Sorry, you need to enable JavaScript to visit this website.

കോന്നി മെഡിക്കൽ കോളേജ്  ഐപി വിഭാഗം ഉദ്ഘാടനം നാളെ


പത്തനംതിട്ട - കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജ് ഐപി വിഭാഗം ബുധനാഴ്ച, വൈകിട്ട് 6.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിൽ നടത്തിയ  വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കിയോസ്‌കിന്റെ ഉദ്ഘാടനവും  മന്ത്രി നിർവഹിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഉദ്ഘാടന പരിപാടി നടത്തുക. ജനീഷ് കുമാർ  എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ആന്റോ ആന്റണി എംപി,  എംഎൽഎമാരായ മാത്യു ടി തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.


കിടത്തി ചികിത്സ 100 കിടക്കകളോടു കൂടിയാണ് ആരംഭിക്കുന്നത്. തുടർന്ന് 500 കിടക്കയായി വർധിപ്പിക്കും. ചികിത്സയ്ക്കായി എത്തുന്നവർക്ക് വാർഡുകളിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായി പേഷ്യന്റ് അലാം സംവിധാനം ഉൾപ്പെടെയുള്ളവ രോഗികൾക്കായി ഒരുക്കിയിട്ടുണ്ട്. കൂട്ടിരുപ്പുകാർക്കും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുളള കൂടുതൽ കസേരകളും  സജ്ജമാക്കി. കിടത്തി ചികിത്സ ആരംഭിക്കുന്നതോടുകൂടി കൂടുതൽ ഗതാഗത സൗകര്യങ്ങൾ മെഡിക്കൽ കോളേജിലേക്ക് ഏർപ്പെടുത്തും.
മെഡിക്കൽ കോളേജിൽ 108 ഡോക്ടർമാരുടെ തസ്തികയാണ് ലഭ്യമായിട്ടുളളത്. 285 ഇതര ജീവനക്കാരുടേയും തസ്തിക അനുവദിച്ചിട്ടുണ്ട്. കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി 26 ഡോക്ടർമാർ ഉൾപ്പെടെ 286 തസ്തികകളാണ് ഇപ്പോൾ പുതിയതായി അനുവദിച്ച് കിട്ടിയത്. ഇവരുടെ നിയമനങ്ങൾ നടന്നു വരികയാണ്. മെഡിക്കൽ കോളേജ് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി 241.01 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചതിന്റെ ടെണ്ടർ നടപടികൾ നടന്നു വരികയാണ്.  ഉദ്ഘാടന ദിവസം ടെണ്ടർ തുറന്ന് കരാർ ഉറപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ മാസം തന്നെ തറക്കല്ലിട്ട് രണ്ടാംഘട്ട നിർമാണം ആരംഭിക്കാൻ കഴിയും. 200 കിടക്കകളുള്ള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുളള ക്വാർട്ടേഴ്‌സ് ഫഌറ്റ് സമുച്ചയം, രണ്ടു നിലകളുള്ള അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, ആറു നിലകളുള്ള വനിതാ ഹോസ്റ്റൽ, അഞ്ച് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, മോർച്ചറി, ഓഡിറ്റോറിയം ഉൾപ്പെടെയുള്ള പുതിയ നിർമാണങ്ങളാണ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി നടത്തുന്നത്.


മെഡിക്കൽ കോളേജിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ കോളേജിനോടു ചേർന്നുള്ള ഒന്നര കിലോമീറ്റർ റോഡ് നാല് വരിപാതയായി നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.3 കി.മീ ഭാഗം രണ്ടാംഘട്ടമായി ഏഴുകോടി രൂപ മുടക്കി ഉടൻതന്നെ നിർമാണം ആരംഭിക്കും. പയ്യനാമണ്ണിൽ നിന്നും വട്ടമണ്ണിലേക്കുള്ള റോഡിന്റെ വികസനം മൂന്നാം ഘട്ടമായി നടത്തും. ഇവിടെ സ്ഥലം ഏറ്റെടുക്കുന്നതിനായി 14 കോടി രൂപയും സർക്കാർ ഇപ്പോൾ അനുവദിച്ചു നൽകിയിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ മികച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായി കോന്നി മെഡിക്കൽ കോളേജിനെ മാറ്റുകയാണ് ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു.
ഒപി പ്രവർത്തനം കഴിഞ്ഞ അഞ്ചു മാസമായി മികച്ച നിലയിൽ  നടന്നു വരികയാണ്. പ്രതിദിനം മുന്നൂറോളം രോഗികൾ ചികിത്സയ്ക്കായി ഒപിയിൽ എത്തിച്ചേരുന്നുണ്ട്. മെഡിസിൻ, സർജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇഎൻടി, നേത്രരോഗ വിഭാഗം, സൈക്കാട്രി എന്നീ ഒപി വിഭാഗങ്ങളാണ് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ മുതൽ ഗൈനക്കോളജി, ദന്തൽ ഒപി വിഭാഗങ്ങളും പ്രവർത്തനം ആരംഭിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.എസ്. വിക്രമൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സജിത്ത്കുമാർ, എച്ച്.എൽ.എൽ. ചീഫ് പ്രാജക്ട് മാനേജർ ആർ. രതീഷ്‌കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News