ്ഞപ്പോള്‍ മന്ത്രിസ്ഥാനം ഒഴിച്ചിടുകയും ആരാദ്യം കുറ്റവിമുക്തനാകുന്നോ അദ്ദേഹം മന്ത്രിയായി തിരിച്ചെത്തും എന്നായിരുന്നു സി.പി,എമ്മുമായുള്ള ധാരണ.