റിയാദ് - രാജ്യത്ത് കൊറോണ കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്ന പക്ഷം മസ്ജിദുകള്‍ അടക്കാന്‍ മടിക്കില്ലെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഉന്നത പണ്ഡിതസഭ അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ഇക്കാര്യത്തില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം ഏകോപനം നടത്തുന്നുണ്ട്.
മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ സൗദി പൗരന്മാരുടെയും വിദേശികളുടെയും ഭാഗത്ത് അലസതയുള്ളതായി ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ മസ്ജിദുകളിലും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
ഇസ്‌ലാമികകാര്യ മന്ത്രാലയ ആസ്ഥാനത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖകളില്‍ പ്രവേശിക്കുന്നതിന് 'തവക്കല്‍നാ' ആപ്പും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, അണുനശീകരണ വ്യവസ്ഥകള്‍ പാലിക്കല്‍ പോലുള്ള മുന്‍കരുതല്‍ നടപടികളും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.