കല്‍പറ്റ-സര്‍വീസില്‍നിന്നു വിരമിച്ച എസ്.ഐക്കു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷനില്ല. കല്‍പറ്റയില്‍ ട്രാഫിക് എസ്.ഐയായിരിക്കെ വിരമിച്ച അരിമുള കണിയാംകൊല്ലി കേശവനാണ് പെന്‍ഷന്‍ നിഷേധം നേരിടുന്നത്.
2011ലെ ഓണക്കാലത്തു ജില്ലാ പോലീസ് ഓഫീസില്‍ ബഹളംവച്ചുവെന്ന പരാതിയില്‍ കല്‍പറ്റ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തീര്‍പ്പായില്ലെന്നു പറഞ്ഞാണ് പെന്‍ഷന്‍ അനുവദിക്കാത്തതെന്നു കേശവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24,000 ഓളം രൂപ പ്രതിമാസ പെന്‍ഷന്‍ കിട്ടേണ്ട കേശവന്‍ ജീവനാംശമായി ലഭിക്കുന്ന തുക വിനിയോഗിച്ചാണ് കുടുംബം പോറ്റുന്നത്.
ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് പട്ടികവര്‍ഗത്തിലെ കുറുമ സമുദായാംഗമായ ഇദ്ദേഹത്തിന്റെ കുടുംബം.
സര്‍വീസില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ ഒരു വര്‍ഷത്തില്‍ക്കടുതല്‍ തടഞ്ഞുവയ്ക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും പെന്‍ഷന്‍ അനുവദിക്കണമെന്നു അപേക്ഷിച്ചും കേശവന്‍ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതിയില്‍നിന്നും മനുഷ്യാവകാശ കമ്മീഷനില്‍നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചതും വെറുതെയായി. നിയമപരമായ തടസ്സങ്ങള്‍ നീക്കി പെന്‍ഷന്‍ ലഭ്യമാക്കുന്നതിനു ഹൈക്കോടതി ചീഫ് സെക്രട്ടറിക്കു നല്‍കിയ നിര്‍ദേശത്തില്‍ തുടര്‍നടപടി വൈകുകയാണ്.
ഓണം അലവന്‍സ് ലഭിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുന്നതിനു ജില്ലാ പോലീസ് ഓഫീസില്‍ എത്തിയതിനു പിന്നാലെയുണ്ടായ പ്രശ്‌നങ്ങളാണ് കേശവനെതിരായ കേസിനു ഇടയാക്കിയത്. കേശവന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ഓണാഘോഷം നടക്കുകയായിരുന്നു. ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ ഒച്ചയിടുന്നതു കേശവന്‍ ചോദ്യംചെയ്തു. ഇതിന്റെ പേരില്‍ ജീവനക്കാരില്‍ ചിലര്‍ ആക്ഷേപിച്ചതു കയര്‍ത്തു സംസാരിക്കാന്‍ കേശവനെ നിര്‍ബന്ധിതനാക്കി. ആക്ഷേപിച്ചവര്‍ക്കെതിരെ പരാതി നല്‍കാന്‍ കേശവന്‍ മുതിര്‍ന്നെങ്കിലും അന്നത്തെ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ഭീഷണിപ്പെടുത്തി വിലക്കി. ഇതിനിടെ ഓഫീസിലെത്തി ബഹളംവച്ചെന്ന ജീവനക്കാരില്‍ ചിലരുടെ പരാതിയില്‍ കല്‍പറ്റ പോലീസ് കേസെടുത്തു കേശവനെ അറസ്റ്റു ചെയ്തു. ഇതേത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ കേശവന്‍ മാസങ്ങള്‍ക്കുശേഷം സര്‍വീസില്‍ തിരിച്ചുകയറിയെങ്കിലും പ്രതികാര നടപടികള്‍ തുടര്‍ന്നു. 2013ല്‍ കേശവനെ തൃശൂരിലേക്കു സ്ഥലംമാറ്റി.
കല്‍പറ്റ സി.ജെ.എം കോടതിയിലാണ് കേശവനെതിരായ കേസ്. ഒമ്പതുവര്‍ഷമായിട്ടും കേസ് വിധിയാകാത്തിനു പിന്നിലും ജില്ലാ പോലീസ് ഓഫീസില്‍ ജീവനക്കാരായിരുന്ന ചിലരുടെ ചരടുവലികളാണെന്നു കേശവന്‍ കരുതുന്നു.
സര്‍വീസില്‍നിന്നു പിരിഞ്ഞശേഷം ബാങ്കില്‍നിന്നും അയല്‍ക്കൂട്ടത്തില്‍നിന്നും വായ്പയെടുത്ത് വീട് പുതുക്കിപ്പണിതിരുന്നു. പെന്‍ഷന്‍ തുക വിനിയോഗിച്ചു ഗഡുക്കളായി വീട്ടാമെന്ന പ്രതീക്ഷയിലാണ് വായ്പയെടുത്തത്. ജീവനാശം കുടുംബച്ചെലവിനു കഷ്ടിച്ചു തികയുന്ന സാഹചര്യത്തില്‍ വായ്പകളുടെ തിരിച്ചടവും മുടങ്ങുകയാണെന്നു കേശവന്‍ പറഞ്ഞു.