ജിദ്ദ- കോവിഡ് പശ്ചാത്തലത്തില്‍ യു.എ.ഇയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ സൗദിയിലേക്കുള്ള യാത്രക്കാര്‍ക്ക് എത്രയും വേഗം ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് നോര്‍ക്ക അറിയിച്ചതായി ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് അടിയന്തര ഇടപെടുലുകള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ദുബായില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായകരമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉടനടി ഉണ്ടാകുമെന്നാണ് നോര്‍ക്ക അറിയിച്ചിട്ടുള്ളതെന്ന് ഡോ.എം.കെ. മുനീര്‍ അറിയിച്ചു.
കേരളത്തില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് കാത്തിരുന്നിട്ടും നടക്കാതായപ്പോഴാണ് കടംവാങ്ങിയും മറ്റും ആവശ്യമായ പണം കണ്ടെത്തി പലരും യു.എ.ഇ വഴി വരാനുള്ള മാര്‍ഗം തെരഞ്ഞെടുത്തത്. ഇവരില്‍ അധികപേരും സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവരാണ്. പലരുടേയും അവധിയും വിസയും കഴിയാറായ സ്ഥിതിയുണ്ട്. അതിനാല്‍ ഇവരുടെ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കത്തയച്ചിരുന്നു.