കൊൽക്കത്ത- അതിവേഗത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ശ്രീലങ്കക്കെതിരെ ഇന്നലെ കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി പൂർത്തിയാക്കിയത്. 29കാരന്റെ അമ്പതാം അന്താരാഷ്ട്ര സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റിൽ പതിനെട്ടാമത്തേത്. ഏകദിന ക്രിക്കറ്റിൽ 32 ശതകങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട് ദൽഹിക്കാരൻ.
മഴമൂലം രണ്ട് ദിവസത്തോളം കളി മുടങ്ങിയ മത്സരത്തിൽ ഏറെക്കുറെ അസംഭവ്യമെന്ന് കരുതാവന്ന വിജയത്തിനടുത്തേക്ക് ടീമിനെ കൊണ്ടെത്തിച്ച് ക്യാപ്റ്റന്റെ കളി കളിച്ച കോഹ്‌ലിയുടെ സെഞ്ചുറിയാണ്. ഏകദിന ശൈലിയിൽ അടിച്ചുതകർത്ത കോഹ്‌ലി 119 പന്തിൽനിന്നാണ് പുറത്താകാതെ 104 റൺസെടുത്തു. 12 ബൗണ്ടറികളും രണ്ട് സിക്‌സറും ആ ബാറ്റിൽനിന്ന് പിറന്നു. ആദ്യ ഇന്നിംഗ്‌സിൽ പൂജ്യത്തിന് പുറത്താകേണ്ടിവന്നതിന്റെ പ്രായശ്ചിത്തം കൂടിയായി രണ്ടാമിന്നിംഗ്‌സിലെ മിന്നും സെഞ്ചുറി.
നല്ല അനുഭവമെന്നായിരുന്നു മത്സരശേഷം സെഞ്ചുറിയേക്കുറിച്ച് കോഹ്‌ലിയുടെ പ്രതികരണം. എന്റെ യാത്ര അത്ര സുദീർഘമായിരുന്നുവെന്ന് തോന്നുന്നില്ല. ടീമിനുവേണ്ടി ഇനിയും കൂടുതൽ സംഭാവനകൾ നൽകണമെന്നാണ് ആഗ്രഹം, പ്രത്യേകിച്ചും ഇതുപോലുള്ള സാഹചര്യങ്ങളിൽ -ക്യാപ്റ്റൻ തുടർന്നു.
സെഞ്ചുറികളുടെ കണക്കെടുക്കുന്നതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നതാണ് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നത്. എപ്പോഴും മുന്നോട്ടുനീങ്ങുക, ടീമിനെ മുന്നോട്ട് നയിക്കുക, ടെസ്റ്റ് മത്സരങ്ങൾ ജയിക്കുക എന്നതാണ് എന്റെ ചിന്താഗതിയെന്നും കോഹ്‌ലി വ്യക്തമാക്കി.
ആറ് വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിനിടെയാണ് റിക്കാർഡ് പ്രകടനവുമായി കോഹ്‌ലി നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. 2011 ജൂണിൽ വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ കോഹ്‌ലിയുടെ 61ാമത് ടെസ്റ്റായിരുന്നു കൊൽക്കത്തയിലേത്. 103ാമത്തെ ഇന്നിംഗ്‌സും. 202 ഏകദിനങ്ങളിൽനിന്നാണ് 32 സെഞ്ചുറികളടിച്ചത്. 55 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും സെഞ്ചുറികളില്ല.
ടെസ്റ്റിൽ ഇതിനകം 8445 റൺസും, ഏകദിനങ്ങളിൽ 9844 റൺസും നേടിക്കഴിഞ്ഞു കോഹ്‌ലി.
ഇന്നലെ കളിയുടെ അവസാന സെഷൻ മാത്രം അവശേഷിക്കെ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവസരത്തിനൊത്തുയർന്ന ഇന്ത്യൻ ബൗളർമാരുടെ മിടുക്കിനെ അഭിനന്ദിക്കുകയായിരുന്നു കോഹ്‌ലി. എത്ര സമയമാണ് ബാക്കിയുള്ളതെങ്കിലും അതിനുള്ളിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നതാണ് പ്രധാനം. അഞ്ച് ദിവസത്തിനിടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആദ്യ രണ്ട് ദിവസങ്ങളിൽ പിന്നിലായെങ്കിലും ഞങ്ങൾ ഒടുവിൽ ശരിയായ മികവ് കാട്ടി.
ടീമിന്റെ ഇത്തരമൊരു പ്രകടനത്തിൽ അഭിമാനമുണ്ട്. നാല് വിക്കറ്റ് വീഴ്ത്തി ശ്രീലങ്കൻ ബാറ്റിംഗിനെ തകർത്ത ഭുവനേശ്വർ കുമാറിനെ കോഹ്‌ലി മുക്തകണ്ഠം പ്രശംസിച്ചു. ടീമിന്റെ അവിഭാജ്യമാണ് ഭുവിയെന്നും, എല്ലാം ടെസ്റ്റുകളിലും പദ്ധതികൾ തയാറാക്കുമ്പോൾ ഭുവിക്ക് സവിശേഷം സ്ഥാനമുണ്ടാകകുമെന്നും ക്യാപ്റ്റൻ പറഞ്ഞു. പ്രത്യേകിച്ചും വിദേശ പര്യടനങ്ങളിൽ.