Sorry, you need to enable JavaScript to visit this website.

അറിവ്, അലിവ് - അലി മണിക്ഫാൻ

അലി മണിക്ഫാൻ
താൻ സ്വന്തമായി നിർമിച്ച വാഹനത്തിൽ  മണിക്ഫാൻ 
അലി മണിക്ക്ഫാൻ കുടുംബത്തോടൊപ്പം.
മക്കരപറമ്പിലെ കുമുകുമ മാസ്റ്ററുടെ വീട്ടിൽ കലണ്ടർ നിർമാണ പണിപ്പുരയിൽ.
അബൂദെഫ്‌ദെഫ് മണിക്ഫാനി എന്ന മത്സ്യം
മണിക്ഫാന്റെ മേൽനോട്ടത്തിൽ നിർമിച്ച പരമ്പരാഗത പായക്കപ്പൽ.
ലേഖകനോടൊപ്പം

കള്ളിമുണ്ടും നീളൻ കുപ്പായവും തലേക്കെട്ടുമൊക്കെയായുള്ള ലാളിത്യത്തിന്റെ രൂപഭാവത്തോടെ മലപ്പുറത്തുകാർക്ക് സുപരിചിതമായ അലി മണിക്ഫാനെ രാജ്യം പത്മശ്രീ നൽകി ആദരിക്കുന്നു. 
ലോകമെങ്ങുമുള്ളവർക്ക് ഒരുപോലെ പിന്തുടരാവുന്ന ഒരു ഏകീകൃത ചന്ദ്ര മാസ കലണ്ടർ മണിക് ഫാൻ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെടുത്തിയിട്ടുണ്ട്. എല്ലാ വർഷവും കലണ്ടറും ഡയറിയും തയ്യാറാക്കുന്നതിനായി മലപ്പുറം മക്കരപറമ്പ പുണർപ്പയിലെ കൂരിമണ്ണിൽ കുഞ്ഞിമുഹമ്മദ് എന്ന കുമുകുമ മാസ്റ്ററുടെ വീട്ടിൽ ദിവസങ്ങളോളം തങ്ങാറുണ്ട്. രാമപുരം നാറാണത്ത് കാറ്റാടി പ്പാടത്താണ് പ്രഭാതസവാരിയും വിശ്രമസമയവും ചെലവിടാറുള്ളത്. പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിരം അതിഥിയുമാവാറുണ്ടായിരുന്നു.
വിവിധ ഭാഷകളിൽ രൂപപ്പെടുത്തുന്ന കലണ്ടർ, ഡയറിയുടേയും നിർമാണ വിതരണ പ്രചാരണചുമതല വർഷങ്ങളായി നിർവഹിച്ചു വന്നിരുന്നത് കുമുകുമ മാസ്റ്ററായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 16 ന് കുമുകുമമാസ്റ്റർ മരണപ്പെട്ടു.
ഇപ്പോൾ അതിന്റെ പ്രചാരണാർത്ഥം ലോകമെമ്പാടും സഞ്ചരിക്കുകയാണ് മണിക്ക് ഫാൻ. രണ്ടര മണിക്കൂർ സമയ വ്യത്യാസമുള്ള സൗദി അറേബ്യയിലും ഇന്ത്യയിലും ദിവസവ്യത്യാസത്തിലാണ് ആഘോഷങ്ങൾ നടത്താറുള്ളതെന്നും പെരുന്നാളും നോമ്പും പല നാടുകളിൽ പല ദിവസങ്ങളിൽ ആഘോഷിക്കുന്ന സാഹചര്യമൊഴിവാക്കാൻ തന്റെ കലണ്ടർ പിന്തുടർന്നാൽ കഴിയുമെന്നുമാണ് മണിക്ഫാൻ അവകാശപ്പെടുന്നത്. 


