Sorry, you need to enable JavaScript to visit this website.

തമസോ മാ ജ്യോതിർഗമയ...  

വിജ്ഞാനത്തിനായുള്ള മർത്ത്യന്റെ ആദിമ ജിജ്ഞാസക്ക് നിയാണ്ടർത്താൽ താഴ്‌വരയിലെ ഗുഹാചിത്രങ്ങളോളം പഴക്കമുണ്ട്. തെളിഞ്ഞും പൊലിഞ്ഞും കടന്നു പോയ നാഗരികതകൾ കൈമാറിപ്പോന്ന അറിവിന്റെ നിറദീപങ്ങളാണ് എന്നും മനുഷ്യനെ തമസ്സിൽ നിന്നും ജ്യോതിസ്സിലേക്ക് നയിച്ചത്. വിശ്വവിജ്ഞാനത്തിന്റെ ചക്രവാളങ്ങളുമായി സംവേദന സാധ്യതയൊരുക്കാനായിരുന്നു 1921 ൽ ടാഗോർ വിശ്വഭാരതി സ്ഥാപിച്ചത്. രചിതഭൂതകാലത്തെ ശാശ്വതീകരിക്കുന്നതിനൊപ്പം സമകാലിക സംസ്‌കാരത്തിന്റെയും, വിജ്ഞാനത്തിന്റെയും സഞ്ചിത സൗന്ദര്യങ്ങൾക്കൊരു സംവേദന വേദിയൊരുക്കുകയാണ് കോഴിക്കോട് കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിയുടെ ഭാഗമായി ഉയർന്നുവരുന്ന കൾച്ചറൽ സെന്റർ. ലക്ഷ്യം നിറവേറുമ്പോൾ യാദൃച്ഛികമാവാം, വിശ്വഭാരതി സ്ഥാപിച്ച് ഒരു നൂറ്റാണ്ടു കഴിഞ്ഞ് 2021 ൽ മലബാറിന്റെ നഭസ്സിൽ മറ്റൊരു വിശ്വഭാരതി ഉയരുകയാണ്.


പൈതൃകവിജ്ഞാന ശാഖകളേയും, വിദ്യാഭ്യാസമേഖലയിലെ നൂതന വിചാരധാരകളേയും കോർത്തിണക്കി  നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈതപ്പൊയിലിലുള്ള  മർക്കസ് നോളജ് സിറ്റിയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. യൂനാനി മെഡിക്കൽ കോളേജ്, ലൊ കോളേജ്, അലിഫ് ഗ്ലോബൽ സ്‌കൂൾ എന്നിവയാണ് അവയിൽ ചിലതു്. എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ അതി നൂതന ശാഖകളായ റൊബോട്ടിക്ക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ വിഷയങ്ങളുടെ പഠന കേന്ദ്രങ്ങൾ നിർമ്മാണദശയിലാണ്. അവാൻ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്, ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റിയൂട്ട്, ആർക്കിടെക്ചർ കോളേജ് എന്നിവയുടെ പ്രവർത്തനവും അതി വിദൂരമല്ലാത്ത ഭാവിയിൽ ആരംഭിക്കും.   
125 ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിജ്ഞാന നഗരിയിൽ 7 ടവറുകളിലായി 1200 അപ്പാർട്ട്‌മെന്റുകളും ഒരു ഹോട്ടലും ഉൾപ്പെടുന്നു. 


അറബികൾ, പോർച്ചുഗീസുകാർ, ചൈനക്കാർ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലെ സംസ്‌കാരത്തിന്റെയും, വിജ്ഞാനത്തിന്റെയും അടിപ്പടവുകൾ അടുത്തറിഞ്ഞവരാണ് മലബാറിലെ കടന്നു പോയ തലമുറകൾ. നശ്വരലോകത്തുനിന്ന് ആ സാംസ്‌കാരിക വിനിമയ ബന്ധങ്ങളുടെ മഹിമകളെ വീണ്ടെടുത്ത് അനശ്വരമാക്കുകയാണ് ടാലൻ മാർക്ക് ഗ്രൂപ്പിലെ എം. ഹബീബുർ റഹ്മാൻ, ഹിബത്തുല്ല, എൻ എ. മുഹമ്മദ് ഷക്കീൽ എന്ന മൂന്ന് ഡയറക്ടർമാർ. അഭിനവ നാഗരികഭ്രമങ്ങൾക്കിടയിൽ വന്നു നിറയുന്ന വികസന വൈകൃതങ്ങളിൽ നിന്നും മാറി സഞ്ചരിച്ച് കലയും, വാണിജ്യവും, വിജ്ഞാനവുമെല്ലാം  സമജ്ഞസമായി സമ്മേളിപ്പിക്കുന്ന ഈ 'കൾച്ചറൽ സെന്റർ' മർക്കസ് നോളജ്‌സിറ്റിയുടെ മസ്തകത്തിലെ തിളങ്ങുന്ന ചന്ദ്രക്കലയായി മാറും ഭാവിയിൽ. ലോകോത്തര പൈതൃകമ്യൂസിയം, ഗവേഷണ കേന്ദ്രവും അതിനോടനുബന്ധിച്ചുള്ള സ്പിരിച്വൽ എൻക്ലേവും, ബൃഹത്തായ ലൈബ്രറി, സാംസ്‌കാരിക പരിപാടികൾ അരങ്ങേറാനുള്ള ഇന്റർനാഷനൽ ഈവന്റ് ആന്റ് എക്‌സിബിഷൻ സെന്റർ, അറബ് സുഖ്, തുടങ്ങിയവയാണ് ഈ കൾച്ചറൽ സെന്ററിന്റെ മുഖമുദ്രകൾ.


