ഫിൻലന്റിന്റെ തലസ്ഥാനമായ ഹെൽസിങ്കി ഇവിടത്തെ ഏറ്റവും വലിയ നഗരം കൂടിയാണ്. അതിലുപരിയായി ലോകത്തിലെ ഏറ്റവും സത്യസന്ധരായ മനുഷ്യരുടെ നാടായാണ് ഹെൽസിങ്കി അറിയപ്പെടുന്നത്. വൃത്തിയുടെ കാര്യത്തിൽ ആർക്കും ബാൾട്ടിക് സമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹെൽസിങ്കിയെ തോൽപിക്കാൻ കഴിയില്ല. ഇവിടെ റോഡിലും കടൽത്തീരത്തുമൊന്നും മാലിന്യങ്ങളേയില്ല.
കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും 2010 മുതൽ ഇവിടം ദേശീയ പരാജയദിനം ആഘോഷിച്ചുവരുന്നു. തങ്ങളുടെ പരാജയങ്ങളിൽനിന്നും തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊള്ളാനും തിരുത്താനും ഫിന്നിഷ് ജനതയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ 13 പരാജിതരുടെ ദിനമായി ആഘോഷിക്കുന്നത്.
മറ്റ് സ്‌ക്കാന്റിനേവ്യൻ രാജ്യങ്ങളെ പോലെ കാപ്പി ഉപയോഗത്തിന്റെ കാര്യത്തിൽ ഫിൻലന്റുകാരും പ്രസിദ്ധമാണ്. എന്നാൽ ഇവരുടെ കാപ്പി ഉപയോഗം കുറച്ച് കടുപ്പമാണ്. 12 കിലോഗ്രാം കാപ്പിയാണ് ഓരോ ഫിൻലന്റുകാരനും ശരാശരി ഉപയോഗിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉപയോഗിക്കുന്നതും ഫിൻലന്റ് ജനതയാണ്.
കാന്റിക്രഷും ആംഗ്രിബേഡും മാത്രമല്ല, ടെംപിൾ ക്ലാൻ പോലുള്ള ലോകോത്തര മൊബൈൽ ഗെയിമുകളുടെ സൃഷ്ടിക്കു പിന്നിലും ഫിൻലന്റുകാരാണ്. ലോകത്തിൽ ഏറ്റവുമധികം വരുമാനം നേടിയ മിക്ക ഗെയിമുകളുടെയും ഉത്ഭവം ഇവിടെ നിന്നാണ്.
ലോകത്ത് മറ്റൊരിടത്തും കേട്ടുകേൾവി പോലുമില്ലാത്ത പല മത്സരങ്ങളുടെയും പേരിൽ ഫിൻലന്റ് പ്രസിദ്ധമാണ്. അതിൽ പ്രസിദ്ധമാണ് ഭാര്യയെ എടുത്തുകൊണ്ടുള്ള ഭർത്താക്കന്മാരുടെ ഓട്ടമത്സരം, കൊതുകിനെ പിടിക്കൽ, മൊബൈൽ ഫോൺ എറിയൽ മത്സരം, ഐസിൽ കിടന്നുള്ള നീന്തൽ തുടങ്ങിയവയെല്ലാം ഇവിടെത്തെ മാസ്റ്റർപീസ് മത്സരങ്ങളാണ്, ഭാര്യയെ എടുത്തുകൊണ്ടുള്ള ഭർത്താക്കന്മാരുടെ ഓട്ടമത്സരത്തിനു ഒന്നാം സമ്മാനമായി നൽകുന്നത് ഭാര്യയുടെ അതേ തൂക്കത്തിനുള്ള ബിയർ ആണ്! ഫിൻലന്റുകാർ ഏറ്റവുമധികം അഭിമാനിക്കുന്ന കാര്യങ്ങളിലൊന്ന് അവിടുത്തെ സൗജന്യ വിദ്യാഭ്യാസമാണ്. യൂറോപ്യൻ യൂനിയനിൽ നിന്നെത്തുന്നവർക്ക് സർവകലാശാലാ തലംവരെ ഇവിടെ സൗജന്യ വിദ്യാഭ്യാസം നൽകും. യൂറോപ്യൻ യൂനിയനിൽ നിന്നല്ലാത്തവർക്ക് ഇവിടെ ട്യൂഷൻ ഫീസ് സൗജന്യമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,87,888 തടാകങ്ങളാണുള്ളത്. ഇവയിലധികവും ശുദ്ധജല തടാകങ്ങളാണ്. മാത്രവുമല്ല, ഫിൻലന്റിന്റെ ആകെ ഭൂമിയുടെ 10 ശതമാനവും ഈ തടാകങ്ങളാണ്.
ലോകത്ത് രണ്ടാമത് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന രാജ്യമായിരുന്നു അടുത്ത കാലം വരെ ഫിൻലന്റ്. ഹംഗറിയ്ക്ക് തൊട്ടു പിറകിൽ.
ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം ആളുകൾ ഏറ്റവും സന്തോഷത്തോടെ കഴിയുന്നിടമാണ് ഈ രാജ്യമിപ്പോൾ. മലയാളികൾക്ക് സുപരിചിതമായ സ്ഥലം കൂടിയാണ് ഫിൻലന്റ്. മെയിഡ് ഇൻ ഫിൻലന്റ് മൊബൈൽ ഫോണുകൾ കണ്ണും ചിമ്മി വാങ്ങിയവരാണല്ലോ കേരളീയർ.