റിയാദ് - സൗദി അറേബ്യയില്‍ കോവിഡ് ബാധിതനല്ലെന്ന് വ്യക്തമാക്കുന്ന എസ്.എം.എസ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലഭിച്ചു. ഇന്ന് (വെള്ളി) രാത്രി 11.59 വരെ സാധുതയുളള ഹെല്‍ത്ത് സ്റ്റാറ്റസാണ് എസ്.എം.എസ് വഴി അയച്ചിരിക്കുന്നത്. പേരും ഇഖാമ നമ്പറും സമയപരിധിയും വ്യക്തമാക്കുന്ന എസ്.എസ്.എസുകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള അനുമതിക്കായി കാണിക്കാം.
സര്‍ക്കാര്‍ ഓഫീസുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് തവക്കല്‍നാ ആപ് വഴിയുള്ള ഹെല്‍ത്ത് സ്റ്റാറ്റസ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ ആപ്ലിക്കേഷന്‍ നേരിട്ട സാങ്കേതിക തകരാറ് പരിഹരിക്കുന്നതുവരെയാണ് എസ്.എം.എസ് സംവിധാനം. തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തവക്കല്‍നാ, അബ്ശിര്‍ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്ക്കും അവരുടെ ആരോഗ്യനില വ്യക്തമാക്കുന്ന എസ്.എം.എസ് അയക്കുമെന്ന് തവക്കല്‍നാ ആപ്പ് അഡ്മിനിസ്ട്രേഷന് അറിയിച്ചിരുന്നു. ആപ്പില്‍ പ്രത്യക്ഷപ്പെട്ട സാങ്കേതിക തകരാറ് ശരിയാക്കുന്നത് വരെയാണിത്.
മുന്‍കരുതല്‍ നടപടികള്‍ ബാധകമാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന വകുപ്പുകള്‍ക്കുള്ള താല്ക്കാലികവും അംഗീകൃതവുമായ പോംവഴിയായിരിക്കും ഈ എസ്.എം.എസെന്ന് തവക്കല്‍നാ' ആപ്പ് അഡ്മിനിസ്ട്രേഷന് വ്യക്തമാക്കി.
സൗദിയില്‍ ചികിത്സയിലുള്ള കൊറോണ രോഗികളുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണം വര്‍ധിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സൗദിയില്‍ 303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നു രോഗികള്‍ മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 395 പേര് അടക്കം 2,162 പേര് ചികിത്സയിലാണ്. 297 രോഗികള്‍ അസുഖം ഭേദമായി ആശുപത്രികള്‍ വിട്ടു.
റിയാദ്-126, കിഴക്കന്‍ പ്രവിശ്യ-58, മക്ക-51, മദീന-21, അസീര്‍-11, ഹായില്‍-9, അല്‍ഖസീം-7, ഉത്തര അതിര്‍ത്തി പ്രവിശ്യ-5, നജ്റാന്-4, അല്‍ബാഹ-3, ജിസാന്‍-3, തബൂക്ക്-3, അല്‍ജൗഫ്-2 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം സൗദിയിലെ പ്രവിശ്യകളില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 54,851 പേര്‍ക്ക് പി.സി.ആര് പരിശോധനകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.