Sorry, you need to enable JavaScript to visit this website.

ചെത്തുകാരന്റെ മകന്‍ പ്രയോഗം ആലങ്കാരികം, സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല- ചെന്നിത്തല

കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച്  ചെത്തുകാരന്റെ മകന്‍ എന്നു പ്രയോഗിച്ച കെ.സുധാകരന്‍ എം.പിയെ  തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്തത്തേയും ധൂര്‍ത്തിനേയുമാണ് സുധാകരന്‍ പരാമര്‍ശിച്ചതെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും ചെന്നിത്തല പറഞ്ഞു. വിവാദത്തില്‍ ചെന്നിത്തലയു തന്നെ തള്ളിപ്പറഞ്ഞുവെന്ന് സുധാകരന്‍ പരാതിപ്പെട്ടിരുന്നു.  
സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്ക് അങ്ങനെ അഭിപ്രായമില്ല. കഴിഞ്ഞ ദിവസം ഞാന്‍ മാധ്യമങ്ങളോട് പൊതുവായ പ്രസ്താവനയാണ് നടത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയ പൊതു പ്രസ്താവന മറ്റ് രീതിയില്‍ ചിത്രീകരിച്ചതാണ്. അല്ലാതെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. ഈ വിവാദം ഇവിടെ അവസാനിക്കണം-  ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയെക്കുറിച്ച് 'ചെത്തുകാരന്റെ മകന്‍' എന്ന് കെ. സുധാകരന്‍ പറഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ജാതിവെറിയല്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്തിന് തന്നെ തള്ളിപ്പറഞ്ഞെന്ന് അറിയില്ലെന്നും വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെ. സുധാകരന്‍ എം.പിയും പ്രതികരിച്ചിരുന്നു.
ചെത്തുകാരന്‍ എന്ന പദപ്രയോഗം നടത്തിയതില്‍ തെറ്റില്ലെന്നും ഉയരങ്ങളിലെത്തുമ്പോള്‍ തൊഴിലാളിനേതാക്കള്‍ കഴിഞ്ഞകാലം മറക്കുന്നു എന്നാണ് താന്‍ അര്‍ഥമാക്കിയതെന്നും കെ. സുധാകരന്‍ വിശദീകരിച്ചിരുന്നു.

 

Latest News