ജിസാന്‍ - സൗദിയില്‍ കാര്‍ഷിക മേഖലയില്‍ വേറിട്ട വിജയഗാഥ രചിക്കുകയാണ് ജിസാന്‍ സ്വബ്‌യ നിവാസിയായ സൗദി യുവതി സുലൈഖ അല്‍കഅബി. വാഴക്കൃഷി മേഖലയിലാണ് സുലൈഖ അല്‍കഅബി പൊന്ന് വിളയിക്കുന്നത്.
സൗദി നിവാസികളെ സംബന്ധിച്ചേടത്തോളം സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള വാഴകൃഷി പതിവല്ല. പൊതുവെ രാജ്യത്ത് വാഴകൃഷി കുറവാണ്. അതുകൊണ്ടു തന്നെ പ്രവിശാലമായ സ്ഥലത്ത് സുലൈഖ നടത്തുന്ന വാഴക്കൃഷി വേറിട്ട കാഴ്ചയാവുകയാണ്. സ്വന്തം വീട് 25 ലക്ഷം റിയാലിന് വിറ്റാണ് സുലൈഖ വാഴക്കൃഷി ആരംഭിച്ചത്.
തുടക്കത്തില്‍ ഏറെ പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ ആരെയും അസൂയപ്പെടുത്തുന്ന നിലക്ക് വാഴക്കൃഷി മേഖലയില്‍ ഇവര്‍ വിജയഗാഥ രചിക്കുകയാണ്.
ചുവപ്പ്, നീല നിറങ്ങളിലുള്ള പഴക്കുലകള്‍ വിളയുന്ന വാഴകളും സുലൈഖയുടെ കൃഷിയിടത്തിലുണ്ട്. ഈയിനത്തില്‍ പെട്ട പഴക്കുലകള്‍ വിളയിക്കുന്ന അറബ് ലോകത്തെ ആദ്യ രാജ്യമായി സുലൈഖ അല്‍കഅബിയിലൂടെ സൗദി അറേബ്യ മാറി. പതിനായിരക്കണക്കിന് വാഴകളാണ് ഇവരുടെ കൃഷിയിടത്തിലുള്ളത്. കൃഷി കൂടുതല്‍ വിപുലീകരിക്കുന്നതിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തില്‍ നിന്ന് 80 ലക്ഷത്തിന്റെ ലഘൂവായ്പ സംഘടിപ്പിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് സുലൈഖ പറയുന്നു.
സൗദിയില്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമായ പ്രവിശ്യയാണ് ജിസാന്‍. ഇവിടെ ഏതു കൃഷിയും ലാഭകരമായി ചെയ്യാന്‍ സാധിക്കും. വാഴക്കൃഷി മേഖലയില്‍ വിജയം കൈവരിച്ച രാജ്യങ്ങളിലേതിനു സമാനമായ കാലാവസ്ഥയാണ് ജിസാനിലേത്. ഇതാണ് വാഴക്കൃഷി തെരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. പ്രവിശ്യയില്‍ വാഴക്കൃഷി ചെയ്യുന്ന ആദ്യത്തെ വ്യക്തിയല്ല താന്‍. എന്നാല്‍ ഇത്രയധികം വിശാലമായ പ്രദേശത്ത് വാഴക്കൃഷി ചെയ്യുന്ന പ്രഥമ വ്യക്തിയാണ് താന്‍. വീടു വിറ്റുകിട്ടിയ പണം മുഴുവന്‍ താന്‍ കൃഷിയിടത്തില്‍ ചെലവഴിക്കുകയായിരുന്നു. ഇതിനു പുറമെ ഏതാനും പേരില്‍ നിന്ന് കടംവാങ്ങിയ പണം കൂടി ഉപയോഗിച്ചാണ് കൃഷി പൂര്‍ത്തിയാക്കിയത്.
കൃഷിയിടത്തോട് ചേര്‍ന്ന് പാക്കിംഗ്, കയറ്റുമതി യൂനിറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. തുടക്കത്തില്‍ താനും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വയം അധ്വാനിച്ചാണ് കൃഷി ആരംഭിച്ചത്. താനും ഭര്‍ത്താവും മക്കളും സഹോദരങ്ങളും ചേര്‍ന്ന് തുടക്കത്തില്‍ വാഴക്കന്നുകള്‍ കുഴിച്ചിട്ടിരുന്നു. ഇപ്പോള്‍ തങ്ങളുടെ കൃഷി വലിയ പദ്ധതിയായി മാറിയിരിക്കുന്നു.
ഒരിക്കല്‍ കാര്‍ഷിക ജോലിയില്‍ തങ്ങള്‍ വ്യാപൃതരായിരിക്കെ അടിച്ചുവീറ്റിയ കൊടുങ്കാറ്റില്‍ മരം കടപുഴകി വീണു. ഇതുമൂലം വീട്ടിലേക്ക് മടങ്ങാന്‍ സാധിച്ചില്ല. അന്ന് രാത്രി കാറിലാണ് തങ്ങള്‍ കിടന്നുറങ്ങിയത്. അടുത്ത വിളവെടുവിപ്പില്‍ റിയാദ്, കിഴക്കന്‍ പ്രവിശ്യ, ജിദ്ദ എന്നിവിടങ്ങളിലേക്ക് വാഴപ്പഴം കയറ്റിഅയക്കാന്‍ പദ്ധതിയുണ്ട്. ജിദ്ദയിലേക്ക് ഇതിനകം തന്നെ ഒരു തവണ താന്‍ വാഴപ്പഴം കയറ്റി അയച്ചതായും സുലൈഖ പറയുന്നു.
സൗദിയിലെ ഏതാനും പ്രവിശ്യകളിലേക്ക് താന്‍ ഇപ്പോള്‍ വാഴപ്പഴം കയറ്റിഅയക്കുന്നുണ്ട്. ആഗോള തലത്തില്‍ കാര്‍ഷിക മേഖലയില്‍ വലിയ പുരോഗതി കൈവരിച്ച രാജ്യങ്ങളുമായി ഉല്‍പാദന നിരക്കില്‍ തനിക്ക് മത്സരിക്കാന്‍ സാധിക്കുന്നുണ്ട്. ആശയങ്ങള്‍ കൊണ്ടും മറ്റും തനിക്ക് പിന്തുകള്‍ നല്‍കിയ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, സ്വബ്‌യ കാര്‍ഷിക വകുപ്പ്, ദമദ് ഗവര്‍ണറേറ്റ് അടക്കം എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നതായും സുലൈഖ അല്‍കഅബി പറയുന്നു. (അല്‍ ഇഖ്ബാരിയ ടിവി)