ജ്യോതിശാസ്ത്രവും ജ്യോതിഷവും ഒന്നാണെന്ന തെറ്റിദ്ധാരണയാണ് തന്റെ കലണ്ടർ സമൂഹം അംഗീകരിക്കപ്പെടാതിരിക്കുന്നതിനുള്ള കാരണമെന്ന് മണിക്ഫാൻ പറയുന്നു.
ആഴക്കടലിലെ അദ്ഭുതങ്ങളോടൊപ്പം സഞ്ചരിക്കുന്ന ലോകപ്രശസ്ത സമുദ്ര ഗവേഷകനായ അലി മണിക്ഫാൻ കോഴിക്കോട് ഒളവണ്ണയിലാണ് താമസം. ഭാര്യ നല്ലളം വലിയകത്ത് സുബൈദ. 
കാഴ്ചയിലും പെരുമാറ്റത്തിലും വേഷഭാവത്തിലും മലബാറിലെ സാധാരണക്കാരനായ ഒരു മൊല്ലാക്ക. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത സഹയാത്രികൻ, ബസ്സിലും, ട്രെയിനിലും, കാൽനടയായിട്ടും മലയാളികളുടെ സഹയാത്രികനായി എവിടേയും കാണുന്ന ശുഭ്ര വസ്ത്രധാരിയായ ഒറ്റനോട്ടത്തിൽ പ്രത്യേകളൊന്നുമില്ലാത്ത പച്ചയായ മനുഷ്യസ്‌നേഹി, ആൾക്കൂട്ടങ്ങളോ ആരവങ്ങളോ സ്വീകരിക്കാനോ മുദ്രാവാക്യങ്ങളോ പിന്തുണയില്ലാതെ ലോകം ആദരിക്കുന്ന അദ്ഭുത ശാസ്ത്രപ്രതിഭയെ പത്മശ്രീ നൽകി രാജ്യം ആദരിക്കുന്നത്.
82 വയസ്സ് പിന്നിട്ടു. ഖുർആനിലും ഗോള ശാസ്ത്ര ഇസ്ലാമിക വിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ളയാൾ. നിലവിലെ സ്‌കൂൾ വിദ്യാഭ്യാസ കരിക്കുല സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിച്ചു. മക്കളെപ്പോലും സ്വന്തം കരിക്കുലം പ്രകാരം പഠിപ്പിച്ചു. തനിയെ പഠിക്കാൻ പ്രേരണ നൽകി. ലോകമാകെ 15 ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും സ്വയം പഠിച്ചു. മറൈൻ ബയോളജി, മറൈൻ റിസർച്ച്, ജിയോഗ്രഫി, ആസ്‌ട്രോണമി, സോഷ്യൽ സയൻസ്, ഇക്കോളജി, ട്രഡീഷനൽഷിപ്പ് ബിൽഡിംഗ് എഞ്ചിനീയർ, ഫിഷറീസ്, കൃഷി, ഹോർട്ടികൾച്ചറർ, സമുദ്ര കൃഷി തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തി സ്വന്തമായ കണ്ടെത്തലുകളിൽ ലോക അംഗീകാരത്തിലൂടെ സ്വന്തം ഇടം നേടി.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിൽ ജോലി നേടിയതിന് ശേഷം തമിഴ് നാട്ടിലെ രാമേശ്വരത്തേക്ക് താമസം മാറ്റി. സ്വയം നിരീക്ഷണപാടവത്തിനുള്ള ബഹുമതിയായിട്ടാണ് അദ്ദേഹം കണ്ടെത്തിയ മീനിന് അബുദെഫ്ദഫ് മണിക്ക്ഫാനി എന്ന പേര് രാഷ്ട്രം നൽകിയത്. 


