റിയാദ് - കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം നൂറുകണക്കിന് മലയാളികളെ ആശങ്കയിലാക്കി. നേരിട്ടും വിദൂര രീതിയിലും ധാരാളം മലയാളികള്‍ ജോലി നോക്കുന്ന ഈ മേഖലയില്‍
20,000 സ്വദേശികള്‍ തൊഴില്‍ കണ്ടെത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങിയവരും ഈ മേഖലയില്‍ തുടുരന്നുണ്ട്. സൗദിയില്‍ സ്വകാര്യ മേഖലയില്‍ വിദൂര രീതിയില്‍ ജോലി ചെയ്യുന്ന 43,000 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തില്‍ പകുതിയോളം പേര്‍ കസ്റ്റമര്‍ സര്‍വീസ് മേഖലയിലാണ് ജോലി ചെയ്യുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിദൂര രീതിയിലുള്ള തൊഴില്‍ ശൈലി കമ്പനികള്‍ കൂടുതലായി അവലംബിച്ചു തുടങ്ങിയത്.
വിദൂര രീതിയില്‍ ഉപഭോക്തൃ സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ട തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ദിവസങ്ങള്‍ക്കു മുമ്പ് ഉത്തരവിട്ടിരുന്നു. നേരിട്ട് തൊഴില്‍ കരാറുകള്‍ ഒപ്പുവെച്ചോ ഔട്ട്‌സോഴ്‌സിംഗ് വഴിയോ നിര്‍വഹിക്കുന്ന, ഡിസ്റ്റന്‍സ് രീതിയിലുള്ള കസ്റ്റമര്‍ സര്‍വീസ് തൊഴിലുകള്‍ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. ഡിസ്റ്റന്‍സ് രീതിയില്‍ കസ്റ്റമര്‍ സര്‍വീസ് നല്‍കുന്ന കോള്‍സെന്ററുകളിലെ മുഴുവന്‍ തൊഴിലുകള്‍ക്കും സൗദിവല്‍ക്കരണ തീരുമാനം ബാധകമാണ്. ടെലിഫോണ്‍, ഇ-മെയില്‍, ചാറ്റിംഗ്, സാമൂഹികമാധ്യമങ്ങള്‍, ഇന്ററാക്ടീവ് അടക്കമുള്ള സംവിധാനങ്ങളില്‍ ഡിസ്റ്റന്‍സ് രീതിയില്‍ കസ്റ്റമര്‍ സര്‍വീസ് നല്‍കുന്ന തൊഴിലുകളെല്ലാം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.