ഏറ്റുമാനൂര്‍-കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സൂചന. കോണ്‍ഗ്രസ് നേരിട്ട് മത്സരിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് വിവരം. കേരള കോണ്‍ഗ്രസില്‍ നിന്ന് ജോസ് കെ മാണി പക്ഷം വിട്ടുപോയത് ചൂണ്ടിക്കാട്ടി ഏറ്റുമാനൂര്‍ മണ്ഡലം പിടിച്ചെടുത്ത് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് നേരിട്ട് മത്സരിച്ചാല്‍ വിജയിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ്, ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാര്‍ എന്നിവരുടെ പേരുകളാണ് മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ കീഴില്‍ വരുന്ന കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളില്‍ അടക്കം ഇടത് ഭരണമാണ് നിലവിലുള്ളത്. ഈ മൂന്നിടങ്ങളിലും ജി. ഗോപകുമാറിന് സ്വാധീനമുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ ഫലം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സിപിഐഎമ്മിലെ സുരേഷ് കുറുപ്പാണ് ഏറ്റുമാനൂരില്‍ നിന്നുള്ള നിയമസഭാംഗം.