പരീക്ഷണങ്ങൾ നടത്താനുള്ള വേദിയാകട്ടെയെന്നുള്ള ആഗ്രഹത്താലാണ് തുറസ്സായ സ്ഥലത്ത് കുടിൽ കെട്ടി വർഷങ്ങളോളം താമസിച്ചത്.
വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോൾ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വീട്ടിൽ വെളിച്ചമെത്തിച്ചു. 
തന്റെ വീട്ടിലെ ഫ്രിഡ്ജും സ്വന്തം നിർമ്മിതിയാണ്. 17 ഏക്കർ തരിശുനിലം സ്വന്തം അധ്വാനംകൊണ്ട് പൊന്നുവിളയുന്ന നിലമാക്കി മാറ്റി.
സ്വന്തം ആവശ്യത്തിനായി മോട്ടോർ പിടിപ്പിച്ച് ഒരു സൈക്കിൾ നിർമ്മിച്ചു. മണിക്കൂറിൽ 25 കി.മീ. വേഗത്തിൽ പോകുന്ന ആ സൈക്കിളിൽ തന്റെ മകന്റെ കൂടെ 45 ദിവസം കൊണ്ട് ദൽഹിയിൽ എത്തി. സൈക്കിളിന് പേറ്റന്റ് നേടി. ജോലിയിൽനിന്ന് സ്വയം വിരമിക്കലിനു ശേഷമാണ് വേറിട്ട വഴികളിലെ സഞ്ചാര വേഗം കൂട്ടിയത്. 
1200 വർഷം മുമ്പ് സിൻബാദ് ഉലകം ചുറ്റിയ 'സിൻബാദ് ദ് സെയിലർ' എന്ന കഥയിൽനിന്നുള്ള പ്രചോദനത്തിൽ ഒരു കപ്പലിൽ ഉലകം ചുറ്റാൻ  ടിം സെവെറിൻ ആഗ്രഹിച്ചു. കപ്പൽ നിർമ്മിക്കാനുള്ള ആളെ തേടിയുള്ള അന്വേഷണം മണിക്ക്ഫാനിലെത്തി നിന്നു. ഒരു വർഷംകൊണ്ട് അദ്ദേഹവും ഗ്രൂപ്പും ചേർന്ന് സൊഹാർ എന്ന കപ്പൽ നിർമ്മിച്ചു. ടിംസെവെറിൻ 22 യാത്രികരുമായി ഒമാനിൽ നിന്ന് ചൈന വരെ യാത്രയും നടത്തി. അലി മണിക്ഫാനോടുള്ള ആദരസൂചകമായി ആ കപ്പൽ ഇപ്പോൾ മസ്‌ക്കത്തിൽ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെട്ടു പോരുന്നു. ഇതിനെല്ലാം പുറമേ എത്രയെത്ര കണ്ടെത്തലുകൾ. പല വിദേശ രാജ്യങ്ങളിലേയും ഭരണാധികാരികളുടെ അതിഥിയായി പല തവണ അദ്ദേഹം എത്തി.


ലക്ഷദ്വീപ് എനിവർമെന്റ് ട്രസ്റ്റ് വൈസ് ചെയർമാൻ, യൂനിയൻ ടെറി ടെറി ബിൽഡിംഗ് ഡെവലപ്‌മെന്റ് ബോർഡ് മെമ്പർ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഇന്ത്യ മെമ്പർ, ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരുന്നു. എൻ.ഐ.എസ്.ടിയിൽ  പ്രധാനപ്പെട്ട രണ്ട് അക്കാദമിക്ക് വിഷയങ്ങളിൽ സ്ഥിരമായി സെമിനാർ അവതരിപ്പിക്കാറുണ്ട്. മക്കളെയാരെയും നിലവിലെ വിദ്യാഭ്യാസരീതി പിന്തുടർന്ന് പഠിപ്പിച്ചില്ല;  എന്നിട്ടും മകൻ മർച്ചന്റ് നേവിയിൽ ജോലി നോക്കുന്നു! പെണ്മക്കൾ മൂന്നു പേരും അധ്യാപികമാരാണ്.
ഇന്നും തന്റെ ലക്ഷ്യങ്ങളുമായി യാതൊരുവിധ അസുഖങ്ങളുമില്ലാതെ ഒറ്റയ്ക്ക് ബസ്സിൽ യാത്ര തുടരുകയാണ് അദ്ദേഹം. 
ഏതു സ്ഥലത്തും പരിചയക്കാർ. അവരുടെയെല്ലാം വീട് ഏതു കോണിലുമായിക്കൊള്ളട്ടെ, ഏതു ബസ്സ്, എവിടെ ഇറങ്ങണം,  എത്രദൂരം നടക്കണം, അടയാളമെന്ത് എന്നെല്ലാം കൃത്യമായി അദ്ദേഹത്തിനറിയാം.


