ന്യൂദൽഹി- പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങിനെയൊരു പാർലമെന്റ് എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. കർഷക പ്രതിഷേധത്തെക്കുറിച്ചോ ചൈനയെക്കുറിച്ചോ പാർലമെന്റിൽ എം.പിമാരെ സംസാരിക്കാൻ അനുവദിക്കാത്ത നടപടിയെയാണ് ശശി തരൂർ കടുത്ത ഭാഷയിൽ വിമർശിച്ചത്.
പാർലമെന്റ് എന്തിനുവേണ്ടിയാണെന്നാണ് സർക്കാർ കരുതുന്നത്? ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ അവരുടെ കൂട്ടായ വീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഘടനയാണ് ഇത്. കഴിഞ്ഞ സെഷനിൽ ചൈനയെയും ഇപ്പോൾ കർഷകരെയും കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിസമ്മതിച്ചു. പ്രവർത്തിക്കാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനൊരു പാർലമെന്റ് എന്നും തരൂർ ചോദിച്ചു.