Sorry, you need to enable JavaScript to visit this website.

ആശങ്ക വേണ്ട; നിങ്ങളുടെ ബാങ്ക് അക്കൗണ്ട് റദ്ദാവില്ല 

കൊച്ചി- ആധാര്‍ ബന്ധിപ്പിക്കാത്ത എന്‍.ആര്‍.ഇ അക്കൗണ്ടുകള്‍ ഡിസംബര്‍ 31 നുശേഷം  മരവിപ്പിക്കുമെന്ന് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാനാവില്ലെന്ന വ്യവസ്ഥ തന്നെ ആധാര്‍ നിയമത്തിലുണ്ടായിരിക്കെ, എങ്ങനെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാവുമെന്ന ചോദ്യമാണ് ആധര്‍ നല്‍കുന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) അധികൃതര്‍ ചോദിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി മലയാളിയും ദുബായില്‍ ഉദ്യോഗസ്ഥനുമായ ഫെമിന്‍ പണക്കശ്ശേരി സുബ്രഹ്്മണ്യന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഹരജി പരിഗണിച്ച ജസ്റ്റിസ് എ.കെ. സിക്രി ആധാര്‍ വിഷയങ്ങള്‍ പരിഗണിക്കുന്നതിന് സുപ്രീം കോടതി ഉടന്‍ തന്നെ രൂപീകരിക്കുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെ വിഷയം ഉന്നയിക്കാന്‍ നിര്‍ദേശിച്ചിരിക്കയാണ്. ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന നിബന്ധനയില്‍നിന്ന് പ്രവാസികളെ ഒഴിവാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ആധാര്‍ നിര്‍ബന്ധമെന്നും പ്രവാസികളെ ആധാര്‍ നിയമം ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് ഫെമിനുവേണ്ടി അഡ്വ. കെ.എന്‍. ഷിനോജ് ചൂണ്ടിക്കാണിച്ചത്. 

പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്ന് വിശദീകരിച്ച് യു.ഐ.ഡി.എ.ഐ അധികൃതര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ചെങ്കില്‍ ഡിസംബര്‍ 31-നകം എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് നിര്‍ദേശം ബാങ്കുകള്‍ നല്‍കുന്നുണ്ട്. എന്‍.ആര്‍.ഇ. അക്കൗണ്ടുകള്‍ക്കും ഇതേ നിബന്ധന ബാങ്കുകള്‍ ബാധകമാക്കിയിരിക്കയാണ്. 

കള്ളപ്പണം തടയല്‍ നിയമപ്രകാരവും ആദായനികുതി നിയമപ്രകാരവുമാണ് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധപ്പിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.  എന്നാല്‍, ആധാര്‍തന്നെ വേണമെന്ന് നിയമത്തില്‍ വ്യവസ്ഥയില്ലാത്തവര്‍ക്ക് എങ്ങനെയാണ് ഈ നിബന്ധന ബാധകമാകുകയെന്ന് അതോറിറ്റി ചോദിക്കുന്നു. പ്രവാസികളുടെ കാര്യത്തിലുള്ള ആശയക്കുഴപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് പരിഹരിക്കേണ്ടതെന്നും  യു.ഐ.ഡി.എ.ഐ നിര്‍ദേശിക്കുന്നു.

ആധാര്‍നിയമപ്രകാരം പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍വംശജരായ വിദേശപൗരന്മാര്‍ക്കും ആധാര്‍ നല്‍കേണ്ടതില്ല. പ്രവാസികള്‍ക്ക് ആധാര്‍ നല്‍കരുതെന്ന നിബന്ധന ഉണ്ടായിട്ടു പോലും പലകാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതോടെ ധാരാളം പ്രവാസികള്‍ ആധാര്‍ എടുത്തിട്ടുണ്ട്.  വിദേശത്താണെന്നകാര്യം വ്യക്തമാക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് ഇത് സാധ്യമായത്. എങ്കില്‍ പോലും ആധാര്‍ എടുക്കാത്ത ലക്ഷക്കണക്കിന് പ്രവാസികള്‍ അവശേഷിക്കുന്നു. 
ഇതിനിടയിലാണ് ഡിസംബര്‍ 31-നകം ആധാര്‍ ലിങ്ക് ചെയ്യാത്ത എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രനിര്‍ദേശം ലഭിച്ചത്. 

ഇന്ത്യന്‍വംശജരായ വിദേശപൗരന്മാര്‍ക്ക് ഇന്ത്യയില്‍ എന്‍.ആര്‍.ഇ. അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുമതിയുണ്ട്.  എന്‍.ആര്‍.ഇ. എന്ന നിലയില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുമുണ്ട്. ഇത് ആധാറിന്റെപേരില്‍ നിഷേധിക്കാനാകില്ലെന്നാണ് യു.ഐ.ഡി.എ.ഐ. വ്യക്തമാക്കുന്നത്. 
അതേസമയം, കേന്ദ്ര സര്‍ക്കാരില്‍നിന്ന് വ്യക്തമായ നിര്‍ദേശം ലഭിച്ചാല്‍ മാത്രമെ, ഡിസംബര്‍ 31-നകം അക്കൗണ്ട്-ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍നിന്ന് ബാങ്കുകള്‍ക്ക് പ്രവാസികളെ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ.  

Latest News