കടലിലൊരു മീനുണ്ട്. പേര് അബു ദഫ്ദഫ് മണിക്ഫാനി. അത്ര പെട്ടന്നൊന്നും വലയിൽ കുടുങ്ങാത്ത വേറിട്ടൊരു മീൻ. ആ പേരിന് കാരണക്കാരനായ ആളും അങ്ങനെ തന്നെ. നടപ്പ് ജീവിതശീലങ്ങളുടെ വലയിൽ കുടുങ്ങാതെ വിജ്ഞാന സാഗരത്തിൽ നീന്തിത്തുടിക്കുന്ന വേറിട്ടൊരു മീൻ- എം. അലി മണിക്ഫാൻ. കടലാഴങ്ങളും അറിവാഴങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന, കടലിനെയും കരയെയും ആകാശത്തേയും ഒരുപോലെ തൊട്ടറിഞ്ഞ ഈ ജീവിതത്തെ എന്തുപറഞ്ഞ് വിശേഷിപ്പിക്കുമെന്ന് ആരുമൊന്ന് ആശയക്കുഴപ്പത്തിലാകും. സമുദ്ര ശാസ്ത്രജ്ഞൻ, ജ്യോതി ശാസ്ത്രജ്ഞൻ, ഭൂമി ശാസ്ത്രജ്ഞൻ, സാമൂഹിക ശാസ്ത്രജ്ഞൻ, സാങ്കേതിക വിദഗ്ധൻ, പരിസ്ഥിതി പ്രവർത്തകൻ, കാർഷിക വിദഗ്ധൻ, പ്രകൃതി നിരീക്ഷകൻ, മുസ്ലിം പണ്ഡിതൻ, ബഹുഭാഷ പണ്ഡിതൻ എന്നിങ്ങനെ നീളുന്നു മണിക്ഫാന്റെ വിശേഷണങ്ങൾ. മലയാളം, സംസ്‌കൃതം, ഹിന്ദി, തമിഴ്, ലക്ഷദ്വീപിലെ മഹൽ, അറബി, ഉർദു, ഇംഗ്ലീഷ്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, ജർമൻ, പേർഷ്യൻ തുടങ്ങി 14ൽ പരം ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയുന്ന ഏഴാം ക്ലാസുകാരൻ. മൂന്ന് വർഷം മാത്രം ഭൗതിക വിദ്യാഭ്യാസം നേടിയ ആൾക്ക് എങ്ങനെ ഇതെല്ലാം സാധിക്കുന്നുവെന്ന ചോദ്യത്തിന്റെ മറുപടി സ്വന്തം ജീവിതം കൊണ്ട് തന്നെ മണിക്ഫാൻ കാണിച്ചുതന്നിട്ടുണ്ട്. കടലും കരയും പഠിപ്പിച്ച പാഠങ്ങളിലൂടെ മനസ്സ് വെച്ചാൽ നമുക്ക് എന്തും പഠിക്കാം.
1938 മാർച്ച് 16 ന് ബി. മൂസ മണിക്ഫാനിന്റെയും ഫാത്തിമ മണിക്കയുടെയും മകനായി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് കോടതി ആമീൻ ആയിരുന്നു. അക്കാലത്ത് ജുഡീഷ്യൽ പദവിയായിരുന്നു ആമീൻ എന്നതിനാൽ നല്ല അധികാരവും സ്വാധീനവുമുള്ള കുടുംബത്തിലായിരുന്നു ജനനം. ഉപ്പ കോഴിക്കോട്ട് ഹജൂർ കച്ചേരിയിലേക്കും സ്വന്തമായി ചരക്കുകപ്പൽ ഉണ്ടായിരുന്ന ഉപ്പാപ്പ ദ്വം മാണിക്ഫാൻ വ്യാപാരത്തിനായി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും മംഗലാപുരത്തേക്കുമൊക്കെ യാത്ര തിരിക്കുമ്പോൾ കുഞ്ഞു മണിക്ഫാനെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. കടൽത്തീരത്തും കടലിലെ ലഗൂണിലുമായി ചെലവഴിച്ചിരുന്ന ബാല്യകാലം. പഠനത്തെ കുറിച്ച് പറഞ്ഞാൽ നാലാംക്ലാസ്‌വരെ എന്നുപറയുന്നത് സാങ്കേതികം മാത്രമാകും. കരയിൽനിന്നും കടലിൽനിന്നുമുള്ള അനുഭവങ്ങളിൽ നിന്നായിരുന്നു ആ പഠനം.?


