Sorry, you need to enable JavaScript to visit this website.

തിരിച്ചടിച്ച് ഇന്ത്യ

കൊൽക്കത്ത- മഴയിൽ കുതിർന്ന ഈഡനിലെ പിച്ചിൽ തുടക്കത്തിൽ അടിതെറ്റിയ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ തിരിച്ചടിക്കുന്നു. ഒന്നാമിന്നിംഗ്‌സിൽ 122 റൺസിന്റെ ലീഡ് വഴങ്ങിയെങ്കിലും ഓപ്പണർമാരായ ശിഖർ ധവാനും (94) കെ.എൽ രാഹുലും (73 നോട്ടൗട്ട്) ചേർന്ന് രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യയുടെ നില ഭദ്രമാക്കി. നാലാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്ത ആതിഥേയർക്ക് 49 റൺസിന്റെ മുൻതൂക്കമുണ്ട്. രണ്ട് റൺസെടുത്ത ചേതേശ്വർ പൂജാരയാണ് രാഹുലിനൊപ്പം ക്രീസിൽ. നേരത്തെ രംഗണ ഹെരാത്തിന്റെ (67) ഉറച്ച ചെറുത്തുനിൽപ്പില്ലായിരുന്നെങ്കിൽ ലങ്കൻ ഇന്നിംഗ്‌സ് പെട്ടെന്ന് അവസാനിപ്പിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞേനെ. മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും നാല് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരം സമനിലയിലേക്കാണ് നീങ്ങുന്നതെങ്കിലും പിച്ച് ബൗളർമാരെ തുണയ്കുന്നതാകയാൽ ഫലം പ്രവചനാതീതമാണ്. 
ആറ് റൺസകലെ ധവാന് ഏഴാം ടെസ്റ്റ് സെഞ്ചുറി നഷ്ടമായതാണ് ഇന്ത്യക്ക് ഇന്നലെയുണ്ടായ നിരാശ. മഴയിൽ കുതിർന്ന ആദ്യ ദിവസങ്ങളിൽ അനുകൂല സാഹചര്യം മുതലാക്കിയ ലങ്കൻ ബൗളർമാർക്കുമുന്നിൽ പറ്റിയ വീഴ്ച മറികടക്കുന്നതായിരുന്നു ധവാന്റെയും രാഹുലിന്റെയും പ്രകടനം. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഇരുവരും 166 റൺസടിച്ചു. ഏകദിന ശൈലിയിൽ അടിച്ചുതകർത്ത ധവാൻ 116 പന്തിൽനിന്നാണ് 94 നേടിയത്. 11 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഇടങ്കയ്യൻ പായിച്ചു. പതിനൊന്നാമത് അർധസെഞ്ചുറി പൂർത്തിയാക്കിയ രാഹുൽ എട്ട് ബൗണ്ടറികളടിച്ചു. തെളിഞ്ഞ കാലാവസ്ഥയിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ആക്രമണകാരികളായതോടെ ലങ്കൻ ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിന് ബൗളർമാരെ മാറിമാറി പരീക്ഷിക്കേണ്ടിവന്നു. സ്റ്റംപെടുക്കുന്നതിനുമുമ്പ് ധവാൻ സെഞ്ചുറി കടക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ദാസുൻ ഷനക ദൽഹിക്കാരന്റെ മോഹം തച്ചുടച്ചത്. എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ ഡിക്‌വെല്ല പിടിച്ചു. പിന്നീട് രണ്ടോവർ കൂടി കഴിഞ്ഞപ്പോൾ വെളിച്ചക്കുറവുമൂലം കളി നിർത്തി. രാവിലെ നാലിന് 164 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയുടെ മധ്യനിര ഷമി തകർത്തെങ്കിലും ഹെരാത്ത് രക്ഷകനാവുകയായിരുന്നു. തലേദിവസം ക്രീസിലുണ്ടായിരുന്ന ചാന്ദിമലിനെയും (29), ഡിക്‌വെല്ലയെയും (35) ഷമി പുറത്താക്കി. അതിനിടെ ഷനകയെ ഭുവനേശ്വർ എൽ.ബിയിൽ കുടുക്കിയതോടെ സന്ദർശകർ ഏഴിന് 201 എന്ന നിലയിലേക്ക് തകർന്നു. എന്നാൽ ഹെരാത്ത് ഉറച്ചുനിന്നതാടോടെ അവർക്ക് ആയുസ്സ് നീട്ടിക്കിട്ടി. 105 പന്ത് നേരിട്ട ഹെരാത്ത് ഒമ്പത് ബൗണ്ടറികളുമടിച്ചു. ദിൽറുവാൻ പെരേരെ (5)യെ ഷമി പുറത്താക്കിയെങ്കിലും സുരാംഗ ലംക്മൽ (16), ഹെരാത്തിന് പിന്തുണ നൽകി. സ്‌കോർ 300 കടക്കുമെന്ന് തോന്നിയെങ്കിലും ഹെരാത്തിനെ ഭുവി, ഷമിയുടെ കൈകളിലെത്തിച്ചതോടെ ആ കൂട്ടുകെട്ട് തകർന്നു. ലക്മലിനെ ക്ലീൻ ബൗൾ ചെയ്തുകൊണ്ട് ഷമിയാണ് ലങ്കൻ ഇന്നിംഗ്‌സ് അവസാനിപ്പിക്കുന്നത്.

Latest News