Sorry, you need to enable JavaScript to visit this website.

ഹാദിയയെ കാണാനെത്തിയ വനിതാ കമ്മീഷൻ അധ്യക്ഷയെ തടഞ്ഞു

കോട്ടയം - സുഹൃത്തുക്കളുമായി പോലും സംസാരിക്കാൻ കഴിയാനാകാത്ത വിധം കടുത്ത നിയന്ത്രണങ്ങളാണ് ഹാദിയ നേരിടുന്നതെന്ന് ബോധ്യമായതായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ.
വൈക്കം ടി.വി പുരത്തെ വീട്ടിൽ  കഴിയുന്ന ഹാദിയയെ കാണാൻ നേരിട്ടെത്തിയതായിരുന്നു അവർ. എന്നാൽ ഹാദിയയെ കാണാൻ പിതാവ് അനുവദിച്ചില്ല. മകളെ കാണാൻ ആരെയും അനുവദിക്കുന്നില്ലെന്ന് അച്ഛൻ അശോകൻ വ്യക്തമാക്കി. മകളെ സുപ്രീംകോടതിയിൽ ഹാജരാക്കുന്നതിനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെടാനും സുരക്ഷാ കാര്യങ്ങളുടെ വിശദാംശങ്ങൾ മനസ്സിലാക്കാനുമാണ് നേരിട്ടെത്തിയതെന്നും വിമാനയാത്രാ ചെലവ് കമ്മീഷൻ വഹിക്കാൻ തയാറാണെന്നും ജോസഫൈൻ അറിയിച്ചു. അതേസമയം യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കമ്മീഷൻ യാത്രാച്ചെലവ് നൽകേണ്ടതില്ലെന്നുമാണ് പിതാവ് നിലപാടെടുത്തത്. കമ്മീഷൻ അംഗം അഡ്വ. എം.എസ് താരയോടൊപ്പമാണ് ഉച്ചക്ക് രണ്ടരയോടെ ജോസഫൈൻ വൈക്കത്തെ വീട്ടിലെത്തിയത്.

തന്റെ അഭിപ്രായം കേൾക്കാതെ കേസിൽ കേരള വനിതാ കമ്മീഷൻ സുപ്രീംകോടതിയിൽ കക്ഷി ചേർന്നത് ശരിയായില്ലെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയെ മാത്രമേ മകളെ കാണാൻ അനുവദിച്ചിട്ടുള്ളൂവെന്നും അശോകൻ പറഞ്ഞു. യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അക്കാര്യത്തിൽ ശരിയായ നിലപാട് തന്നെയാണ് കമ്മീഷൻ സ്വീകരിച്ചതെന്നും ജോസഫൈൻ പറഞ്ഞു. ദേശീയ കമ്മീഷൻ അധ്യക്ഷയുടെ സന്ദർശനം കൊണ്ട് യുവതിക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും ചെയർപെഴ്‌സൺ ചോദിച്ചു.
പിതാവിന്റെ അനുവാദത്തോടെ മാത്രമേ പ്രായപൂർത്തിയായ ഒരു മകളെ കാണാൻ കഴിയൂ എന്ന സ്ഥിതി തുടരുന്നത് ആശാസ്യമല്ലെന്നും ഈ നിലപാട് തിരുത്തണമെന്നും ജോസഫൈൻ ആവശ്യപ്പെട്ടു. 


 

Latest News