Sorry, you need to enable JavaScript to visit this website.

ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച തരുന്നവർ തെരഞ്ഞെടുക്കപ്പെടണം -കാന്തപുരം

തലശ്ശേരി- ആരു ഭരിക്കണം എന്നതല്ല എങ്ങനെ ഭരിക്കണം എന്നതാണ് പ്രധാനമെന്നും ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പു വരുത്താനാകുന്നവർ തെരഞ്ഞെടുക്കപ്പെടണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. 

എസ്.എസ്.എഫ്  സംസ്ഥാന സ്റ്റുഡന്റ്‌സ് കൗൺസിൽ സമാപന സമ്മേളനം തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ കേൾക്കാൻ ഭരണാധികാരികൾ തയാറാകണം. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം. 

ഒപ്പം സാമൂഹിക വികസന പ്രവർത്തനങ്ങളുടെ തുടർച്ച സാധ്യമാക്കുന്നതിന് ആവശ്യമായ കരുതൽ മൂലധനം ഖജനാവിൽ ഉറപ്പു വരുത്തുന്നതിലും ഭരണകൂടം ജാഗ്രത പുലർത്തണം. ആധുനിക കാഴ്ചപ്പാടുകളോടെ നാടിന്റെ വികസന പ്രവർത്തനങ്ങളും വേണം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ധാരാളം അനുകൂല ഘടകങ്ങൾ കേരളത്തിലുണ്ട്. ഇത് പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ വൈജ്ഞാനിക ഹബ്ബാക്കി കേരളത്തെ പരിവർത്തിപ്പിക്കണം. പെട്രോൾ, പാചക വാതക ഉൽപന്നങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾക്കു മേൽ ചുമത്തിയിരിക്കുന്ന അശാസ്ത്രീയമായ നികുതി ഘടന പുനഃപരിശോധിക്കാൻ കേന്ദ്ര ഭരണകൂടം തയാറാകണം' കാന്തപുരം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു.
 

Latest News