ദീർഘവീക്ഷണവും പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകളെ ഉപയോഗിക്കാനുള്ള ശേഷിയും ഭരണ കർത്താക്കൾക്കുണ്ടാവുമ്പോൾ ആ രാജ്യം പുരോഗതിയുടെ പാതയിലേക്കു സഞ്ചരിക്കും. ലോകം ഇന്നുവരെ കണ്ടിട്ടുള്ള പ്രതിഭാസമാണത്. സാമ്പത്തികമായും ശാസ്ത്രീയമായും സാങ്കേതികമായുമെല്ലാം ഏതൊരു രാജ്യം വികസിച്ചിട്ടുണ്ടോ അവിടെയെല്ലാം ഇതു കാണാനാവും. ലോക ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ വളർച്ചക്കു പിന്നിലും ഇന്നും അമേരിക്കയെ നയിച്ചുകൊണ്ടിരിക്കുന്നതും ഇത്തരമൊരു കാഴ്ചപ്പാടാണ്. ഇക്കാര്യത്തിൽ ദേശീയതയുടെയും മതത്തിന്റെയും വംശീയതയുടെയുമെല്ലാം പേരിൽ സൃഷ്ടിക്കപ്പെടുന്ന അതിർവരമ്പുകളും വിദ്വേഷവുമെല്ലാം നഷ്ടമാവും സമ്മാനിക്കുകയെന്ന തിരിച്ചറിവുണ്ടാവുകയെന്നതാണ് ഏതൊരു ഭരണ കർത്താവിന്റെയും വിജയം. അതിന്റെ തിക്തഫലങ്ങൾ ആ രാഷ്ട്രവും പൗരന്മാരുമാവും അനുഭവിക്കുക. ലോകത്തിന്റെ ഏതു കോണിൽനിന്നുള്ളവരായാലും ഏതു വിഭാഗത്തിൽ പെട്ടവരായിരുന്നാലും പ്രതിഭാധനരാണോ അവരെ സ്വന്തമാക്കാനും ആകർഷിക്കാനുമുള്ള പരിശ്രമം നടത്തുന്നവർ വിജയിക്കും. അത്തരം രാജ്യങ്ങളിൽ വികസനം ശരവേഗത്തിലുണ്ടാവുകയും ചെയ്യും. ആധുനിക യുഗത്തിൽ ഈ കാഴ്ചപ്പാട് ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെടുന്ന രാജ്യമാണ് യു.എ.ഇ. അവരുടെ വളർച്ചക്കു പിന്നിൽ ആരെയും സ്വീകരിക്കാനുള്ള ഇഛാശക്തിയും വിശാല മനസ്‌കതയുമാണ്. രാജ്യത്തിന്റെ മാത്രമല്ല, സ്വദേശികളുടെ വളർച്ചക്കു പോലും അതു അനിവാര്യമാണെന്നു കണ്ട് യു.എ.ഇ ഇന്നും അതേ പന്ഥാവിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്ക് പൗരത്വം നൽകുമെന്ന യു.എ.ഇയുടെ പ്രഖ്യാപനത്തിനു പിന്നിലെ പ്രേരകം ഇതല്ലാതെ മറ്റൊന്നുമല്ല.