പിതാവിന്റെ ഗുമസ്തനായ കണ്ണൂർ സ്വദേശി കല്ലിവളപ്പിൽ ഹസ്സൻ കുഞ്ഞിൽനിന്നാണ് കണക്കും ഇംഗ്ലീഷും മലയാളവും കുട്ടിക്കാലത്തേ പഠിച്ചത്. പത്താം വയസ്സിൽ ഹസ്സൻ കുഞ്ഞിനൊപ്പം കണ്ണൂരിലേക്ക് സ്‌കൂൾ പഠനത്തിനെത്തി. അഞ്ചാം ക്ലാസ് മുതൽ മൂന്ന് വർഷം അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചു പഠിച്ചത് മാത്രമാണ് ഭൗതികമായി നേടിയ വിദ്യാഭ്യാസം. കണ്ണൂർ ഹയർ എലിമെന്ററി സ്‌കൂളിൽ നിന്ന് പാതിവഴിയിൽ ഏഴാം ക്ലാസ് പഠനമുപേക്ഷിച്ച് ലക്ഷദ്വീപിലേക്ക് മടങ്ങി. 'സ്‌കൂൾ പഠനം മുഷിപ്പായി തോന്നിയിരുന്നു. ഞാൻ ചിന്തിച്ച് കൂട്ടുന്നതൊക്കെ പ്രായോഗികമാക്കാനും സ്വന്തം പരീക്ഷണങ്ങൾക്കും സമയം കിട്ടിയിരുന്നില്ല'- അക്കാലത്തെ കുറിച്ച് മണിക്ഫാൻ ഓർത്തെടുക്കുന്നത് ഇങ്ങനെ: സ്‌കൂൾ വിദ്യാഭ്യാസത്തോടുള്ള ഈ 'അലർജി' മക്കളുടെ കാര്യത്തിലും കാട്ടി. നാലുമക്കളെയും സ്‌കൂളിൽ വിട്ടില്ല. പക്ഷേ, ഈ തീരുമാനം തെറ്റിയതുമില്ല. 
കണ്ണൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് തിരിച്ചുവന്ന ശേഷം മിനിക്കോയിയിലെ ഇംപീരിയൽ ലൈറ്റ് ഓഫീസർമാരായ എൻജിനീയർമാരിൽനിന്ന് ലൈറ്റ് ഹൗസ് സംവിധാനങ്ങൾ, സിഗ്‌നൽ എന്നിവ പഠിച്ചു. സിലോണിൽ നിന്നുള്ള ആ ഉദ്യോഗസ്ഥർക്കൊപ്പം കൂടി കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങളിലും ഉപഗ്രഹങ്ങളെ കുറിച്ചുമൊക്കെ അറിവ് നേടി. കുറച്ച് കാലം മിനിക്കോയിയിൽ അധ്യാപകനായും ജോലി ചെയ്തു. കപ്പലിൽ ചേരാനായി കൊൽക്കത്തക്ക് പോയെങ്കിലും ചിക്കൻ പോക്‌സ് വില്ലനായി. പിന്നെയും കുറേക്കാലം അധ്യാപകനായും ആമീന്റെ ഗുമസ്തനായും മിനിക്കോയിയിൽ തുടർന്നു.


