Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.സി. ജോർജിനെ വിമർശിച്ച് ഓർത്തഡോക്‌സ് സഭ

കോട്ടയം- സഭാ തർക്കത്തിന്റെ പശ്ചാത്തലത്തിൽ പി.സി. ജോർജ് എം.എൽ.എ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഓർത്തഡോക്‌സ് സഭ ആരോപിച്ചു. സഭാ തർക്കത്തിൽ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് പാത്രിയർക്കീസ് വിഭാഗം നടത്തുന്ന സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പി.സി. ജോർജ് എം.എൽ.എ നടത്തിയ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുളളതാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ എപ്പിസ്‌കോപൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത. 


ഇന്ത്യൻ ഭരണഘടനക്ക് കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ഒരു ജനപ്രതിനിധി രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സംസാരിച്ചത് നിയമ ലംഘനമാണ്. പാത്രിയർക്കീസ് വിഭാഗം നേരിടുന്നത് അന്യായമായ വിധിയാണെന്നു പ്രസ്താവിക്കാൻ പി.സി. ജോർജിനെ പ്രേരിപ്പിച്ചത് എന്ത് സംഗതിയാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു വിഭാഗത്തെയും വിശദമായി കേട്ടതിന് ശേഷം രാജ്യത്തെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരസ്യമായി തെരുവിൽ വിമർശിക്കുന്നത് നിയമസഭാംഗത്തിന് ചേരുന്ന പ്രവൃത്തിയല്ല. വാസ്തവ വിരുദ്ധമായ കണക്കുകൾ നിരത്തി വോട്ട് ശക്തിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നിയമം അനുസരിക്കാത്ത ആളുകളെ വീണ്ടും നിയമ നിഷേധത്തിന് പ്രേരിപ്പിക്കുന്ന രീതി തികച്ചും അപലപനീയമാണ്. കോടതിയിൽ നിന്നും പാത്രിയർക്കീസ് വിഭാഗത്തിന് നീതി ലഭിക്കുന്നില്ല എന്നു പറയുന്നവർ കോടതി വിധികൾ അവർക്ക് എതിരായി വരുന്നതിന്റെ കാരണം ഇതുവരെ പരിശോധിക്കാൻ ശ്രമിക്കാത്തത് ഖേദകരമാണ്. കീഴ്കോടതി മുതൽ സുപ്രീം കോടതി വരെ 35 ൽപരം ന്യായാധിപന്മാർ പരിഗണിച്ച് തീർപ്പ് കൽപിച്ചിട്ടുളള വിഷയമാണ് ഇപ്പോൾ സഭക്ക് മുന്നിൽ ഉളളത്. 
കേസുകൾ കൊടുക്കുകയും വിധികൾ വരുമ്പോൾ അനുസരിക്കാതെ ഇരിക്കുകയും ചെയ്യുന്ന പ്രവണതയാണ് പാത്രിയർക്കീസ് വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് കണ്ടുവരുന്നത്. ഇതിനെ ജനപ്രതിനിധികളും മറ്റു രാഷ്ട്രീയ നേതാക്കളും പിന്തുണക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന പ്രക്രിയയുടെ ഭാഗമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും മാർ ദീയസ്‌കോറോസ് കൂട്ടിച്ചേർത്തു.

Latest News