കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായും സഖ്യത്തിനില്ലെന്ന് ട്വന്റി 20. കുന്നത്തുനാട്, പെരുമ്പാവൂർ എന്നിവിടങ്ങളിൽ മത്സരിക്കാൻ ട്വന്റി 20 തീരുമാനിച്ചിട്ടുണ്ട്. എറണാകുളം ജില്ലക്ക് പുറത്തുള്ള മണ്ഡലങ്ങളിലും ട്വന്റി20 മത്സരിക്കുന്നതിനുള്ള സാധ്യത തേടുന്നതായും ട്വന്റി20 ചീഫ് കോ-ഓർഡിനേറ്റർ സാബു ജേക്കബ് സൂചിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് ഏറ്റവും വിജയസാധ്യത മണ്ഡലമാണ് കുന്നത്തുനാട്. എന്നാൽ പോരാട്ടം കുന്നത്തുനാട് മണ്ഡലത്തിൽ മാത്രം ആയിരിക്കില്ല. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും അടുത്തദിവസം മുതൽ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിക്കും. മികച്ച സ്ഥാനാർഥിയെയും ജനങ്ങളുടെ പിന്തുണ കൂടി ലഭിക്കുകയാണെങ്കിൽ അവിടെ ട്വന്റി 20 സ്ഥാനാർഥിയെ നിർത്തും. നിലവിൽ കുന്നത്തുനാട്, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥി തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ പിന്തുണ ലഭിച്ചാൽ എറണാകുളം ജില്ലയ്ക്ക് പുറത്തും ട്വന്റി20 സ്ഥാനാർഥികളെ നിർത്തും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയാകില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെ ട്വന്റി ട്വന്റിയുമായി ധാരണക്ക് കോൺഗ്രസ് ശ്രമം നടത്തിവരികയാണ്. കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രൻ പ്രത്യേക താൽപര്യമെടുത്താണ് ചർച്ചകൾ. ട്വന്റി ട്വന്റിയുടെ പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യതയാണ് കോൺഗ്രസ് ആരായുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ വി.പി. സജീന്ദ്രൻ ട്വന്റി ട്വന്റിയെ സഹായിക്കുന്ന നിലപാട് എടുത്തതായി ആക്ഷേപമുയർന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടാണ് ആരുമായും ധാരണയില്ലെന്ന് സാബു ജേക്കബ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുസ്വീകാര്യതയുള്ള പ്രമുഖ വ്യക്തിത്വങ്ങളെ മത്സരിപ്പിക്കാനാണ് ട്വന്റി ട്വന്റിയുടെ ശ്രമം. നടൻ ശ്രീനിവാസൻ അടക്കമുള്ളവരുമായി ചർച്ച നടന്നിട്ടുണ്ട്.