കുട്ടിക്കാലം മുതലേ ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കുന്ന മത്സ്യങ്ങളെ തിരിച്ചറിയാനുള്ള കഴിവ് മണിക്ഫാൻ സ്വായത്തമാക്കി. മൽസ്യച്ചിറക്, അവയുടെ നിറം, ചിറകിലെ മുള്ളുകൾ, അവയുടെ എണ്ണം എന്നിവ നോക്കി മനസ്സിലാക്കി തിരിച്ചറിയുമായിരുന്നു. 400 മത്സ്യ ഇനങ്ങളെ തിരിച്ചറിയാൻ കഴിയുമായിരുന്നു മണിക്ഫാന്. പല സമുദ്രശാസ്ത്രജ്ഞരും മത്സ്യങ്ങളുടെ വ്യത്യസ്ത വർഗങ്ങളെ തിരിച്ചറിയാൻ അദ്ദേഹത്തിന്റെ സഹായവും തേടിയിരുന്നു.
മണിക്ഫാന്റെ ഈ കഴിവുകളെ തിരിച്ചറിഞ്ഞ സെൻട്രൽ മറൈൻ ഫിഷറീസ് ഡയറക്ടർ ഡോ.എസ്. ജോൺസ് അദ്ദേഹത്തെ കേന്ദ്ര ഫിഷറീസ് വകുപ്പിലേക്ക് ശുപാർശ ചെയ്തു. 1960 മുതൽ 1980 വരെ അവിടെ ജീവനക്കാരനായി. ഡോ. ജോൺസ് വിരമിച്ചതോടെ മണിക്ഫാനും അവിടെ നിന്നിറങ്ങി. അദ്ദേഹം തിരിച്ചറിഞ്ഞ പുതിയ ഒരിനം മത്സ്യത്തിന് സെൻട്രൽ മറൈൻ വകുപ്പ് 'അബു ദഫ് ദഫ് മണിക് ഫാനി' എന്ന് പേരുമിട്ടു.


വിരമിച്ച ശേഷമാണ് തമിഴ്നാട്ടിൽ വേതാളൈ എന്ന സ്ഥലത്ത് കടൽക്കരയിൽ മൂന്ന് ഏക്കർ ഭൂമി വാങ്ങി താമസമാക്കിയത്. വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോൾ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വീട്ടിൽ വെളിച്ചമെത്തിച്ചു. കടൽക്കരയിൽ കാറ്റ് കൂടിയതിനാൽ കാറ്റാടിയന്ത്രം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിച്ചത്.
സിൻബാദ് ഉപയോഗിച്ചതുപോലെയുള്ള പരമ്പരാഗതമായ ഒരു അറബിക്കപ്പൽ ഉണ്ടാക്കാൻ ആരെങ്കിലുമുണ്ടോയെന്ന ഐറിഷ് സമുദ്രസാഹസിക സഞ്ചാരി ടിം സെവറിന്റെ അന്വേഷണം എത്തിയതും മറ്റാരിലുമല്ല. അങ്ങനെയാണ് കയറും അയനി മരവും മാത്രമുപയോഗിച്ച് സൊഹാർ എന്ന പേരിൽ അറബികളുടെ പാരമ്പര്യ ചരക്കുകപ്പൽ രൂപകൽപന ചെയ്യുന്നത്. പെരുമ്പാവൂരിൽ നിന്നുള്ള മരം ഒമാനിലെ സൂറിലെത്തിച്ചായിരുന്നു കപ്പൽ നിർമാണം. ഒമാനിലാണ് കപ്പൽനിർമാണം പൂർത്തിയാക്കിയത്.
ടിംസെവറിനും സംഘവും ഒമാനിൽനിന്ന് ചൈന വരെ ഈ കപ്പലിൽ യാത്ര ചെയ്തു. തിരികെ ഒമാനിലെത്തിച്ച കപ്പൽ ഒമാൻ സുൽത്താന്റെ കൊട്ടാരത്തിനടുത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ജീവിതരീതിയിലാകെ ലാളിത്യം കാത്തുസൂക്ഷിച്ചു വന്ന മണിക്ഫാനെ ഇപ്പോൾ രാജ്യം പത്മശ്രീ നൽകി ആദരിക്കുമ്പോഴും ആ ശൈലിയിൽ മാറ്റമില്ല.  ഇത്രയും നേട്ടങ്ങൾ കൈവരിച്ചിട്ടും വേണ്ടത്ര അംഗീകാരങ്ങൾ ലഭിച്ചില്ലല്ലോ ആളുകൾ തിരിച്ചറിയുന്നില്ലല്ലോ എന്നൊക്കെ ഒരിക്കൽ ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: 'മരുഭൂമിയിൽ എത്രയോ തരം പൂക്കൾ ആരുമറിയാതെ വിരിയുന്നു, കൊഴിയുന്നു. അതുപോലെയാണ് എന്റെ ജീവിതവും. 
 

Latest News