ഒരേ സമയം പതിനായിരം പേരെ ഉൾക്കൊള്ളാനുള്ള  സ്ഥല സൗകര്യമുണ്ട് കൾച്ചറൽ സെന്ററിൽ. നൂറ്റാണ്ടുകൾക്കു മുൻപ്, ആവാസ വ്യവസ്ഥകളുടെ ടെക്‌റ്റോണിക്ക് പ്ലെയിറ്റുകൾ നീങ്ങി നിരങ്ങുന്നതിനും മുൻപുണ്ടായിരുന്ന അറേബ്യൻ സാർത്ഥവാഹക സംഘങ്ങളുടെ കച്ചവടതെരുവിനെ വേറിട്ട ശൈലിയിൽ പുനരാവിഷ്‌ക്കരിക്കുകയാണ്  കൾച്ചറൽ സെന്ററിലെ അറബ് സുഖ്. ഇന്ത്യയിൽ ഇദം പ്രഥമമായി ഉയരുന്ന ഈ അറബ് സുഖിന് 123000 സ്‌ക്വയർഫീറ്റ് വിസ്തീർണമുണ്ട്. വിവിധങ്ങളായ 55 ഓളം വ്യാപാര മേഖലകളിൽ നിന്നായി 155 കച്ചവട സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കും. 


മുക്കാൽ കി.മീ നീളമുള്ള ഈ സുഖിന്റെ കച്ചവട ഇടനാഴി മരുഭൂമിയുടെ സ്വരരാഗങ്ങൾ ഏറെ ഏറ്റു വാങ്ങിയ മലബാറിന് ഒരു പുത്തൻ അനുഭവമാകും. ഇന്ന് ഒരാശ്രയ ഭൂമിയായി മാറിയ അറേബ്യൻ നാടുകളുമായി മലബാറിനുണ്ടായിരുന്ന വാണിജ്യ ബന്ധങ്ങൾക്ക് അർത്ഥപുഷ്ടിമ നൽകുന്നതിലൂടെ ഈ സാംസ്‌കാരിക കേന്ദ്രവും, ടാലൻമാർക്ക് ഗ്രൂപ്പും ചരിത്രത്തിൽ ഇടം പിടിക്കും.
മൺമറഞ്ഞ നാഗരികതകളുടെ പരിപാലനം ലക്ഷ്യമാക്കി കൊണ്ടാണ് ഇന്റർനാഷനൽ ഹെറിറ്റേജ് മ്യൂസിയം കൾച്ചറൽ സെന്ററിന്റെ അവിഭാജ്യഘടകമായി മാറുന്നത്. കാലം കരണ്ടു തിന്ന കയ്യെഴുത്തു പ്രതികൾ, ചിതലരിച്ച ചരിത്രരേഖകൾ, ദർശന സമൃദ്ധി നിറഞ്ഞ സാഹിത്യ കൃതികൾ ഇവയൊക്കെ സംരക്ഷിച്ച് വരും തലമുറക്ക് കൈമാറുകയെന്ന ചരിത്രദൗത്യം മഹനീയമാണ്, ശ്ലാഘനീയമാണ്. മങ്ങലേറ്റ, മാറാല പിടിച്ച ആർക്കൈവുകളുടെ ഡിജിറ്റലൈസേഷൻ നടത്തുമ്പോൾ ഈ സാംസ്‌കാരിക കേന്ദ്രം അനശ്വരതയുടെ രൂപകങ്ങൾ സൃഷ്ടിക്കുകയാണ്. 


