മലപ്പുറം-ഹഥ്‌റാസ് ബലാത്സംഗ കൊലയെ കുറിച്ച റിപ്പോർട്ട് ചെയ്യാൻ പോയതിന് അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നൽകണമെന്നും അദ്ദേഹത്തെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കാപ്പൻ കുടുംബാംഗങ്ങൾ ഒമ്പതിന് മലപ്പുറം കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യു.പി പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്ത് ജയിലിൽ അടച്ചിട്ട് നാലു മാസം കഴിഞ്ഞു. യു.എ.പി.എ ഉൾപ്പെടെ കടുത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ നടപടികൾ അനന്തമായി നീട്ടിവെക്കുന്ന അവസ്ഥയുണ്ട്. സിദ്ദീഖിന്റെ ഉമ്മ കദീജക്കുട്ടി അത്യന്തം അവശയായി കഴിയുകയാണ്. അവർ നിരന്തരം മകനെ അന്വേഷിക്കുന്നുണ്ട്. പത്രപ്രവർത്തക യൂനിയൻ നൽകിയ ഇടക്കാല ജാമ്യ അപേക്ഷയും ഫലം കണ്ടിട്ടില്ല. സിദ്ദീഖിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് യു.പി അധികൃതർ സുപ്രീം കോടതിയിൽ കേസ് നീട്ടിവെപ്പിക്കുന്നത്.
മലപ്പുറം കലക്ടറേറ്റിന് മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന പ്രതിഷേധ സംഗമം ഒമ്പതിന് രാവിലെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഐക്യദാർഢ്യ സമിതി ചെയർമാൻ എൻ.പി. ചെക്കുട്ടി, പത്രപ്രവർത്തക യൂനിയൻ ജില്ലാ സെക്രട്ടറി കെ.പി.എം. റിയാസ്, സമിതി വൈസ് ചെയർമാൻ കെ.എസ്. ഹരിഹരൻ, കൺവീനർ കെ.പി.ഒ. റഹ്മത്തുല്ല, ജോയന്റ് കൺവീനർ പി.എ.എം. ഹാരിസ്, മജീദ് കാപ്പൻ, മുസ്തഫ കാപ്പൻ എന്നിവർ പങ്കെടുത്തു.