Sorry, you need to enable JavaScript to visit this website.

തുര്‍ക്കി വിവാദത്തില്‍ കെ.സി.ബി.സി വിമര്‍ശം; ക്ഷമ ചോദിച്ച് ചാണ്ടി ഉമ്മന്‍-video

കൊച്ചി- കേരള കത്തോലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെ.സി.ബി.സി) രൂക്ഷവിമര്‍ശത്തെ തുടര്‍ന്ന് തുര്‍ക്കി വിവാദത്തില്‍ ക്ഷമ ചോദിച്ച് ചാണ്ടി ഉമ്മന്‍. തുര്‍ക്കിയിലെ ഹാഗിയ സോഫിയയെ പരാമര്‍ശിച്ചത് തെറ്റിദ്ധാരണ പരത്തിയെന്നും ഒരു മതസമൂഹത്തെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചയുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പരാമര്‍ശം മനപ്പൂര്‍വ്വമല്ല നടത്തിയതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ മുസ്ലിം പള്ളിയാക്കിയതിനെ ചാണ്ടി ഉമ്മന്‍ ന്യായീകരിച്ച് നടത്തിയ പ്രസ്താവനയെ കെസിബിസി  വിമര്‍ശിച്ച സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്റെ തിരുത്ത്.  തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരിവ് വളര്‍ത്താന്‍ ശ്രമിക്കരുതെന്നും സമൂഹ മാധ്യമങ്ങളിലെ എഴുത്തുകളും നിലപാടുകളും അത്തരത്തിലായിരിക്കണമെന്നും കെ.സി.ബി.സി പ്രസ്താവനയില്‍ പറഞ്ഞു.  യൂറോപ്പിലെ പല പള്ളികളും വില്‍ക്കപ്പെടുകയാണെന്നും അവ വ്യാപാരശാലകളാക്കി മാറ്റുന്നതിനെയും ചാണ്ടി ഉമ്മന്‍ പരാമര്‍ശിച്ചിരുന്നു.

ഹഗിയ സോഫിയ പോലൊരു ചരിത്ര സ്മാരകത്തെ മുസ്ലിം പള്ളിയാക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് വലിയ മുറിവാണ് ഉണ്ടാക്കിയത്. ഇത് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം. ചരിത്രം അറിയേണ്ട വിധം അറിയുന്നതിനായി യുവ രാഷ്ട്രീയ നേതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെ.സി.ബിസി പറഞ്ഞു.

നാടിന്റെ വികസനത്തിനും മനുഷ്യ പുരോഗതിക്കുമായി യത്‌നിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. യുവ നേതാക്കളുടെ സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തുകളും നിലപാടുകളും അത്തരത്തില്‍ ആയിരിക്കണം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരിവ് വളര്‍ത്തുന്നത് സമൂഹത്തില്‍ വലിയ മുറിവ് ഉണ്ടാക്കും.  

തുര്‍ക്കി ഭരണാധികാരിയുടെ നടപടിയെ വെള്ളപുശാന്‍ ശ്രമിച്ച ചാണ്ടി ഉമ്മന്‍ ഇതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണം. എര്‍ദോഗന്റെ നടപടിയെ പ്രകീര്‍ത്തിച്ച് ചന്ദ്രികയില്‍ ലേഖനം എഴുതിയ മുസ്ലിം ലീഗ് നേതാവിനെ ചാണ്ടി ഉമ്മന്‍ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കെ.സി.ബിസി വിമര്‍ശിച്ചു.  
ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാര്‍ക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയതോതില്‍ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രല്‍. തുര്‍ക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നത്.
െ്രെകസ്തവസഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജ്യേന ചിലര്‍ സാമൂഹിക മാധ്യമങ്ങള്‍ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നവരും അതു പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കാസഭയെ പ്രതിനിധാനം ചെയ്യുന്നില്ല. കേരള സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്ന ഒരു നടപടിയെയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതായുണ്ടെന്നും കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

Latest News