കോട്ടയം- ശബരിമല സ്ത്രീപ്രവേശം വീണ്ടും കേരള രാഷ്ട്രീയത്തിലെ സജീവ ചര്‍ച്ചാ വിഷയമായതിനിടെ, ആചാര സംരക്ഷണത്തിനായി കരട് നിയമം തയാറാക്കി യു.ഡി. എഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന നിയമത്തിന്റെ കരടുരൂപം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് പുറത്തുവിട്ടത്്. തന്ത്രിയുടെ അനുമതിയോടെ മാത്രമായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം. ആചാരം ലംഘിച്ചാല്‍ രണ്ടു വര്‍ഷം തടവ് ലഭിക്കും. 45 പുനഃപരിശോധന ഹരജികളും അഞ്ചു റിട്ട് പെറ്റീഷനുകളും സുപ്രീം കോടതിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ വിശ്വാസ സംരക്ഷണത്തിന് വേണ്ടി വിധിക്ക് മുമ്പ് ഒരു നടപടിയും സ്വീകരിക്കില്ല എന്ന നിലപാടില്‍ ഗവണ്‍മെന്റ് ഇപ്പോഴും വാശി കാണിക്കുകയാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.
മുന്‍ ഡി.ജി.പി ടി. ആസഫലിയാണ് കരട് തയാറാക്കിയിരിക്കുന്നത്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നിയമം ഉറപ്പായും നടപ്പാക്കുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആചാരകാര്യത്തില്‍ പരമാധികാരം തന്ത്രിക്കാണെന്ന് കരട് നിയമത്തില്‍ പറയുന്നു. കരട് രേഖ നിയമമന്ത്രി എ.കെ ബാലന് കൈമാറുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു.