കോഴിക്കോട്- ബാലുശ്ശേരി പഴയ ബാലുശ്ശേരിയല്ല. പാർട്ടിയുടെ പേരുകൾ പല തവണ മാറിയെങ്കിലും എതിരാളികൾക്ക് മാറ്റമുണ്ടായെങ്കിലും എ.സി. ഷൺമുഖദാസിനെ ജയിപ്പിച്ചുകൊണ്ടേയിരുന്ന ബാലുശ്ശേരിയല്ല ഇന്നത്തെ ബാലുശ്ശേരി. ആഞ്ഞു പിടിച്ചാൽ കൂടെ പോരുമെന്ന് യു.ഡി.എഫുകാർക്കൊരു വിചാരമുണ്ട്. സി.പി.എമ്മിലെ എ. പ്രദീപ് കുമാറിനെതിരെ കോൺഗ്രസിലെ എം.കെ. രാഘവന് ലോക്‌സഭയിലേക്ക് നൽകിയ 9745 വോട്ടിന്റെ ഭൂരിപക്ഷം തന്നെയാണ് ഈ വിചാരത്തിന്റെ അടിസ്ഥാനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ അത്തോളി പിടിച്ചതിന്റെ ആവേശവും.
പക്ഷെ ഇടതുമുന്നണി ബാലുശ്ശേരിയെ ചൊല്ലി തെല്ലും ആശങ്കപ്പെടില്ല. ലോക്‌സഭയിലേക്കുള്ള വോട്ട് പഞ്ചായത്തിനെയോ നിയമസഭയെയോ ബാധിച്ച ചരിത്രമില്ല.
2008 ലെ മണ്ഡലം പുനർനിർണയത്തിൽ വലിയ മാറ്റങ്ങളുണ്ടായ മണ്ഡലങ്ങളിലൊന്നാണ് ബാലുശ്ശേരി. എലത്തൂർ, തലക്കുളത്തൂർ, നന്മണ്ട എന്നീ പഞ്ചായത്തുകൾ നഷ്ടപ്പെടുകയും കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ, ഉണ്ണികുളം എന്നീ പഞ്ചായത്തുകൾ കടന്നുവരികയും ചെയ്തു. അത്തോളി, ബാലുശ്ശേരി, പനങ്ങാട്, ഉള്ള്യേരി എന്നിവയാണ് തുടരുന്നത്. അഥവാ കടന്നു വന്ന പഞ്ചായത്തുകൾക്കാണ് പ്രാമുഖ്യം. നഷ്ടപ്പെട്ട പഞ്ചായത്തുകളത്രയും ഇടതു സ്വാധീന കേന്ദ്രങ്ങളായിരുന്നെങ്കിൽ കടന്നുവന്നവയിൽ കൂരാച്ചുണ്ടും ഉണ്ണികുളവും യു.ഡി.എഫ് കേന്ദ്രങ്ങളാണ്. നടുവണ്ണൂർ ഇരു മുന്നണികൾക്കും സ്വാധീനമുണ്ട്. 2015 ൽ ബലാബലം വന്ന നടുവണ്ണൂർ പഞ്ചായത്ത് ഇക്കുറി ഇടതുപക്ഷം നേടിയപ്പോൾ വർഷങ്ങളായി ഇടതിന് കൈവശമുള്ള അത്തോളി യു.ഡി.എഫിനൊപ്പം നിന്നു.
1957 മുതൽ 1967 വരെ തെരഞ്ഞെടുപ്പുകളിൽ ജയിച്ചത് സോഷ്യലിസ്റ്റുകളാണ്. എം. നാരായണക്കുറുപ്പ് 57 ലും 60 ലും ജയിച്ചപ്പോൾ എ.കെ. അപ്പുമാസ്റ്റർ 1967 ൽ വിജയം വരിച്ചു. എന്നാൽ 1970 ൽ കോൺഗ്രസുകാരനായ എ.സി. ഷണ്മുഖദാസ് ബാലുശ്ശേരിയെ കീഴടക്കി. 1977 ൽ ഇടതുമുന്നണിയുടെ ഭാഗമായ ലോക്ദളിലെ പി.കെ. ശങ്കരൻകുട്ടിക്കായിരുന്നു ജയം. 1980 ൽ ഷൺമുഖദാസ് വീണ്ടും വരുമ്പോൾ അദ്ദേഹം ഇടതുമുന്നണിയിലെ കോൺഗ്രസ് യു. ക്കാരനായിരുന്നു. 2001 വരെ ആറ് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഷൺമുഖദാസ് ബാലുശ്ശേരിയെ പ്രതിനിധാനം ചെയ്തു. കോൺ. എ, കോൺ. എസ്, എൻ.സി.പി. എന്നിങ്ങനെ അദ്ദേഹത്തിന്റെ പാർട്ടി മാറിയെങ്കിലും മുന്നണി ഇടത് ആയിരുന്നു. ഇടതുപക്ഷത്തിന് ശക്തമായി സ്വാധീനമുള്ള ബാലുശ്ശേരി മണ്ഡലം ചെറിയ ഘടക കക്ഷിയുടെ കൈയിൽ പെട്ടതിന്റെ നൊമ്പരം സി.പി.എമ്മുകാർ താലോലിച്ചുകൊണ്ടിരിക്കെയാണ് മണ്ഡലം അതിർത്തി പുനർനിർണയം ഉണ്ടായത്. തലക്കുളത്തൂർ, എലത്തൂർ, നന്മണ്ട പഞ്ചായത്തുകളെ ഉൾപ്പെടുത്തി എലത്തൂർ എന്ന പുതിയ മണ്ഡലം ഉണ്ടായപ്പോൾ എൻ.സി.പിക്ക് അതു നൽകി ബാലുശ്ശേരിയെ സി.പി.എം. സ്വന്തമാക്കി.
