ചെന്നൈ- ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിൽ ആദ്യ ഗോൾ കണ്ട ആവേശകരമായ മത്സരത്തിൽ എഫ്.സി ഗോവ 3-2ന് ചെന്നൈയിനെ തോൽപ്പിച്ചു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലായിരുന്നു ഗോവയുടെ മൂന്ന് ഗോളുകളും. രണ്ടാം പകുതിയിൽ ഉജ്വലമായി തിരിച്ചുവന്ന ആതിഥേയർ രണ്ട് ഗോൾ മടക്കിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.
26ാം മിനിറ്റിൽ കോറോ, 29 ാം മിനിറ്റിൽ ലാൻസറോട്ടി, 39ാം മിനിറ്റിൽ മന്ദർറാവു ദേശായി എന്നിവരാണ് ഗോവക്കുവേണ്ടി സ്‌കോർ ചെയ്തത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ കഠിന പരിശ്രമം നടത്തിയ ചെന്നൈയിന്റെ ആദ്യ ഗോൾ 70 ാം മിനിറ്റിൽ ഇനീഗോ കാൾഡറോണിന്റെ വകയായിരുന്നു. 84ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് റാഫേൽ അഗസ്റ്റോ രണ്ടാം ഗോൾ നേടി.
നാലാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ, കഥ മാറ്റിയെഴുതാൻ കഴിഞ്ഞ സീസണിൽ ഗോൾ മഴ ഒരുക്കിയ ഗോവയും ചെന്നൈയിനും തന്നെ വേണ്ടിവന്നു. ഇന്നലത്തേത്ത് ഗോളുകളുടെ സ്പാനിഷ് മസാലയായിരുന്നുവെന്നും പറയാം. ഗോവയുടെ ആദ്യ രണ്ടു ഗോളുകളും ചെന്നൈയുടെ ആദ്യ ഗോളും നേടിയത് സ്പാനിഷ് താരങ്ങളായിരുന്നു. രണ്ടാം ഗോൾ ബ്രസീൽ താരവും.
നിരവധി പുതുമുഖങ്ങളുമായി ആദ്യ മത്സരത്തിനിറങ്ങിയ ഗോവയുടെ ഗോൾവല ക്യാപ്റ്റൻ ലക്ഷ്മികാന്ത് കട്ടിമണി കാത്തു. ഗോവ 4-3-2-1 ശൈലിയിലും, ചെന്നൈയിൻ 5-3-2 ഫോർമേഷനിലും ആയിരുന്നു കളിക്കാരെ വിന്യസിച്ചത്. 2015 ലെ ഫൈനലിസ്റ്റുകൾ തമ്മിലുള്ള പോരാട്ടത്തിന്റെ തുടക്കം ചെന്നൈയുടെ ആക്രമണത്തോടെയായിരുന്നു.
15 ാം മിനിറ്റിൽ ചെന്നൈയിനു ആദ്യ കോർണർ. ഗോവൻ ഡിഫന്റർ സെറിട്ടൻ ഹെഡ്ഡ് ചെയ്ത് അപകടം ഒഴിവാക്കി. 19 ാം മിനിറ്റിൽ ചെന്നൈയിന്റെ ബോക്സിനു മുന്നിലേക്ക് വന്ന ഫെറാൻ കോമോമിനാസിന്റെ പാസിൽനിന്ന് ബ്രാണ്ടൻ ഫെർണാണ്ടസ് പായിച്ച ഷോട്ട് ബാറിനു മുകളിലൂടെ അകന്നു.
ആദ്യം പിന്നോക്കം പോയെങ്കിലും കളിയുടെ താളം പിടിച്ചെടുത്ത ഗോവ ഈ സീസണിലെ ആദ്യ ഗോൾ വലയിലെത്തിച്ചു. സ്പാനിഷ് സ്‌ട്രൈക്കർ ഫെറാൻ കോറിമിനാസ് എന്ന കോറോയുടെ ബൂട്ടിൽ നിന്ന്. ബ്രണ്ടൻ ഫെർണാണ്ടസിന്റെ പാസിൽ രണ്ടു ഡിഫെൻഡർമാരെയും ചെന്നൈയിൻ ഗോളിയെയും മറികടന്ന് കോറോ വലയിലേക്കു പന്ത് പ്ലേസ് ചെയ്തു. ഐ.എസ്.എല്ലിലെ 461 ാം ഗോളായിരുന്നു അത്.
ആദ്യ ഗോളിന്റെ ആരവമടങ്ങുംമുമ്പ് ഗോവ രണ്ടാം ഗോളും നേടി. 29 ാം മിനിറ്റിൽ സെന്റർ സർക്കിളിനു സമീപത്തുനിന്ന് വന്ന ലോംഗ് പാസിൽനിന്നുള്ള സെറിട്ടൺ ഫെർണാണ്ടസിന്റെ ആദ്യ ശ്രമം ചെന്നൈയിൻ ഡിഫൻഡർ തടഞ്ഞു.
