മലപ്പുറം- പി.വി. അന്‍വര്‍ എം.എല്‍.എയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുകളും ട്രോളുകളും നിറച്ച് മലയാളികള്‍. ഘാന പ്രസിഡന്റ് നാന അകുഫോ അഡ്ഡോയുടെ ഫേസ് ബുക്ക് പേജിലാണ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കമന്റുകള്‍ ശ്രദ്ധേയമായത്.
എം.എല്‍.എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഒരാഴ്ച മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരെല്ലാം ക്ഷമിക്കണം, താന്‍ ആഫ്രിക്കയിലാണെന്നാണ് പി.വി അന്‍വര്‍ ഇതിനു മറുപടി നല്‍കിയത്. പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം താനൊരു ബിസിനസ്‌കാരന്‍ കൂടിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിന് ശേഷം ബിസിനസ് ആവശ്യത്തിനാണ് വിദേശത്തേക്ക് വന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അന്‍വറിനെ വിട്ടുതരൂ എന്ന ആവശ്യവുമായി ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ രസകരമായ കമന്റുകള്‍ നിറച്ചിരിക്കുന്നത്. ജസ്റ്റിസ് ഫോര്‍ അന്‍വര്‍, ജസ്റ്റിസ് ഫോര്‍ ജപ്പാന്‍ പാപ്പി തുടങ്ങിയ ഹാഷ് ടാഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘാന പ്രസിഡന്റിന്റെ പോസ്റ്റിന് താഴെ നിറയുന്നത്.
ഘാന പ്രസിഡണ്ട് നീതി പാലിക്കുക, ഞങ്ങളുടെ അന്‍വറിനെ തിരിച്ച് തരിക, ഞങ്ങളുടെ അന്‍വര്‍ എം.എല്‍.എ ഘാനയിലെ ഏത് ജയിലിലാണെന്നെങ്കിലും പറയൂ ഘാന പ്രസിഡന്റേ, അവിടെ ഒരു ജാമ്യത്തിന് എത്രയാ വെല തുടങ്ങിയ രസകരമായ കമന്റുകളാണ് ഘാന പ്രസിഡന്റിന്റെ ഫേസ് ബുക്ക് പേജിലുള്ളത്.