കൾച്ചറൽ സെന്ററിൽ സ്ഥാപിതമാകുന്ന വേൾഡ് ക്ലാസ് ലൈബ്രറി കേരളത്തിലെ തന്നെ ആദ്യത്തെ 3ഡി ഡിജിറ്റൽ ലൈബ്രറിയാണ്. 42000 സ്‌ക്വയർഫീറ്റിൽ പരന്നു കിടക്കുന്ന ഈ വായനശാലക്ക് ഒരേ സമയം 500 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. ലോകോത്തര ക്ലാസിക്കുകൾ തൊട്ട് റഫറൻസ് ഗ്രന്ഥങ്ങളുടെയും മറ്റും അതിവിപുലമായ ഗ്രന്ഥശേഖരം ഈ ലൈബ്രറിക്ക് തനതായൊരു സ്ഥാനം വിദ്യാർത്ഥികളും, ഗവേഷകരും  നൽകും. ലൈബ്രറിയോടു ചേർന്നാണ് മത പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി നില കൊള്ളുന്ന സ്പിരിച്ച്വൽ എൻക്ലേയ്‌വ്. 
അന്താരാഷ്ട്ര സെമിനാറുകൾക്ക്, ബൗദ്ധികമായ ആശയ വിനിമയങ്ങൾക്ക് അരങ്ങൊരുകയാണ് ഇവിടെ ഉയരാൻ പോകുന്ന ഇന്റർനാഷനൽ കോൺഫറൻസ് കം എക്‌സിബിഷൻ സെന്ററിലൂടെ. വേൾഡ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസ് എന്ന പഠന ഗവേഷണ കേന്ദ്രമാണ് കൾച്ചറൽ സെന്ററിൽ സ്ഥാപിതമാകുന്ന മറ്റൊരു എക്‌സലൻസ് സെന്റർ.

വൈവിധ്യമാർന്ന 21 വിജ്ഞാന ശാഖകളിലായി 10 സ്‌പെഷലൈസ്ഡ് കോഴ്‌സുകളിലാവും ഇവിടെ അധ്യയനവും ഗവേഷണവും നടക്കുക. 500 വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാവും.ആഗോള റിസർച്ച് നെറ്റ് വർക്കിന്റെ ഭാഗമായ ഈ ഗവേഷണ കേന്ദ്രം 7 അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളുമായി അക്കാദമിക്ക് ധാരണയിലെത്തിക്കഴിഞ്ഞു. വിനോദത്തിനും വിശ്രമത്തിനും സാംസ്‌കാരിക കേന്ദ്രം രൂപകൽപന ചെയ്തവർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജ്ഞാന നഗരിയുടെ  ആകാശത്ത് പണി തീരുന്ന ആരാമമാണ് അവയിലൊന്ന്. 72000 സ്‌ക്വയർഫീറ്റിൽ പൂന്തോട്ടത്തിന്റെ സൗവർണ്ണസൗന്ദര്യം ശിരസ്സിലേറ്റുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ റൂഫ് ടോപ്പ് ഗാർഡനാണിവിടെ നിർമ്മാണത്തിലിരിക്കുന്നത്. നൂറോളം മരങ്ങളുടെ തണൽ ഛായയിൽ അതിഥികൾക്കും അന്തേവാസികൾക്കും വിശ്രമിക്കാനുള്ള സൗകര്യം തീർക്കുകയാണിതിലൂടെ.


വൈവിധ്യ സമൃദ്ധി കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രമായി മാറുകയാണ് ഈ കൾച്ചറൽ സെന്റർ. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ ജ്ഞാനത്തിന്റെയും,സംസ്‌കാരത്തിന്റെയും, വാണിജ്യത്തിന്റെ യും വൈവിധ്യസമുദ്ധിയുമായി ഒരു നഗരം ജനിക്കുകയാണ്. ഈ ഭൂമികയുടെ ദർശനമഹിമകളുടെ ധർമ്മശിരസ്സാണ് കൾച്ചറൽ സെന്ററിലെ മിനാരങ്ങൾക്കു മുകളിലുയരുന്ന ഗോളഗോപുരങ്ങൾ അഥവാ താഴികക്കുടങ്ങൾ. ആർക്കിടെക്ച്ചറൽ അത്ഭുതമായി 17 മീറ്റർ ഉയരത്തിലും 15 മീറ്റർ വീതിയിലും കൾച്ചറൽ സെന്ററിനു മുകളിലുയരുന്ന താഴികക്കുടങ്ങൾ (ഡോം) വീണ്ടും ഇന്ത്യയുടെ ചരിത്രത്തിൽ  പ്രഥമ സ്ഥാനത്തു നിൽക്കുന്നു.


വിദേശികളുമായി നൂറ്റാണ്ടുകളുടെ വ്യാപാര ബന്ധമുള്ള  മലബാറിന്റെ വിപണി സാധ്യതകൾക്കൊരു നവോത്ഥാനം ഈ കൾച്ചറൽ സെന്റർ ലക്ഷ്യമിടുന്നു. കടന്നുപോയ തലമുറകളുടെ ജന്മപുണ്യങ്ങൾ മിഥ്യാപുരാണങ്ങളായി മാറാതിരിക്കാനുള്ള ശ്രമമാണ് മറ്റൊന്ന്. വാസ്തുവിദ്യയുടെ നൂതന വഴിത്താരകളിലൂടെ അതുസാക്ഷാത്കരിക്കാനുള്ള ശ്രമമാണ് കൾച്ചറൽ സെന്റർ നിറവേറ്റുന്നത്.

Latest News