റീബോണ്ടിൽ പന്ത് കിട്ടിയ മന്ദർ റാവു ദേശായിയുടെ ഷോട്ട് ചെന്നൈയിൻ ഗോളി തടഞ്ഞു. വീണ്ടും റീബൗണ്ടായ പന്ത് മാനുവൽ ലാൻസറോട്ടി ബൂട്ടിന്റെ അടിഭാഗം കൊണ്ട് ഗോളി കരൺജിത്തിന്റെ തലയ്ക്കു മുകളിലൂടെ ഉയർത്തിവിട്ടത് ക്രോസ്ബാറിൽ ഉരുമ്മി വലയിലേക്ക് (2-0).
ഗോൾ മടക്കാൻ സെറീനോ, ബോഡോ, റാഫേൽ അഗസ്റ്റോ എന്നിവരിലൂടെ നടത്തിയ ചെന്നൈയിൻ ആവസത് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടയിലാണ് ഗാലറിയെ ഞെട്ടിച്ചുകൊണ്ട് ഗോവയുടെ മൂന്നാം ഗോൾ. ചെന്നൈ പ്രതിരോധനിരയെ കീറിമുറിച്ച് വലതു വിംഗിലൂടെ കുതിച്ച ലാൻസറോട്ടി നൽകിയ പാസിൽനിന്ന് മന്ദർറാവു ദേശായി അനായാസം പായിച്ച ഷോട്ട് കരൺജിത്തിന്റെ ഗ്ലൗസിൽ തഴുകി മെല്ലെ അകത്തേക്ക് (3-0). ഐ.എസ്.എൽ നാലാം സീസണിൽ ഗോൾ നേടിയ ആദ്യ ഇന്ത്യക്കാരനായി അങ്ങനെ മന്ദർറാവു.
42 ാം മിനിറ്റിൽ ഗോവയ്ക്കു വീണ്ടും അവസരം. ഗോളി കരൺജിത് നടത്തിയ ടാക്ലിംഗിന് പിഴയായി ബോക്സിനു തൊട്ടുമുന്നിൽ കിട്ടിയ ഫ്രീ കിക്ക് എടുത്ത ബ്രാണ്ടൻ ഫെർണാണ്ടസിന് പിഴച്ചു. ഷോട്ട് ബാറിനു മുകളിലൂടെ അകന്നു. കരൺജിതിന് മഞ്ഞക്കാർഡും ലഭിച്ചു.
രണ്ടാം പകുതിയിൽ ചെന്നൈ രണ്ടു മാറ്റങ്ങൾ വരുത്തിയേങ്കിലും ഭാഗ്യം അവർക്കൊപ്പം കളിക്കളത്തിലേക്കു വന്നില്ല. ആദ്യ രണ്ടു മിനിറ്റിൽ രണ്ടു തുറന്ന അവസരങ്ങൾ. പകരക്കാരൻ വിക്രംജിത്തിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കയറിയ ജെജെയുടെ ഷോട്ട് ഗോവ ഗോളി പൊസിഷൻ തെറ്റി നിൽക്കെ പോസ്റ്റൽ തട്ടിയകന്നു. സെക്കന്റുകൾക്കുള്ളിൽ വീണ്ടും അവസരം. ഇത്തവണ ഗോവയുടെ പ്രതിരോധനിരക്കാരന്റെ കാലുകളിൽ നിന്നും പന്ത് പിടിച്ചെടുത്ത ജെജെ ഗോളി കട്ടിമണിപോലും ഇല്ലാതെ നിന്ന ഗോൾ മുഖത്തേക്ക് പായിച്ച ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് അവിശ്വസനീയമായിരുന്നു.
ചെന്നൈയിൽ കാത്തുകാത്തിരുന്ന ഗോൾ ഫ്രീ കിക്കികൽനിന്നായിരുന്നു. ജെറിയെ ഫൗൾ ചെയ്തതിനു പെനാൽട്ടി ബോക്സിനു തൊട്ടു മുന്നിൽ കിട്ടിയ ഫ്രീ കിക്ക് കാൾഡറോൺ ഗോളാക്കി. പിന്നെയും 14 മിനിറ്റിനുശേഷമാണ് ആതിഥേയർ പെനാർറ്റിയിലൂടെ രണ്ടാം ഗോൾ നേടുന്നത്. രണ്ടാം ഗോൾ നേരിടശേഷം സമനിലക്കായി ചെന്നൈയിൻ കൊണ്ടുപിടിച്ചെങ്കിലും ഫലമുണ്ടായില്ല.