പത്ത് വർഷത്തെ ഗോൾഡൻ വിസക്കും അഞ്ച് വർഷത്തെ റിട്ടയർമെന്റ് വിസക്കും പിന്നാലെയാണ് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സംരംഭകർ, ഡോക്ടർമാർ, കലാകാരൻമാർ, എൻജിനീയർമാർ തുടങ്ങിയവർക്ക് പൗരത്വം നൽകാൻ യു.എ.ഇ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിയമ ഭേദഗതി കൊണ്ടുവരുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് ലോകത്തെ അറിയിച്ചത്. ഏതു രാജ്യത്തെ പൗരനായാലും അവന്റെ സ്വന്തം രാജ്യത്തെ പൗരത്വം നഷ്ടപ്പെടാതെ തന്നെയായിരിക്കും യു.എ.ഇ പൗരത്വം നൽകുകയെന്നതും സവിശേഷതയാണ്. യു.എ.ഇ മന്ത്രിസഭ, എമിറേറ്റ് ഭരണാധികാരികളുടെ കോടതികൾ, എക്‌സിക്യൂട്ടീവ് കൗൺസിലുകൾ എന്നിവർക്കാണ് പൗരത്വത്തിന് യോഗ്യരായവരെ നിർദേശിക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. ഇതു കാണിക്കുന്നതും സൂക്ഷ്മതയാണ്. വാണിജ്യകാര്യ മന്ത്രാലയത്തന്റെ പേറ്റന്റ് നേടിയ കണ്ടുപിടിത്തങ്ങൾ നടത്തിയവർ, സംരംഭകർ, ഏതെങ്കിലും ശാസ്ത്ര മേഖലയിൽ സ്‌പെഷ്യലൈസ് ചെയ്ത പത്തു വർഷത്തെ സേവന പരിചയമുള്ള ഡോക്ടർമാർ, അന്താരാഷ്ട്ര അവാർഡോ ഗവേഷണ ഗ്രാന്റോ നേടിയ ശാസ്ത്രജ്ഞർ, സാമ്പത്തിക, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ കലാപ്രതിഭകൾ തുടങ്ങിവരെയായിരിക്കും പൗരത്വത്തിനായി പരിഗണിക്കപ്പെടുക. ഒരു രാജ്യത്തിന്റെ വളർച്ചക്കു വേണ്ടുന്ന ഘടകങ്ങൾ ഈ മേഖലകളിൽനിന്നുമാണെന്ന തിരിച്ചറിവാണ് അത്തരക്കാരെ രാജ്യത്തേക്ക് ആകർഷിക്കാനും അവർക്കു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനും യു.എ.ഇയെ പ്രേരിപ്പിച്ചിട്ടുള്ളത്.
യു.എ.ഇയെ ലോകത്തിലെ ഏറ്റവും പുരോഗമന രാജ്യങ്ങളിലൊന്നായി മാറ്റാൻ ഈ നീക്കം സഹായിക്കുമെന്നതിൽ ഒരു തർക്കവുമില്ല. ഇതുവരെയുള്ള രാജ്യത്തിന്റെ വികസനത്തിൽ ഇത്തരക്കാരുടെ പങ്ക് നന്നായി തിരിച്ചറിഞ്ഞിട്ടുള്ള രാജ്യമാണ് യു.എ.ഇ. ഇനിയും മുന്നോട്ടു പോകണമെങ്കിൽ ഇവരുടെ സാന്നിധ്യം കൂടുതൽ ഉണ്ടാവേണ്ടതുണ്ടെന്ന രാജ്യത്തിന്റെ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടാണ് ഇവിടെ പ്രതിഫലിക്കുന്നത്. ദീർഘകാലമായി കഠിനാധ്വാനത്തിലൂടെയും വിശ്രമ രഹിത പരിശ്രമത്തിലൂടെയും രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളായവർക്കും സ്വന്തം കഴിവുകളാൽ സമ്പന്നമായവർക്ക് അതു തെളിയിക്കപ്പെടുന്നതിന് പുതിയ മേച്ചിൽപുറങ്ങൾ തേടിക്കൊണ്ടിരിക്കുന്നവർക്കും സഹായകമാണ് യു.എ.ഇയുടെ ഇരട്ട പൗരത്വ തീരുമാനം. മികച്ച അവസരങ്ങളുടെയും സാധ്യതകളുടെയും നാടാണ് യു.എ.ഇ. അതിനുള്ള വഴി തുറന്നു കിട്ടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കൂടുതൽ പ്രതിഭകൾ രാജ്യത്തേക്ക് ആകർഷിക്കപ്പെടും. നിക്ഷേപങ്ങളും രാജ്യത്തേക്ക് ഒഴുകിയെത്തും. അപ്പോൾ വികസനത്തിന്റെ പുതിയൊരു അധ്യായത്തിനാവും രാജ്യം സാക്ഷ്യം വഹിക്കുക.
