പാലക്കാട്- പുതുപ്പള്ളിത്തെരുവ് പൂളക്കാട് ആറുവയസുകാരനെ മനോരോഗിയായ അമ്മ കഴുത്തറുത്ത് കൊന്നു. പുതുപ്പള്ളിത്തെരുവ് പൂളക്കാട് താമസിക്കുന്ന സുലൈമാന്റെ ഭാര്യ ഷാഹിദയാണ് മകൻ ആദിലിനെ കൊലപ്പെടുത്തിയത്. ഷാഹിദയെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലർച്ചെ മകനെ ശുചിമുറിയിൽ എത്തിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടികെട്ടിയശേഷം വീട്ടിലെ ശുചിമുറിയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. മൂന്ന് ആൺ മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആറുവയസ്സുകാരൻ ആദിൽ. കൊലപാതകം നടന്നത് ഭർത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല. ഇവർ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഷാഹിദ ഇപ്പോൾ ഗർഭിണിയാണ്. ഏറെക്കാലം മദ്രസാ അധ്യാപികയായി ഷാഹിദ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് സുലൈമാൻ ടാക്‌സി ഡ്രൈവറാണ്.