പട്ടിക ജാതി സംവരണ മൺഡലമായ ഇവിടെ രണ്ടു ടേം പൂർത്തിയാക്കിയ പുരുഷൻ കടലുണ്ടിക്ക് ഇനി അവസരമില്ല. കോഴിക്കോട് ജില്ലയിൽ നിന്നുള്ള എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എം. സച്ചിൻ ദേവ് ബാലുശ്ശേരിയിലേക്ക് വരും.
യു.ഡി.എഫിൽ സ്ഥാനാർഥിക്കാര്യത്തിൽ അവ്യക്തതയുണ്ട്. 2011 ൽ കോൺഗ്രസിലെ എ. ബാലറാമാണ് പുരുഷനെ നേരിട്ടത്. 9882 വോട്ടിനായിരുന്നു പുരുഷൻ കടലുണ്ടിയുടെ വിജയം. പുരുഷന് 49.18 ശതമാനം വോട്ടും ബലറാമിന് 43.29 ശതമാനം വോട്ടും ലഭിച്ചു. ബി.ജെ.പി.യിലെ ടി.കെ. രാമന് കിട്ടിയത് 9.3 ശതമാനം വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ യു.സി. രാമനാണ് സ്ഥാനാർഥിയായത്. പുരുഷൻ കടലുണ്ടിയുടെ ഭൂരിപക്ഷം 15,464 ആയി വർധിച്ചു. കോൺഗ്രസായിരുന്നെങ്കിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. സുപ്രൻ ബിജെ.പിയുടെ സ്ഥാനാർഥിയായതോടെ ബി.ജെ.പി. വോട്ട് 11 ശതമാനമായി കൂടി. രണ്ട് ശതമാനം വോട്ടിന്റെ കുറവുണ്ടായെങ്കിലും ഇടതു സ്ഥാനാർഥിയുടെ ഭൂരിപക്ഷം വർധിച്ചു.
ബാലുശ്ശേരി നൽകി കുന്ദമംഗലം സ്വീകരിക്കണമെന്ന നിർദേശം മുസ്‌ലിംലീഗിൽ ഉണ്ട്. അത് യാഥാർഥ്യമായാൽ യു.സി. രാമന് കുന്ദമംഗലം ലഭിക്കും. 2001 ലും 2006 ലും കുന്ദമംഗലത്തെ പ്രതിനിധീകരിച്ച യു.സി. രാമനും താൽപര്യം സ്വന്തം നാടായ കുന്ദമംഗലമാണ്. എന്നാൽ കുന്ദമംഗലത്ത് കോൺഗ്രസിലും ലീഗിലും താൽപര്യമുള്ളവർ ഏറെയാണ്. ബാലുശ്ശേരിക്ക് പകരം കൊയിലാണ്ടി സ്വീകരിക്കാനും ലീഗ് ഒരുക്കമാണ്.
2016 ലെ വോട്ട് നില
സ്ഥാനാർഥി പാർട്ടി വോട്ട് ശതമാനം
പുരുഷൻ കടലുണ്ടി സി.പി.എം. 82,91,447.5
യു.സി. രാമൻ മുസ്‌ലിംലീഗ് (സ്വത) 67,45,038.64
പി.കെ. സുപ്രൻ ബി.ജെ.പി. 19,32411.07
ബാലൻ നടുവണ്ണൂർ എസ്ഡി.പി.ഐ. 17,64 1.01
ശശീന്ദ്രൻ വെൽഫെയർ പാർട്ടി 959 0.59