അമേരിക്കയുടെ ഇന്നു കാണുന്ന വളർച്ചക്കു പിന്നിൽ വർഷങ്ങൾക്കു മുമ്പേ അവർ സ്വീകരിച്ച ഇതേ നിലപാടാണെന്നത് ആർക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഇന്നും അതേ നിലപാട് തുടരുന്നതിൽ പുതിയ ഭരണ കർത്താക്കളും വിമുഖരല്ലെന്നു തെളിയിക്കുന്നതാണ് അമേരിക്കയുടെ നാൽപത്താറാമത് പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡന്റെ നിലപാട്. ഇന്ത്യക്കരായ നാം ഓരോരുത്തർക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും തുടർന്നുള്ള നടപടികളും. കമല ഹാരിസിലൂടെ ഇന്ത്യൻ വംശജ ഇതാദ്യമായി അമേരിക്കൻ വൈസ് പ്രസിഡന്റായതിൽ മാത്രമല്ല, ബൈഡന്റെ കാബിനറ്റിൽ സുപ്രധാന വകുപ്പുകളുടെ ചുമതലക്കാരായി 20 ഇന്ത്യൻ വംശജർ നിയമിതരായിരിക്കുന്നുവെന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാവുന്നതാണ്. തങ്ങളുടെ പ്രവർത്തന മേഖലകളിൽ അവർ കാഴ്ചവെച്ച മിടുക്കും സാമർഥ്യവുമാണ് അവരെയെല്ലാം ഈ സ്ഥാനങ്ങളിലെത്തിച്ചത്. അത്തരക്കാർ ഏതു രാജ്യക്കാരോ വംശജരോ ആയിക്കൊള്ളട്ടെ, അവരെ അംഗീകരിക്കുകയെന്ന അമേരിക്കയുടെ വിശാല കാഴ്ചപ്പാടു കൂടിയാണ് ഇതു വ്യക്തമാക്കുന്നത്. അമേരിക്കയിൽ 31 കോടി ജനങ്ങളുണ്ടായിട്ടും ഒരു ശതമാനം മാത്രമുള്ള ഇന്ത്യൻ വംശജരെയും ഇതര രാജ്യങ്ങളിൽനിന്ന് കുടിയേറിവരെയും മർമപ്രധാന സ്ഥാനങ്ങളിൽ നിയമിച്ചത് അവരുടെ യോഗ്യത മാത്രം മാനദണ്ഡമാക്കിയാണ്. യു.എ.ഇയുടെയും മർമപ്രധാന സ്ഥാനങ്ങളിൽ നിരവധി ഇന്ത്യക്കാരുണ്ട്. പ്രതിഭാധനൻമാർക്കു മുന്നിൽ അന്ധമായ ദേശീയതും വംശീയതയുമെല്ലാം വഴിമാറുമെന്നതിനു തെളിവാണ് ഇതെല്ലാം കാണിക്കുന്നത്.
ഇത്തരമൊരു കാഴ്ചപ്പാട് ഭരണകർത്താക്കൾക്കു മാത്രമല്ല, പൗരന്മാർക്കും ഉണ്ടാവാത്തിടത്തോളം അനാവശ്യ വിവാദങ്ങളും അതിരുവിട്ട പ്രവർത്തനങ്ങളും നടമാടിക്കൊണ്ടിരിക്കും. അതിനു തടയിടാത്തിടത്തോളം ഒരു രാജ്യത്തിനും ഇനിയുള്ള കാലം മുന്നോട്ടു പോവുക പ്രയാസകരമായിരിക്കും. ജാതിക്കും മതത്തിനും വംശീയതക്കുമെല്ലാമപ്പുറം ഏതൊരാൾക്കും ഉണ്ടാവേണ്ടത് എല്ലാവരും മനുഷ്യരാണെന്ന കാഴ്ചപ്പാടും കഴിവുള്ളവരെ അംഗീകരിക്കാനുള്ള വിശാല മനസ്സുമാണ്. അതുണ്ടായാൽ സമാധാനവും സമ്പൽസമൃദ്ധിയും എവിടെയും താനേയുണ്ടാവും.